വൈപ്പിൻ– ഫോർട്ടുകൊച്ചി റോറോ താൽക്കാലികമായി സർവീസ് നിർത്തി. കനത്ത ഒഴുക്ക് കണക്കിലെടുത്താണ് തീരുമാനം. മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. എന്‍ജിന്‍ തകരാറിലായി റോ റോ ഇന്നലെ കടലിലേക്ക് ഒഴുകിയിരുന്നു.

 വൈപ്പിന്‍– ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോറോയാണ്  സര്‍വീസ് നിര്‍ത്തിയത്.  എന്‍ജിന്‍ തകരാറിലായ റോ റോ സര്‍വീസ്  ഇന്നലെ കപ്പല്‍ചാലിലൂടെ കടലിലേക്ക് ഒഴുകിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സര്‍വീസുകള്‍ നിര്‍ത്തിയത്. റോറോ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയപ്പോള്‍  അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു. 9 കാറുകളും ഒരു വാനും 50 ബൈക്കുകളും റോറോയിലുണ്ടായിരുന്നു. ഫിഷറീസ് മറീൻ എൻഫോഴ്‌സ്മെന്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. 

പട്രോൾ ബോട്ട് എത്തി വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് റോറോയെ നിയന്ത്രിച്ചത്. സര്‍വീസുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന് പരിഹാരമായി മൂന്നാമത്തെ റോറോ മുഖ്യമന്ത്രി നീറ്റിലിറക്കിയെങ്കിലും സര്‍വീസ് തുടങ്ങിയിട്ടില്ല. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ സര്‍വീസ് തുടങ്ങുമെന്നാണ് കൊച്ചി കോര്‍പറേഷന്‍റെ നിലപാട്.

ENGLISH SUMMARY:

Vypin-Fort Kochi Ro-Ro service suspended due to strong currents, a decision that has inconvenienced passengers without prior notice. This suspension follows an incident where the Ro-Ro vessel drifted into the sea due to engine failure.