കൊച്ചി മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ അക്രമമഴിച്ച് വിട്ട് സ്ഥിരം കുറ്റവാളി. പൊലീസുകാരെ ആക്രമിച്ച മട്ടാഞ്ചേരി സ്വദേശി ഹംസത്ത് പൊലീസ് വാഹനത്തിന്റെ ചില്ല് ചവിട്ടിത്തകർത്തു. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള  നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി ഹംസത്തിന്‍റെ പരാക്രമം. മട്ടാഞ്ചേരിയിലെ ബാറിൽ നിന്നായിരുന്നു അക്രമത്തിന്‍റെ തുടക്കം. 22 കാരിയായ ബാർ ജീവനക്കാരിയെ അസഭ്യം പറഞ്ഞ ഹംസത്ത് ബിയർ കുപ്പി കൊണ്ട് ആക്രമിക്കാനും ശ്രമിച്ചു. ബാർ ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് എത്തിയതോടെ ഇയാൾ ഇവിടെ നിന്നും മുങ്ങി. നേരെ പോയത് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ എത്തിയതോടെ ഇയാൾ വീണ്ടും അക്രമാസക്തമായി.

പൊലീസ് ജീപ്പിന്‍റെ ചില്ല് ചവിട്ടിത്തകർത്ത ഹംസത്ത്, പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിന് പരുക്കേറ്റു. ഏറെ കഷ്ടപ്പെട്ടാണ് ഹംസത്തിനെ പൊലീസ് കീഴ്പ്പെടുത്തിയത്. ബാർ ജീവനക്കാരിക്കെതിരായ അതിക്രമത്തിലും, പൊലീസ് സ്റ്റേഷനിൽ പരാക്രമത്തിലും രണ്ട് കേസുകളാണ് ഹംസത്തിനെതിരെ എടുത്തിട്ടുള്ളത്. നിലവിൽ ഇയാൾക്കെതിരെ ആറ് കേസുകൾ ഉണ്ടെന്നും, കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Habitual Offender Attacks Mattancherry Police Station in Kochi: