ഡോ. ടീന സ്ലീബ

  • സ്തനാർബുദ ചികിൽസയിലെ ചെലവ് കുറഞ്ഞതും നൂതനവുമായ ക്ലിപ്പിങ് രീതി അവതരിപ്പിച്ച്, സിംഗപ്പൂരിൽ നടന്ന രാജ്യാന്തര മെഡിക്കൽ സമ്മേളനത്തിൽ പ്രശംസ നേടി മലയാളി ഡോക്ടർ ടീന സ്ലീബ.

സ്തനാർബുദ ചികിൽസയിലെ ചെലവ് കുറഞ്ഞതും നൂതനവുമായ ക്ലിപ്പിങ് രീതി അവതരിപ്പിച്ച്, സിംഗപ്പൂരിൽ നടന്ന രാജ്യാന്തര മെഡിക്കൽ സമ്മേളനത്തിൽ പ്രശംസ നേടി മലയാളി ഡോക്ടർ ടീന സ്ലീബ. 24-ാമത് ഏഷ്യൻ ഓഷ്യാനിയൻ കോൺഗ്രസ് ഓഫ് റേഡിയോളജി സമ്മേളന വേദിയിലാണ് ആലുവ രാജഗിരി ആശുപത്രിയിലെ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. ടീനയുടെ സുപ്രധാന കണ്ടെത്തൽ അവതരിപ്പിക്കപ്പെട്ടത്. 42 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക ബ്രെസ്റ്റ് റേഡിയോളജിസ്റ്റായിരുന്നു ടീന.

 

സ്തനാർബുദ മുഴകളും, കക്ഷത്തിലെ ലസികാ ഗ്രന്ഥികളും ക്ലിപ്പ് ചെയ്യുന്നതിന് ഡോ. ടീന അവതരിപ്പിച്ച ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ വലിയ കൈയടിയോടെയാണ് സമ്മേളന പ്രതിനിധികൾ സ്വീകരിച്ചത്. ആഗോളതലത്തിൽ 1300 ഡോളറിന് മുകളിൽ (ഏകദേശം ഒന്നേകാൽ ലക്ഷം രൂപ) ചെലവ് വരുന്ന ഈ പ്രക്രിയ, പുതിയ രീതിയിലൂടെ വെറും 20 ഡോളറിന് താഴെ (ഏകദേശം 1900 രൂപ) ചെലവിൽ പൂർത്തിയാക്കാം. വില കൂടിയ മാർഗങ്ങളുടെ അതേ കൃത്യതയും ഫലപ്രാപ്തിയുമുള്ള ഈ പുതിയ കണ്ടെത്തൽ, വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമാണ്.

 

സ്തനാർബുദ രോഗികളിൽ കീമോതെറാപ്പിക്ക് മുമ്പ് ട്യൂമറിനുള്ളിൽ ക്ലിപ്പ് ഇടാറുണ്ട്. കീമോതെറാപ്പിയിലൂടെ ട്യൂമർ ചുരുങ്ങി ക്ലിപ്പിനോട് ചേരുമ്പോൾ, ശസ്ത്രക്രിയയ്ക്ക് മുമ്പ് റേഡിയോളജിസ്റ്റ് ഇതിനുചുറ്റും മെഥിലീൻ ബ്ലൂ ഡൈ കുത്തിവയ്ക്കുന്നു. മില്ലിമീറ്റർ വലുപ്പത്തിലേക്ക് ട്യൂമർ ചുരുങ്ങുന്നതിനാൽ അവശേഷിക്കുന്ന ഭാഗം കൃത്യമായി നീക്കം ചെയ്യാനും സ്തനത്തിന്റെ ആകൃതി നഷ്ടപ്പെടാതെ ശസ്ത്രക്രിയ പൂർത്തിയാക്കാനും ഇത് സർജനെ സഹായിക്കുന്നു. രാജഗിരി കാൻസർ സെന്ററിന് കീഴിലുള്ള വിവിധ ക്ലിനിക്കൽ വിഭാഗങ്ങളുടെ മൂന്നു വർഷം നീണ്ട നിരന്തര പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ഡോ. ടീന അഭിപ്രായപ്പെട്ടു.  നേരത്തേ ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ് എന്ന ഈ പുതിയ ചികിത്സ രീതിക്ക് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ അംഗീകാരം ലഭിച്ചിരുന്നു.

 

ENGLISH SUMMARY:

Malayali radiologist Dr. Tina Sleeba has received international appreciation for her low-cost breast cancer clipping technique presented at the 24th Asian Oceanian Congress of Radiology in Singapore. Her method can reportedly reduce the cost of the procedure from over $1,300 to less than $20 while maintaining accuracy and effectiveness.