കൊച്ചിയിൽ പനിബാധിതരുടെ എണ്ണത്തിൽ കുറവില്ല. 865 പേരാണ് കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത്. ഒരു മാസത്തിനിടെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ജൂലൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 21 മരണങ്ങളിൽ 10 മരണം എലിപ്പനി മൂലമാണ്. അഞ്ചുപേരുടെ മരണം എച്ച് വൺ എൻ വൺ ബാധിച്ചും.
മൺസൂൺ സീസണിൽ പൊതുവേ ശക്തി പ്രാപിക്കുന്ന ഇൻഫ്ലുവൻസ വൈറസ് ബാധ സംസ്ഥാനത്ത് കൂടുതൽ റിപ്പോർട്ട് ചെയ്തതു കൊച്ചിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 1128 പേർക്കാണ് രോഗം ബാധിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 519 പേർക്കും. നഗരമേഖലകളിൽ ഉൾപ്പെടെ ഡെങ്കിപ്പനി വ്യാപനം ശക്തമാണ്.
അസംകാരനായ 18 വയസുകാരൻ അടക്കം 10 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതിൽ ആറുപേരും 50 വയസിൽ താഴെ പ്രായമുള്ളവരാണ്. വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ ഉൾപ്പെടെയുള്ളവർക്ക് എലിപ്പനിക്കെതിരെ ജാഗ്രത നിർദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു.
പ്രതിരോധ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം, എലിപ്പനി ബാധയെ അതീവ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്നു. രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിൽസ ഉറപ്പാക്കണമെന്ന് ഐഎംഎ റിസർച്ച് സെൽ കൺവീനർ ഡോക്ടർ രാജീവ് ജയദേവൻ മനോരമ ന്യൂസിനോട് പറഞ്ഞു. വൈകിയാൽ മരണത്തിന് കാരണമാകും.