എറണാകുളം കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തിന് കാരണം ബസിന്‍റെ അമിതവേഗം മാത്രമല്ല. കാക്കനാട്ടെ റോഡുകളുടെ വീതിക്കുറവും നടപ്പാതകളുടെ അഭാവവും ഉയർത്തുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ. ജീവന്‍കയ്യില്‍ പിടിച്ചാണ് ഇതുവഴിയുള്ള യാത്ര. 

ആഗോള ഐടി ഭൂപടത്തിൽ ഇടംപിടിച്ച കേരളത്തിന്‍റെ  ടെക് ഹബ്. വൻകിട കമ്പനികൾ, ആയിരക്കണക്കിന് ജീവനക്കാർ. കാക്കനാട് വികസനത്തിനൊപ്പം അതിവേഗം കുതിക്കുകയാണ്. എന്നാല്‍ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള റോഡുകളുടെ അവസ്ഥയോ.

ഇൻഫോപാർക്കിലേക്ക് എത്താൻ ജീവനക്കാർ ആശ്രയിക്കുന്ന കുഴിക്കാട്ടുമൂല ജങ്ഷൻ ഐ.ടി നഗരത്തിന്‍റെ വികൃതമായ മുഖം. ഇന്‍ഫോപാര്‍ക്കിലേക്ക് പോകാനുള്ള പ്രധാനജംക്ഷന്‍. നടപ്പാതയില്ല, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. വെള്ളക്കെട്ട്. മഴയില്ലെങ്കില്‍ വെട്ടിപ്പൊളിച്ച റോഡില്‍ പൊടിക്കൂമ്പാരം. കൂനിന്‍മേല്‍ കുരുപോലെ ഗതാഗതക്കുരുക്കും.. അപകടം പതിയിരിക്കുന്ന ജംക്ഷന്‍.

മെട്രോ നിർമ്മാണം തുടങ്ങിയതോടെ വാഹനങ്ങൾ തിങ്ങി നിറഞ്ഞ ഇടറോഡുകൾ ശ്വാസംമുട്ടുകയാണ്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ വീതിയുള്ള റോഡുകളില്ല, നടപ്പാതയില്ല. ജീവൻകയ്യിൽപിടിച്ചാണ് ഐടി നഗരത്തിലൂടെയുള്ള യാത്ര. കാക്കനാട്ടെ ഭൂരിഭാഗം റോഡുകളുടെയും സ്ഥിതി ഇതാണ്.

കാക്കനാടിന്‍റെ വികസനവേഗത്തിനൊപ്പം കുതിക്കാതെ കിതയ്ക്കുകയാണ് ഐ.ടി നഗരം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇനിയുമെത്ര അപകടം വേണ്ടിവരും. ഇനിയൊരു അക്ഷര കൂടി ഈ വഴിയില്‍ പൊലിയാതിരിക്കാന്‍ നടപടിവേണം. 

Infopark Kakkanad accident highlights the severe road safety issues and lack of proper footpaths in Kerala's major IT hub. :