kottayam-landslide-3
  • ഇടുക്കിയിലും തൃശൂരും വിനോദസഞ്ചാരത്തിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. ആറന്മുളയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെ പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്ര മഴഭീഷണിയൊഴിഞ്ഞു. ഇടുക്കിയിലും തൃശൂരും  വിനോദസഞ്ചാരത്തിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി.  ആറന്മുളയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് ക്വാറികള്‍ക്ക് പ്രവര്‍ത്തനവിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍,കോഴിക്കോട്, വയനാട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. മതപാഠശാലകളും ട്യൂഷന്‍സെന്ററുകളും പ്രവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. 

 

ഒറ്റദിവസത്തെ മഴയില്‍ മുങ്ങി കേരളം. കനത്തമഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനം വലഞ്ഞു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മധ്യകേരളത്തിലെ മലയോര മേഖലയിലും മലപ്പുറത്തുമാണ് ആളപായമുണ്ടായത്. പൂ‌ഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍‌ന്ന് അമ്മയും മകനും മരിച്ചു. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ഭാര്യ റജീനയുമാണ് മരിച്ചത്. 

 

വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്.

 

കോട്ടയം വാകത്താനത്ത് പതിനൊന്നുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്‍റെ മകന്‍ മിലന്‍ കെ.ഷിജുവാണ് മരിച്ചത്. വീടിനുസമീപത്ത് വാട്ടര്‍ ടാങ്കിനായെടുത്ത കുഴിയില്‍ വീണാണ് ദാരുണാന്ത്യം. ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. വീട് പൂര്‍ണമായും മണ്ണിനടിയിലായി. കണ്ണൂരില്‍ ചെറുപുഴയിലും ആലക്കോടും ഉരുള്‍പൊട്ടി, ആളപായമില്ല. 

 

മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, പാലാ, റാന്നി ടൗണുകളും വടക്കന്‍ കേരളത്തില്‍ കൊമ്മേരി, ഈങ്ങാപ്പുഴ പ്രദേശങ്ങളും അടക്കം വിവിധയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

ENGLISH SUMMARY:

Heavy rain continues to lash Kerala. An Orange Alert has been issued for 12 districts on Monday, with only Thiruvananthapuram and Kollam excluded. While the threat of extremely heavy rainfall has eased, authorities continue to warn of flooding and landslides. A complete ban on tourism has been imposed in Idukki and Thrissur districts. Authorities have also warned residents in Aranmula to remain vigilant as water levels are expected to rise. Quarry operations have been suspended in Kozhikode.