iit-roorkee-cow-urine-chikungunya

കൊതുകുജന്യ രോഗമായ ചിക്കുന്‍ഗുനിയ ഭേദമാക്കാന്‍ ഗോ മൂത്രം അത്യുത്തമം എന്ന ഐഐടി റൂര്‍ക്കിയുടെ വിവാദ 'ഗവേഷണ ഫല'ത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാക്പോര്. ബയോ സയന്‍സ് ആന്‍റ് ബയോ എന്‍ജിനീയറിങ് വകുപ്പിലെ പ്രഫസര്‍ ഐലി തോമാറും സംഘവും നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തലെന്ന് ഐഐടി റൂര്‍ക്കി പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ചിക്കുന്‍ ഗുനിയ വൈറസിനെതിരെ ശക്തമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ചില ജൈവ സംയുക്തങ്ങള്‍ ഗോ മൂത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ദ്രാവകത്തിലുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്.

ചിക്കുന്‍ ഗുനിയ പരത്തുന്ന വൈറസിന്‍റെ അളവ് 90 ശതമാനത്തോളം കുറയ്ക്കാന്‍ ഈ ഗോ മൂത്ര ദ്രാവകം സഹായിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.  ACS അഗ്രികള്‍ച്ചറല്‍ സയന്‍സ് ആന്‍റ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആധുനിക ബയോ ടെക്നോളജിയും ആയുര്‍വേദവും സമന്വയിപ്പിച്ചുള്ള ആന്‍റി വൈറല്‍ ചികില്‍സാരീതികള്‍ വികസിപ്പിക്കാനാണ് ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ഐഐടി റൂര്‍ക്കി പറയുന്നു. 

പഠനഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമാണ്. ഇന്ത്യന്‍ പാരമ്പര്യ ചികില്‍സാരീതിയെ ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ശാസ്ത്രീയമായ സ്ഥിരീകരണമാണ് വേണ്ടതെന്നാണ് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്.  ഐഐടി പോലെയുള്ള സ്ഥാപനങ്ങള്‍ ശാസ്ത്രീയമായ തെളിവുകളാണ് സ്വീകരിക്കേണ്ടതെന്നും കഥകളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയല്ല പഠനം നടത്തേണ്ടതെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. 

2020 ല്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് 98 കോടി രൂപ അനുവദിച്ച്  സൂത്ര പിക് (SUTRA-PIC - Scientific Utilisation Through Research Augmentation–Prime Products from Indigenous Cows) എന്ന പദ്ധതിക്ക് തുടക്കമിട്ടത്. നാടന്‍ പശുക്കളെയും പശുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെയും കുറിച്ച്  (ആരോഗ്യം, കൃഷി, പോഷകാഹാരം) എന്നീ മേഖലകളിലാണ് പദ്ധതിപ്രകാരം ഗവേഷണം നടത്താന്‍ തുക അനുഭവിക്കുക. ഈ പദ്ധതിയുടെ ഭാഗമായാണ് ഐഐടി റൂര്‍ക്കി പഠനം നടത്തിയത്. ജലശുദ്ധീകരണത്തിന് ചാണകം ഉപയോഗിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പദ്ധതിക്ക് കീഴില്‍ ഗവേഷകര്‍ പഠനം നടത്തിയിട്ടുണ്ട്. 

ഈഡിസ് ഈജിപ്തി എന്നയിനം കൊതുകുകളാണ് ചിക്കുന്‍ഗുനിയ പരത്തുന്നത്. രോഗബാധയുള്ള വ്യക്തിയെ കടിച്ച കൊതുകിലേക്ക് വൈറസ് എത്തുകയും ആരോഗ്യമുള്ള മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോള്‍ അയാളിലേക്ക് രോഗാണു എത്തുകയുമാണ് ചെയ്യുന്നത്. നിലവില്‍ ചിക്കുന്‍ഗുനിയയ്ക്ക് ഇക്സീന്‍ എന്ന വാക്സീന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് പ്രചാരത്തിലായിട്ടില്ല. 

ENGLISH SUMMARY:

An intense debate has erupted across social media platforms over a recent study by IIT Roorkee suggesting that extracts from cow urine could potentially treat Chikungunya. Conducted by a team led by Professor Shailly Tomar from the Department of Biosciences and Bioengineering, the study claims to have isolated specific biochemical compounds that exhibit strong antiviral properties against the virus. Published in the journal ACS Agricultural Science and Technology, the paper states that these specific formulations successfully reduced the viral load of Chikungunya by nearly 90% in a laboratory setting. According to the premier institute, this experiment is part of a larger ongoing effort to integrate modern biotechnology with traditional Ayurvedic practices to formulate next-generation antiviral therapies. The research was funded under the central government's SUTRA-PIC scheme, a 98-crore initiative launched in 2020 by the Department of Science and Technology to scientifically analyze products derived from indigenous cows. While one section of netizens has lauded the project for scientifically validating traditional Indian medicine, critics have raised serious concerns regarding the practical validity of the study and emphasized the need for rigorous, peer-reviewed clinical trials before making such health claims.