Image Credit: The New England Journal of Medicine

Image Credit: The New England Journal of Medicine

ബ്രെയിന്‍ കാന്‍സറിന്‍റെ തീവ്ര വകഭേദമായ ഗ്ലിയോബ്ലാസ്തോമ ചികില്‍സിച്ച് ഭേദമാക്കുന്നതില്‍ ഞെട്ടിക്കുന്ന ഫലവുമായി പുതിയ ഇമ്യുണൊത്തെറപ്പി. യുഎസിലെ മാസ് ജനറല്‍ കാന്‍സര്‍ സെന്‍ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ലോകത്തിനാകെ ആശ്വാസമേകുന്ന കണ്ടെത്തല്‍. 2024ല്‍ ഇവര്‍ നടത്തിയ പരീക്ഷണത്തില്‍ പങ്കെടുത്ത ആദ്യ മൂന്നു പേര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ ഭേദമായതായാണ് കണ്ടെത്തല്‍. ദ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനഫലങ്ങള്‍  പ്രസിദ്ധീകരിച്ചത്. 

CARv3-TEAM-E T എന്ന മരുന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഗ്ലിയോബ്ലാസ്തോമ ബാധിച്ചരോഗികള്‍ക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ സെല്‍ തെറപ്പിയാണിത്. ഒറ്റ ഡോസില്‍ തന്നെ ട്യൂമര്‍ ഗണ്യമായി ചുരുങ്ങിയത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഒരാളില്‍ പൂര്‍ണമായും ട്യൂമര്‍ മാറിയെന്ന് പറയാവുന്ന നിലയിലേക്ക് ചുരുങ്ങുകയും ചെയ്തു.

എന്താണ്  CAR-T തെറപ്പി? കാന്‍സറിനെ പ്രതിരോധിക്കാന്‍ രോഗിയുടെ ശരീരത്തിലെ തന്നെ കോശങ്ങളെ സജ്ജമാക്കുകയാണ് CAR-T തെറപ്പിയില്‍ ചെയ്യുന്നത്. രക്താര്‍ബുദം ബാധിച്ചവരില്‍ ഈ ചികില്‍സ ഫലപ്രദമെന്ന് തെളിഞ്ഞിരുന്നുവെങ്കിലും ഗ്ലിയോബ്ലാസ്തോമ പോലെയുള്ളവ ബാധിച്ചവരില്‍ ഫലപ്രദമായിരുന്നില്ല. പുതിയ കണ്ടുപിടിത്തം വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

CAR-T തെറപ്പിയില്‍ ബൈ സ്പെസിഫിക് ആന്‍റിബോഡികളായ T സെല്‍ എന്‍ഗേജിങ് ആന്‍റിബോഡി മൊളിക്യൂള്‍സ് സമന്വയിപ്പിച്ചാണ് പുതിയ കാന്‍സര്‍ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. വിവിധ തരം കാന്‍സര്‍ ട്യൂമറുകളെ പ്രതിരോധിക്കാനും നശിപ്പിക്കാനും ഇവ പര്യാപ്തമാണെന്ന് ഗവേഷകര്‍ പറയുന്നു. പെട്ടെന്ന് ഫലം കിട്ടുന്നതിനായി രോഗിയുടെ തലച്ചോറിലേക്ക് മരുന്ന് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. 57 വയസ് മുതല്‍ 74 വയസുവരെ പ്രായമുള്ള രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഇവര്‍ മുന്‍പ് കീമോ തെറപ്പിക്ക് വിധേയരായവരായിരുന്നു. ആറുമാസത്തിനുള്ളില്‍ ഒരാളുടെ ട്യൂമര്‍ 60 ശതമാനത്തോളം മാറി. ഒരാള്‍ക്ക് വെറും 5 ദിവസം കൊണ്ടും ട്യൂമര്‍ അപ്രത്യക്ഷമാകുകയും തുടര്‍ന്നുള്ള പരിശോധനയില്‍ സുഖം പ്രാപിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, കുത്തിവയ്പ്പിന് പിന്നാലെ പനിയും ചെറിയ മാനസിക പ്രയാസങ്ങളുമുണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ പരീക്ഷണത്തിന് വിധേയരായവരോട് പറഞ്ഞിരുന്നു.  എന്നാല്‍ മൂവരും പരീക്ഷണത്തോട് സഹകരിക്കുകയായിരുന്നു. പഠനഫലത്തില്‍ കൂടുതല്‍ വിശദമായ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും  ഫലവത്തെന്ന് വീണ്ടും തെളിഞ്ഞാല്‍ കാന്‍സര്‍ ചികില്‍സയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Researchers at Mass General Cancer Center have developed a groundbreaking CAR-T cell therapy (CARv3-TEAM-E) that effectively targets Glioblastoma, a deadly brain cancer. In clinical trials, one patient's tumor vanished in just five days, while others saw significant shrinkage after a single dose. This new immunotherapy combines CAR-T cells with T-cell engaging antibody molecules to fight aggressive brain tumors. Published in the New England Journal of Medicine.