Image: Meta AI
കൃത്യമായ ഡയറ്റും, കഠിനമായ വ്യായമവുമായി മുന്നോട്ട് പോകുമ്പോൾ പെട്ടന്ന് ദേഷ്യം വരാറുണ്ടോ? ഡയറ്റ് എല്ലാം അവസാനിപ്പിച്ച് ഒരുപാട് ഭക്ഷണം കഴിക്കാറുണ്ടോ? ഇനി ഭക്ഷണം കഴിച്ചാലോ, താങ്ങാനാവാത്ത കുറ്റബോധം തോന്നാറുണ്ടോ? എങ്കിൽ അത് ഭക്ഷണ സംബന്ധമായ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നം ആണ്. പേര് ബുലിമിയ നെർവോസ. ഈ പേര് അത്ര പരിചയം ഇല്ലാത്തവർക്ക് പോലും ഈ അവസ്ഥ പരിചയം ഉണ്ടാവും. ഒരു കാര്യം തുടക്കത്തിലേ പറയട്ടെ, ഡയറ്റ് എടുക്കുമ്പോൾ നമുക്ക് എല്ലാം ചില കൊതികൾ വരുന്നതും, ഇഷ്ടം ഉള്ള സാധനങ്ങൾ കഴിക്കുന്നതും ചീറ്റ് ഡേ എടുക്കുന്നതും ഒക്കെ സാധാരണമാണ്, സ്വഭാവികമാണ്. അതല്ല കേട്ടോ ബുലീമിയ നേർവോസ. ഇത് കുറച്ചുകൂടി സീരിയസ് ആണ്. ശ്രദ്ധിച്ചില്ലെങ്കിൽ മരണ കാരണമായേക്കാം.
Image Credit: Gemini
ഇതിന്‍റെ പ്രധാന ലക്ഷണം, ഒറ്റയിരിപ്പിൽ ഒരുപാട് ഭക്ഷണം കഴിക്കൽ ആണ്. അതായത് ഭക്ഷണത്തിനു മേൽ ഒരു നിയന്ത്രണവും ഉണ്ടാവില്ല. കഴിച്ചു കഴിഞ്ഞാൽ എന്തെങ്കിലും സമാധാനവും സന്തോഷവും കിട്ടുമോ? അതുമില്ല. പകരം പകരം വലിയ കുറ്റബോധവും ദേഷ്യവും സങ്കടവും ആത്മവിശ്വാസക്കുറവും ഒക്കെ വരും. എന്നിട്ടോ? ഈ കഴിച്ച വസ്തു എങ്ങനെ എങ്കിലും പുറന്തള്ളാൻ ആകും ശ്രമം. അതിനായി പല മാർഗങ്ങൾ നോക്കും. അതായത് വായിൽ വിരലിട്ട് ഛർദിക്കുക, പട്ടിണി കിടക്കുക, അർധ രാത്രി എഴുന്നേറ്റ് വ്യായാമം ചെയ്യുക അങ്ങനെ ഒക്കെ. ഒപ്പം തീവ്രമായ ഉത്കണ്ഠ , വിഷാദം, എന്തിന് ആത്മഹത്യാ പ്രവണത വരെ ഉണ്ടാവും. അസുഖം തീവ്രമായാൽ ഹൃദയം, കുടൽ, പല്ല്, അന്നനാളം തുടങ്ങിയ അവയവങ്ങളെ എല്ലാം ബാധിക്കാം. ഏത് പ്രായത്തിലും ഈ അവസ്ഥ ഉണ്ടാവാം.
പക്ഷെ പേടിക്കേണ്ടതില്ല. കൃത്യമായ ചികില്‍സ നൽകിയാൽ രോഗമുക്തി സാധ്യമാണ്. ആദ്യം ഒരു ശാരീരിക പരിശോധനക്ക് വിധേയമാവുക. ആ ഡോക്ടർ പറയുന്നത് അനുസരിച്ചു മാനസികാരോഗ്യവിദഗ്ധന്‍റെയോ മനശാസ്ത്രജ്ഞന്‍റെയോ സഹായം തേടണം. അവർ തരുന്ന മരുന്നുകൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഒപ്പം ഡയറ്റീഷ്യനെ കണ്ടു ഭക്ഷണം ക്രമീകരിക്കണം.കൃത്യമായ വ്യായാമം ചെയ്തു മുന്നോട്ട് പോകുക. ഏതൊരു രോഗവും പോലെ ഈ അവസ്ഥക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചേർത്ത് നിർത്തൽ ആവശ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളോ, നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും ബുലീമിയ നേർവോസ എന്ന അവസ്ഥസയിലൂടെ കടന്നു പോകുന്നു എങ്കിൽ തുറന്നു സംസാരിക്കുക, വിദഗ്ദ സഹായം തേടുക മുന്നോട്ട് പോകുക.
ഒരു കാര്യം കൂടി ഓർക്കുക, ഏത് ഡയറ്റ് തിരഞ്ഞെടുത്താലും അത് ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന, എല്ലാ പോഷണങ്ങളും ഉൾക്കൊള്ളുന്ന, ദീർഘകാലം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നത് ആണെന്ന്.