AI generated image

AI generated image

തിരക്കേറിയ ജീവിതത്തില്‍ പ്രോട്ടീന്‍ പൗഡര്‍ പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത 'ആഹാര'മായി മാറിക്കഴിഞ്ഞു. പേശികളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ ക്ഷമത നിലനിര്‍ത്തുന്നതിനുമായി കണ്ണുമടച്ച് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ദിവസേനെ വര്‍ധിക്കുകയുമാണ്. ആവശ്യക്കാരേറിയതോടെ വിപണിയിലേക്കെത്തുന്ന പ്രോട്ടീന്‍ പൗഡറിന്‍റെ അളവിലും വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. വിപണിയില്‍ വിറ്റഴിയുന്ന പല പ്രോട്ടീന്‍ പൗഡറുകളിലും വലിയ അളവില്‍ ലെഡും കാഡ്മിയവും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സസ്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പ്രോട്ടിന്‍ പൗഡറുകളിലും, ഓര്‍ഗാനിക് പ്രോട്ടീന്‍ പൗഡറുകളിലും ചോക്കലേറ്റ് ഫ്ലേവേര്‍ഡ് പ്രോട്ടീന്‍ പൗഡറുകളിലുമാണ് അപകടകരമായ അളവില്‍ ലെഡും കാഡ്മിയവും കണ്ടെത്തിയത്. 

boy-drinking-protein

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ സാധാരണ ഉല്‍പ്പന്നങ്ങളെക്കാള്‍ ഇരട്ടി അളവിലാണ് ഇവയില്‍ വിഷവസ്തുക്കള്‍ ഉള്‍പ്പെടാനുള്ള സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 'ക്ലീന്‍ ലേബല്‍ പ്രൊജക്ട്' ഈ മാസം ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. 

സസ്യങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന 77 ശതമാനം പ്രോട്ടീന്‍ പൗഡറുകളിലും 79 ശതമാനം ഓര്‍ഗാനിക് പ്രോട്ടീന്‍ പൗഡറുകളിലും 69 ശതമാനം ചോക്കലേറ്റ് പ്രോട്ടീന്‍ പൗഡറുകളിലും അപകടകരമായ അളവില്‍ ലെഡും കാഡ്മിയവും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിപണിയിലുള്ള 160 പ്രോട്ടീന്‍ പൗഡറുകളില്‍ നിന്നും മുന്തിയ 70 ബ്രാന്‍ഡുകളെടുത്താണ്  പഠനം നടത്തിയത്. പ്രോട്ടീന്‍ പൗഡര്‍ വിപണിയുടെ 83 ശതമാനത്തോളം വരുമിത്. 

chocolate-protein

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

പാലുല്‍പ്പന്നങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന പ്രോട്ടീന്‍ പൗഡറുകളെ അപേക്ഷിച്ച് അരി, പയറു വര്‍ഗങ്ങള്‍, സോയ എന്നിവയില്‍ നിന്നുണ്ടാക്കുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ മൂന്നിരട്ടിയോളം ലെഡിന്‍റെ അംശമുള്ളതായി കണ്ടെത്തി. സസ്യങ്ങള്‍ മൂലകങ്ങളെ വളരെ വേഗത്തില്‍ വലിച്ചെടുക്കുന്നതിനാലും ഖനി പ്രദേശങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതിനടുത്തെ കൃഷിയിടങ്ങള്‍, കളനാശിനികള്‍– അണുനാശിനികള്‍ എന്നിവ പ്രയോഗിക്കപ്പെടുന്ന ഭൂമിയില്‍ വളരുന്നതിനാലുമാകാം വിഷവസ്തുക്കള്‍ ഇത്രയധികം ഉള്ളിലെത്തുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമാണെന്ന് കമ്പനികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ദീര്‍ഘകാലം ഉയര്‍ന്ന അളവില്‍ ഇവ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ചോക്കലേറ്റിന്‍റെ രുചിക്ക് പകരം വയ്ക്കാനൊന്നുമില്ലാത്തത് കൊണ്ടുതന്നെ പ്രോട്ടീന്‍ പൗഡറിനും ആവശ്യക്കാരേറെയാണ്. വനില ചേര്‍ന്ന പ്രോട്ടീന്‍ പൗഡറുകളെക്കാള്‍ ചോക്കലേറ്റ് ചേര്‍ന്ന പ്രോട്ടീന്‍ പൗഡറുകളില്‍ നാല് മടങ്ങുമുതല്‍ 110 മടങ്ങുവരെ ലെഡ് ഉണ്ടാകാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജാക്​ലിന്‍ ബവന്‍ പറയുന്നു. ഉയര്‍ന്ന അളവില്‍ ഫ്ലവനോയിഡുകളും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളുമുള്ള വൈറ്റ് ചോക്കലേറ്റ്,  ഡാര്‍ക്ക് ചോക്കലേറ്റ്, കൊക്കോ എന്നിവയിലും ഉയര്‍ന്ന അളവില്‍ വിഷവസ്തുക്കള്‍ കണ്ടെത്തി. ചോക്കലേറ്റ് പ്രോട്ടീന്‍ പൗഡറുകളില്‍ കൃത്രിമ മധുരവും മറ്റ് കൃത്രിമ രുചികളും ചേര്‍ക്കുന്നുണ്ടാകാമെന്നും ഇത് കഴിക്കുന്നതോടെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കാന്‍ സാധ്യത കുറവാണെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. 

