ലോകത്തെല്ലായിടത്തും പുരുഷന്‍മാരുടെ ബീജത്തിന്‍റെ അളവില്‍ വലിയതോതില്‍ കുറവ് സംഭവിക്കുന്നതായി പഠനങ്ങള്‍. 1973 മുതൽ 2018 വരെയുള്ള കാലയളവിൽ 50 ശതമാനത്തിലധികം കുറഞ്ഞതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. പുരുഷബീജത്തിന്‍റെ അളവ് കുറയുന്നതിന്‍റെ നിരക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സതാംപ്ടൺ സർവകലാശാലയില്‍ നിന്നുള്ള പഠനത്തിലെ റിപ്പോര്‍ട്ട് ദ ലാൻസെറ്റ് (The Lancet) ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
യുവാക്കളുടെ ജീവിതശൈലി ബീജത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. പുകവലി, അമിതവണ്ണം, അമിത രക്തസമ്മർദ്ദം, അമിതമായ മദ്യപാനം, പ്രായം, ചില മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ബീജത്തിൽ മാറ്റങ്ങൾ വരുത്തിയേക്കാം. ഇത് ഗർഭധാരണത്തെയും കുട്ടിയുടെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്നു.
ഗർഭാവസ്ഥയെയും കുഞ്ഞിന്‍റെ ആരോഗ്യത്തെയും രൂപപ്പെടുത്തുന്നതിൽ അച്ഛന്റെ ആരോഗ്യത്തിനും തുല്യ പങ്കുണ്ടെന്നും ഈ ഗവേഷണം വ്യക്തമാക്കുന്നു. അമ്മയുടേത് എന്നപോലെ തന്നെ അച്ഛന്റെ കായികക്ഷമതയും, പുകവലിയും, ശരീരഭാരവുമെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ലാൻസെറ്റ് പഠനം പറയുന്നു.
അമിതഭാരമോ മോശം ആരോഗ്യസ്ഥിതിയോ കുഞ്ഞിനെയും ബാധിക്കാം. അച്ഛന്‍റെ പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയെല്ലാം കുട്ടികള്‍ക്കും ദോഷം ചെയ്യും. അച്ഛന്റെ പുകവലിയും അമിതഭാരവും കുഞ്ഞുങ്ങളിൽ ജന്മനായുള്ള വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഗർഭധാരണത്തിന് മുൻപുള്ള മാസങ്ങളിൽ അച്ഛൻ പുകവലിക്കുന്നത് കുട്ടികളിൽ ഭാവിയിൽ ക്യാൻസർ വരാനുള്ള സാധ്യതയ്ക്കും കാരണമായേക്കാമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. അച്ഛന്റെ പ്രായവും ഗർഭധാരണ ഫലങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷത്തില്‍ കണ്ടെത്തിയത്.
സതാംപ്ടൺ സർവകലാശാലയിലെ പ്രൊഫസർ കീത്ത് ഗോഡ്ഫ്രേയുടെ അഭിപ്രായത്തിൽ, അമ്മയുടെ ആരോഗ്യം നിരീക്ഷിക്കുന്നതുപോലെ തന്നെ അച്ഛന്റെ ആരോഗ്യവും നിരീക്ഷിക്കപ്പെടേണ്ടതുണ്ട്, ചില കാര്യങ്ങളിൽ, അമ്മയേക്കാൾ ശക്തമാണ് അച്ഛന്റെ സ്വാധീനം. ഇതിൽ പലതും അച്ഛന്റെ സ്വന്തം കുട്ടിക്കാലത്തെ അനുഭവങ്ങളുമായി പോലും ബന്ധപ്പെട്ടിരിക്കുന്നു – എന്നും അദ്ദേഹം പറയുന്നു. ഒരാളുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ, സമ്മർദ്ദം, ശാരീരിക-മാനസിക ആരോഗ്യം, ചുറ്റുപാടുകൾ, വിദ്യാഭ്യാസം എന്നിവയെല്ലാം അയാളുടെ പ്രത്യുൽപ്പാദന ശേഷിയുള്ള കാലഘട്ടത്തിലെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഈ ഘടകങ്ങൾ ഗർഭധാരണത്തിന് മുൻപും ഗർഭകാലത്തും തന്റെ പങ്കാളിയുടെ ആരോഗ്യത്തെയും ആരോഗ്യ ശീലങ്ങളെയും ബാധിക്കാനും വികസിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തിൽ നേരിട്ട് ജൈവികമായ സ്വാധീനം ചെലുത്താനും കാരണമാകുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്ത്രീകള്‍ക്കൊപ്പം തന്നെ ആൺകുട്ടികളുടെയും പുരുഷന്‍മാരുടെയും ആരോഗ്യത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് പഠനം വിരൽ ചൂണ്ടുന്നത്.