കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയം. ഇന്നലെ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് ചികിത്സ തേടിയെത്തിയ ഇവരെ, സംശയങ്ങളെത്തുടർന്ന് ആരോഗ്യവകുപ്പ് ഇടപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ, ഈ രോഗി പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇവരെ ശ്രദ്ധിക്കാൻ ഒരു പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, സാധാരണയായി എബോള രോഗത്തിന് കാണാറുള്ള മറ്റു ലക്ഷണങ്ങൾ ഇവരിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. പനിയുമായി ബന്ധപ്പെട്ട് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരത്തേക്ക് അയച്ച സാംപിളിന്റെ ഫലം ലഭിച്ചതിന് ശേഷം മാത്രമേ എബോയാണോയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ. തുടർന്നുള്ള ചികിത്സകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കും.