ദിവസവും തുടർച്ചയായി അരമണിക്കൂറിലധികം ഒരേയിരിപ്പ് ഇരിക്കുന്നത് ക്യാൻസർ മൂലമുള്ള മരണസാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെ ബയോബാങ്കിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ ലീഡ് റിസർച്ചർ ഡോ. ഫ്രെഡറിക് ഹോയുടെ നേതൃത്വത്തിലാണ് 90,000-ത്തിലധികം ആളുകളിൽ ഈ പഠനം നടന്നത്. കണ്ടെത്തലുകൾ പ്രമുഖ മെഡിക്കൽ ജേണലായ 'PLOS Medicine'-ൽ പ്രസിദീകരിച്ചിട്ടുണ്ട്. അതിൽ പറയുന്നത് ഇങ്ങനെ;

തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ ഓരോ അധിക മണിക്കൂറിനും ക്യാൻസർ മരണസാധ്യത 10% വരെ കൂടുന്നു. എന്നാൽ വലിയ വ്യായാമങ്ങൾ ചെയ്തില്ലെങ്കിലും ചെറിയ ചലനങ്ങൾ കൊണ്ട് ഈ അപകടസാധ്യത കുറയ്ക്കാൻ കഴിയും. ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നടക്കുകയോ ഓഫീസിലും വീട്ടിലും ചെറിയ ജോലികളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. 

ഉദാഹരണത്തിന്, ദിവസവും ഒരു മണിക്കൂർ ഇരിപ്പ് ഒഴിവാക്കി തുണി തേക്കുകയോ പാത്രം കഴുകുകയോ പോലുള്ള ലളിതമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നത് ക്യാൻസർ മരണസാധ്യത 12% വരെ കുറയ്ക്കും. അതേസമയം, സാധാരണ വേഗതയിലാണ് നടക്കുന്നതെങ്കിൽ റിസ്ക് 8 ശതമാനവും, 5 മിനിറ്റ് നേരം വേഗതയേറിയ വ്യായാമത്തിൽ ഏർപ്പെടുകയാണെങ്കിൽ റിസ്ക് 22 ശതമാനവും കുറയ്ക്കാനാകുമെന്നാണ്  പഠനം പറയുന്നത്. തുടർച്ചയായുള്ള ഇരിപ്പ് ഒഴിവാക്കി ഇടയ്ക്കിടെ ലളിതമായ ചലനങ്ങൾ ശീലമാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

ENGLISH SUMMARY:

Prolonged sitting poses a significant cancer risk according to a UK Biobank study. This research highlights that even short bursts of movement can help mitigate the increased chances of cancer-related deaths associated with a sedentary lifestyle.