TAGS

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശരീരത്തിൽ ഘടിപ്പിച്ച് ഒന്‍പത് മാസത്തോളം ജീവിച്ച് വൈദ്യശാസ്ത്രത്തില്‍ ചരിത്രമെഴുതി അറുപത്തിയാറുകാരന്‍. ഇക്കാലയളവില്‍ ഈ വ്യക്തിക്ക് ഡയാലിസിസ് പോലും ചെയ്തിരുന്നില്ല. ലോകത്ത് ആദ്യമായാണ് പന്നിയുടെ വൃക്ക മനുഷ്യനിൽ ഇത്രയുംകാലം തകരാറുകളില്ലാതെ പ്രവർത്തിക്കുന്നത്. ഒന്‍പത് മാസത്തിന് ശേഷം മനുഷ്യന്റെ വൃക്ക ഇയാളില്‍ വിജയകരമായി മാറ്റിവെക്കുകയും ചെയ്തു. ദി ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

ടൈപ്പ്-2 പ്രമേഹത്തെ തുടർന്ന് അന്തിമഘട്ട വൃക്കസ്തംഭനം ബാധിച്ച ടിം ആൻഡ്രൂസ് എന്ന അമേരിക്കക്കാരനാണ് ഈ അപൂർവ്വ നേട്ടത്തിന്‍റെ ഉടമ. വൃക്ക ദാതാവിനെ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട വന്ന അവസ്ഥയിലാണ് അദ്ദേഹത്തിന് ഈ പരീക്ഷണ ചികിൽസ ലഭിച്ചത്. മനുഷ്യന്റെ ശരീരത്തോട് ഇണങ്ങും വിധം ജനിതകമാറ്റം വരുത്തിയ യുകുട്ടൻ മിനിയേച്ചർ (Yucatan miniature pig) ഇനത്തിൽപ്പെട്ട പന്നിയുടെ വൃക്കയാണ് ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹത്തിന് മാറ്റിവെച്ചത്.  

271 ദിവസത്തോളമാണ് പന്നിയുടെ വൃക്ക ഡയാലിസിസിന്റെ സഹായമില്ലാതെ പ്രവർത്തിച്ചത്. പിന്നീട് പന്നിയുടെ വൃക്കയിൽ തകരാറുകൾ കണ്ടതിനെത്തുടർന്ന് ഇത് നീക്കം ചെയ്യുകയും കുറച്ചുകാലം ഡയാലിസിസിന് ശേഷം മനുഷ്യന്റെ വൃക്ക ഇയാൾക്ക് വിജയകരമായി വെച്ചുപിടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പന്നിയുടെ വൃക്ക സ്വീകരിച്ചത് വഴി പിന്നീട് മനുഷ്യന്റെ വൃക്ക സ്വീകരിക്കുന്നതിന് യാതൊരുവിധ തടസങ്ങളും ശരീരത്തിൽ ഉണ്ടായില്ല എന്നത് വൈദ്യരംഗത്തെ അത്ഭുതനേട്ടമായാണ് കണക്കാക്കുന്നത്. അവയവങ്ങുടെ ലഭ്യതക്കുറവ് ലോകമെമ്പാടുമുള്ള ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. ഈ സാഹചര്യത്തിൽ മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യനിൽ വെച്ചുപിടിപ്പിക്കുന്ന സെനോട്രാൻസ്പ്ലാൻറേഷൻ (Xenotransplantation) രംഗത്ത് വലിയൊരു വഴിത്തിരിവായിരിക്കുകയാണ് ഈ സംഭവം. യോജിച്ച അവയവം ലഭിക്കുന്നതുവരെ രോഗികൾക്ക് ഡയാലിസിസ് ഇല്ലാതെ ജീവിക്കാൻ പന്നിയുടെ വൃക്കകൾ താത്കാലിക സഹായമായി ഉപയോഗിക്കാമെന്ന് ഈ പഠനം തെളിയിക്കുന്നു. 

ENGLISH SUMMARY:

This medical innovation involves the successful transplantation of a genetically modified pig kidney into a human, marking a significant breakthrough in xenotransplantation. The patient, who suffered from end-stage kidney failure, lived for over nine months without dialysis thanks to the functioning pig kidney, highlighting its potential as a temporary organ support solution.