കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ കെ.എ.രതീഷ് സര്‍ക്കാര്‍ പദവികള്‍ രാജിവയ്ക്കും. പദവികള്‍ ഒഴിയാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് സൂചന. രതീഷ് കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായിരിക്കെ കശുവണ്ടി ഇറക്കിയിലൂടെ ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
ഇതുമായി ബന്ധപ്പെട്ട് കേസില്‍ ഒന്നാംപ്രതിയായ രതീഷ് ഇപ്പോഴും മൂന്നു സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഖാദി ബോര്‍ഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ പദവികളാണ് രതീഷ് നിലവില്‍ വഹിക്കുന്നത്. മുഖ്യമന്ത്രി നിര്‍ദേശിച്ചതിനാല്‍ മൂന്നും രാജിവയ്ക്കുമെന്നാണ് വിവരം.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഒന്നാം പ്രതിയായി പ്രോസിക്യൂഷൻ നേരിടേണ്ട കെ.എ.രതീഷ് മൂന്നു സുപ്രധാന തസ്തികകളിൽ തുടരുന്നത് എങ്ങനെയാണെന്നു സർക്കാർ ചർച്ച ചെയ്യണമെന്നു ഹൈക്കോടതി. ഈ അവസ്ഥ കഷ്ടം തന്നെയാണെന്നു കോടതി പരാമർശിച്ചു.
അഴിമതിക്കേസ് പ്രതിയെ ഇത്തരം നിർണായക തസ്തികകളിൽ നിന്ന് ഒഴിവാക്കാൻ സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയത്.
‘ഇതെല്ലാം അഴിമതിക്കു സാധ്യതയുള്ള വകുപ്പുകളാണല്ലോ’ എന്നു പരാമർശിച്ച കോടതി, അഴിമതിക്കാരെയാണോ ഇവിടങ്ങളിൽ ഇരുത്തുന്നതെന്നും ചോദിച്ചു. ഖാദിയിൽ 300 കോടിയുടെ ഓണം പർച്ചേസ് നടക്കാനിരിക്കുകയാണെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, മുഖ്യമന്ത്രി അധ്യക്ഷനായ ഖാദി ബോർഡിൽ, മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന പദവിയാണു രതീഷ് വഹിക്കുന്നത്. അഴിമതിക്കേസിൽ സിബിഐയുടെ കുറ്റപത്രത്തിൽ ഉൾപ്പെട്ട വ്യക്തി നിർണായക പദവികളിൽ നിയമിക്കപ്പെട്ടതിനെതിരെ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. പരാതിയിൽ സമയബന്ധിത അന്വേഷണത്തിനു നിർദേശിക്കണം. നിർണായക പദവികളിൽ നിന്നു രതീഷിനെ നീക്കാൻ സ്വീകരിച്ച നടപടി സംബന്ധിച്ച് സിബിഐ കൊച്ചി യൂണിറ്റിന്റെ റിപ്പോർട്ട് തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കും.