ലെഡും കാഡ്മിയവും ശരീരത്തില്‍ കടന്നാലെന്ത് സംഭവിക്കും?

കഴിക്കുന്ന ഭക്ഷണമാണ് പലതരം അര്‍ബുദങ്ങളുടെയും മൂലകാരണമെന്ന് പല പഠനങ്ങളും പറയുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ ഉയര്‍ന്ന അളവില്‍ ലെഡ് ശരീരത്തിലെത്തിയാല്‍ രക്തസമ്മര്‍ദം ഉയര്‍ന്നേക്കാമെന്നും ഇതിന് പുറമെ വയറുവേദന, മലബന്ധം, കൈ–കാലുകളിലെ പേശി വേദന, വേദന, മരവിപ്പ്, തലവേദന, ഗര്‍ഭം അലസല്‍, മാസം തികയാതെ പ്രസവിക്കല്‍ , ക്ഷീണം, ഓര്‍മക്കുറവ് ഇങ്ങനെയുള്ളവ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിനുള്ളിലെത്തുന്ന വിഷപദാര്‍ഥങ്ങള്‍ അതിവേഗത്തില്‍ രക്തത്തില്‍ കലരും. ഇതിലെ ഭൂരിഭാഗം വിഷവസ്തുക്കളും മൂത്രത്തിലൂടെ ശരീരം പുറന്തള്ളുമെങ്കിലും ചെറിയൊരളവ് ശരീരത്തിലെ രക്തപ്രവാഹത്തില്‍ ശേഷിക്കുകയോ കിഡ്നിയിലടിയുകയോ ചെയ്യും. ഇതിന്‍റെ അളവ് കരളിലും വൃക്കകളിലും എല്ലുകളിലും ക്രമേണെ കൂടുമെന്നും ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സിങ്ക്, ചെമ്പ്, ക്രോമിയം, ഇരുമ്പ്, മാംഗനീസ് എന്നിവ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളാണ്. എന്നാല്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ ശരീരത്തിന് ഇതിന്‍റെ ആവശ്യമുള്ളൂ.  ഉയര്‍ന്ന അളവിലെത്തുന്നതോടെ ആരോഗ്യം അപകടത്തിലാകും. 

അമിതമായ അളവില്‍ പ്രോട്ടീന്‍ പൗഡര്‍ ശരീരത്തിലെത്തുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. നേരത്തെ തന്നെ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ തകരാറ് സംഭവിച്ചവരില്‍ അതിവേഗത്തില്‍ നിര്‍ജലീകരണവും, തലകറക്കവും സംഭവിക്കാം. ചിലര്‍ക്കാവട്ടെ വയറ്റില്‍ ഉരുണ്ട് കൂടല്‍ പോലെയും, വായു കയറുന്നത് പോലെയോ വയറ് കമ്പിക്കുന്നത് പോലെയോ അനുഭവപ്പെടാം. മിക്ക പ്രോട്ടീന്‍ പൗഡറുകളിലും അടങ്ങിയിട്ടുള്ള കൃത്രിമ മധുരവും, മധുരവും ഭാരം വര്‍ധിക്കാനും രക്തസമ്മര്‍ദം ഉയരാനും അലര്‍ജി ഉണ്ടാകാനും കാരണമായേക്കാം. മറ്റ് ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പ്രോട്ടീന്‍ പൗഡര്‍ കഴിച്ചാല്‍ ശരീരത്തിനാവശ്യമായ വൈറ്റമിനുകളും ഫൈബറും മറ്റ് പോഷകങ്ങളും ലഭിക്കാതെ വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മുട്ട, കോഴി ഇറച്ചി, മീന്‍, പരിപ്പ്–പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ് എന്നിവ പ്രോട്ടീന്‍റെയും വൈറ്റമിനുകളുടെയും ധാതുക്കളുടെയും ആരോഗ്യദായകമായ കൊഴുപ്പിന്‍റെയും കലവറയാണ്. ഇവയിലൊന്നും മറ്റ് കൃത്രിമ വസ്തുക്കള്‍ ചേരുന്നതുമില്ല. ദൈനംദിന ഭക്ഷണത്തില്‍ അനായാസം ഉള്‍പ്പെടുത്താനും കഴിയും. കഴിയുന്നിടത്തോളം ഇവ ശീലമാക്കമമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.  ഗ്രീക്ക് യോഗര്‍ട്ട്, മുട്ട, അണ്ടിപ്പരിപ്പുകളും സൂര്യകാന്തി, മത്തന്‍ തുടങ്ങിയവയുടെ വിത്തുകളും, കോട്ടേജ് ചീസും പയര്‍–ധാന്യ വര്‍ഗങ്ങളും ഭക്ഷണത്തില്‍ പ്രോട്ടീന്‍ പൗഡറുകള്‍ക്ക് ബദലായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ENGLISH SUMMARY:

An investigation reveals that many plant-based, organic, and chocolate-flavored protein powders contain high levels of heavy metals, including lead and cadmium. Despite being marketed to health-conscious consumers, these products exceed California Proposition 65 safety thresholds, posing potential health risks such as cancer and chronic kidney disease.