heimlich-maneuver

Image Credit : Facebook / Ai Generated Image

ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി വ്ലോഗറും അവതാരകനുമായ കാര്‍ത്തിക് സൂര്യ കുഴഞ്ഞുവീണ് ആശുപത്രിയിലായ സംഭവം  ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. കൊച്ചുകുട്ടികളില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടങ്ങിയുണ്ടാകുന്ന അപകടത്തെ കുറിച്ചും ച്യൂയിങ് ഗം വിഴുങ്ങി അപകടം സംഭവിച്ച വാര്‍ത്തകളെല്ലാം നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന ആളുകളിലും ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. എത്രയൊക്കെ ശ്രദ്ധിച്ച് ഭക്ഷണം കഴിച്ചാലും ഒരു ചുമയോ തുമ്മലോ മതി കാര്യങ്ങള്‍ അവതാളത്തിലാക്കാന്‍. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയപ്പോഴാണ് കാര്‍ത്തിക് സൂര്യയുടെ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയത്. ഉടനെ കുഴഞ്ഞുവീഴുകയും പിന്നാലെ നിര്‍ത്താതെ ചര്‍ദിക്കുകയുമായിരുന്നെന്ന് പിന്നീട് വ്ലോഗിലൂടെ കാര്‍ത്തിക് സൂര്യ തന്നെ വ്യക്തമാക്കി. ഉടനടി പ്രഥമ ശുശ്രൂഷ നല്‍കിയതും ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതുമാണ് കാര്‍ത്തിക്കിന്‍റെ ജീവന് രക്ഷയായത്. അതുകൊണ്ടുതന്നെ ഭക്ഷണം തൊണ്ടയിലോ ശ്വാസനാളത്തിലോ കുടുങ്ങിയാല്‍ ഉടനടി എന്തുചെയ്യണമെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.

 

എന്തെങ്കിലും വിഴുങ്ങിയതു മൂലം ശ്വാസതടസ്സമുണ്ടാകുന്നവരെ രക്ഷിക്കാനുള്ള അടിയന്തര ശുശ്രൂഷയാണു ഹെംലിക് മെനൂവർ ( (THE HEIMLICH MANOEUVRE). ഇതെങ്ങനെ നല്‍കാം എന്നുനോക്കാം. ശ്വാസതടസ്സമനുഭവപ്പെടുന്നയാളുടെ പിന്നിൽ ശുശ്രൂഷകൻ നില്‍ക്കുക. തുടർന്നു രണ്ടു കയ്യും മുന്നോട്ടെടുത്തു രോഗിയെ ചുറ്റിപ്പിടിക്കുക. ഒരു കൈയിലെ മുഷ്‌ടി ചുരുട്ടി, തള്ളവിരലിന്റെ ഭാഗം രോഗിയുടെ വയറിനോട് ചേർത്തു പിടിക്കണം.  പൊക്കിളിനു മുകളിലും വാരിയെല്ലിനു താഴെയുമായാണ് കൈ വരേണ്ടത്. മറ്റേ കൈകൊണ്ട് ഈ മുഷ്‌ടിക്കു മുകളിലായി മുറുകെ പിടിക്കുക. എന്നിട്ട് വാരിയെല്ലിന് ക്ഷതം സംഭവിക്കാത്ത തരത്തില്‍ വയറിലേക്ക് ബലം കൊടുക്കുക. ഇടക്കിടക്ക് മുഷ്‌ടി പെട്ടെന്നു മുകളിലേക്കും താഴേക്കും നീക്കുക. വായുസഞ്ചാരം സുഗമമായി ലഭിക്കത്തക്കവണ്ണം അമർത്തിവേണം ചെയ്യാൻ. കുടുങ്ങിക്കിടക്കുന്ന വസ്‌തു പുറത്തുവരുംവരെ ഈ പ്രവര്‍ത്തി തുടരുക. പിന്നാലെ വൈദ്യസഹായം തേടാം.

 

ഇനി ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി വലയുമ്പോള്‍ അരികില്‍ ആരുമില്ലെങ്കില്‍ എങ്ങനെ രക്ഷനേടാം എന്നുനോക്കാം. ചുമച്ച് നോക്കാം. നന്നായി ചുമച്ച് കുടുങ്ങിക്കിടക്കുന്ന ഭക്ഷണത്തെ പുറത്തെത്തിക്കാം. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ  ഹെംലിക് മെനൂവർ സ്വയം ചെയ്യാം. ഇവിടെ മേല്‍പ്പറഞ്ഞ പോലെ സ്വന്തം മുഷ്ടി ചുരുട്ടി തള്ളവിരലിന്റെ ഭാഗം വയറിനോട് ചേർത്തു പിടിക്കണം.  പൊക്കിളിനു മുകളിലും വാരിയെല്ലിനു താഴെയുമായായി പിടിക്കുക. മറ്റേ കൈ ഉപയോഗിച്ച് സ്വയം ബലം കൊടുക്കാം. അല്ലെങ്കിൽ കസേരയിലോ മറ്റോ വയറിന്‍റെ ഭാഗം അമർത്തിവച്ചുകൊണ്ടു മുകളിലേക്കു ബലം കൊടുത്ത് അമർത്താം. പരിഭ്രാന്തരാകാതെ ജീവന്‍ രക്ഷിക്കാന്‍ സമയോചിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാം. അതുപോലെ തന്നെ ഗർഭിണികളുടെയോ അമിതവണ്ണമുള്ളവരുടെയോ തൊണ്ടയിൽ എന്തെങ്കിലും വസ്‌തു കുടുങ്ങിയാൽ വയറിനേക്കാൾ നെഞ്ചിൽ അമർത്തുന്ന രീതിയിലാണു നല്ലത്. 

 

ഇനി ഭക്ഷണം കുടുങ്ങിയ വ്യക്തിയുടെ ശ്വാസം നഷ്ടപ്പെട്ടാല്‍ ആളെ നിലത്തു നിവർത്തിക്കിടത്തിയ ശേഷം പ്രഥമ ശുശ്രൂഷ നല്‍കാം. ഇവിടെയും  ഹെംലിക് മെനൂവർ എന്ന ടെക്നിക് പരീക്ഷിക്കാം. ഹെംലിക് മെനൂവർ ചെയ്യുമ്പോഴുണ്ടാകുന്ന മർദം ശ്വാസനാളത്തിലെ വായുസഞ്ചാരം സുഗമമാക്കാന്‍ സഹായിക്കും. ശ്വാസതടസ്സം മാറുന്നില്ലെങ്കിൽ ഉടൻ കൃത്രിമശ്വാസോച്‌ഛ്വാസം നല്‍കാനും സിപിആര്‍ നല്‍കാനും ശ്രദ്ധിക്കുക. ഉടൻ വൈദ്യസഹായം തേടാനും മറക്കരുത്.

 

 

 

ENGLISH SUMMARY:

Food choking is a serious hazard, and understanding immediate first aid like the Heimlich maneuver is crucial for saving lives. Prompt action can prevent severe consequences when someone chokes on food, as demonstrated by recent incidents.