measles

TOPICS COVERED

കോവിഡ് മഹാമാരിക്ക് ശേഷം ലോകം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടയിലാണ് അമേരിക്കയിലും വിവിധ രാജ്യങ്ങളിലും അഞ്ചാംപനി അഥവാ മീസില്‍സ് വീണ്ടും ഭീഷണിയാകുന്നത്. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള വികസിത രാജ്യങ്ങളിൽ പോലും രോഗം പടരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. എന്തുകൊണ്ടാണ് ലോകത്ത് പല രാജ്യങ്ങളിലും തുടച്ചുനീക്കിയെന്ന് കരുതിയ ഈ രോഗം വീണ്ടും തിരിച്ചുവരുന്നത്? ഇന്ത്യയുടെ സ്ഥിതിയെന്താണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

എന്തുകൊണ്ട് വീണ്ടും?

2000-ൽ അമേരിക്കയിൽ പൂർണ്ണമായി നിർമാർജ്ജനം ചെയ്തതായി പ്രഖ്യാപിച്ച അഞ്ചാംപനി വലിയ രീതിയിലുള്ള തിരിച്ചുവരവ് നടത്തുന്നതാണ് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നത്. അമേരിക്കന്‍ ഹെല്‍ത്ത് ഏജന്‍സിയായ CDC - യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 ഒക്ടോബർ അവസാന വാരം വരെ അമേരിക്കയിൽ 4,500-ലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ന്യൂയോർക്കിൽ രോഗവ്യാപനം ശക്തമായതിനെ തുടർന്ന് ഡിസാസ്റ്റർ എമർജൻസി പ്രഖ്യാപിച്ചു. അയൽ സംസ്ഥാനമായ പെൻസിൽവാനിയയിൽ കേസുകൾ 1,300 കടന്നു. സൗത്ത് കരോലിന, യൂട്ടാ തുടങ്ങിയ കൂടുതൽ പ്രദേശങ്ങളിലേക്കും രോഗം വേഗത്തിൽ പടരുകയാണ്.

ഏഷ്യയിലെയും മറ്റ് രാജ്യങ്ങളിലെയും പ്രതിസന്ധി

അയൽരാജ്യമായ ബംഗ്ലാദേശിൽ 1,66,000-ത്തിലധികം ആളുകൾക്ക് രോഗബാധ സംശയിക്കുകയും ആയിരത്തോളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഗ്വാട്ടിമാല, ഇന്ത്യ, പാകിസ്ഥാൻ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വലിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള യാത്രകളും കുട്ടികളിൽ വാക്സിനേഷൻ കവറേജിലുണ്ടായ കുറവുമാണ് രോഗം ഇത്രയും വേഗത്തിൽ പടരാൻ പ്രധാന കാരണം.

എന്താണ് അഞ്ചാംപനി, ലക്ഷണങ്ങൾ?

വളരെ വേഗത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായുവിലൂടെ പടരുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ കലരുന്ന വൈറസുകൾ മണിക്കൂറുകളോളം അന്തരീക്ഷത്തിലും പ്രതലങ്ങളിലും നിലനിൽക്കും. കഠിനമായ പനി, തുടർച്ചയായ ചുമയും മൂക്കൊലിപ്പും, കണ്ണുകൾ ചുവന്നു തുടുക്കുകയും വെള്ളം വരികയും ചെയ്യുക, വായ്ക്കുള്ളിൽ കാണപ്പെടുന്ന ചെറിയ വെളുത്ത പാടുകൾ, മുഖം അടക്കം ശരീരമാസകലം പടരുന്ന ചുവന്ന തടിപ്പുകള്‍ എന്നിയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍.  

measles-care

പ്രതിരോധ ഓര്‍മകളെ ഇല്ലാതാക്കുന്ന വില്ലന്‍

അഞ്ചാംപനിയെ നിസ്സാരമായി കാണാൻ കഴിയില്ല. ഇത് ന്യുമോണിയ, കടുത്ത വയറിളക്കം, നിർജ്ജലീകരണം, മസ്തിഷ്ക വീക്കം, കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും അപൂർവ്വമായി മരണത്തിലേക്കും നയിച്ചേക്കാം. അഞ്ചാംപനി  നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രീതി വളരെ കൗതുകകരവും എന്നാൽ ഒരേസമയം ഭയപ്പെടുത്തുന്നതുമാണ്.  അഞ്ചാംപനിയെ മറ്റ് സാധാരണ രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുടെ  ഓർമ്മകളെ (Immune Amnesia) ഇല്ലാതാക്കുന്നു എന്നതാണ്. അതായത് നമ്മുടെ ശരീരത്തിന് ഒരിക്കൽ ഒരു ബാക്ടീരിയയോ വൈറസോ മൂലം രോഗം ബാധിച്ചാല്‍ ശ്വേതരക്താണുക്കളിലെ പ്രത്യേക കോശങ്ങൾ ആ രോഗാണുവിനെ തിരിച്ചറിയാനുള്ള വിവരങ്ങൾ ഓർമവയ്ക്കും. ഭാവിയിൽ വീണ്ടും അതേ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ഈ 'ഓർമശക്തി' ഉപയോഗിച്ചാണ് നമ്മുടെ പ്രതിരോധ വ്യവസ്ഥ ആ രോഗാണുവിനെ നശിപ്പിക്കുന്നത്. എന്നാല്‍ അഞ്ചാംപനി വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ കാവൽക്കാരായ മെമ്മറി കോശങ്ങളെയാണ് ലക്ഷ്യമിടുക. ഇതോടെ, മുൻപ് പ്രതിരോധ കുത്തിവെയ്പ്പിലൂടെയോ  അല്ലെങ്കിൽ രോഗം വന്ന് ഭേദമായതുകൊണ്ടോ നേടിയെടുത്ത വിവിധ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ ശേഷി ശരീരത്തിന് നഷ്ടപ്പെടുന്നു. അഞ്ചാംപനി രോഗം ഭേദമായിക്കഴിഞ്ഞാലും അടുത്ത ഏതാനും വർഷത്തേക്ക് ആ വ്യക്തിയുടെ ശരീരം മറ്റ് പല സാധാരണ രോഗങ്ങൾക്കും വളരെ വേഗത്തിൽ ഇരയാകാൻ സാധ്യതയുണ്ട്. 

ഇന്ത്യയുടെ സ്ഥിതിയും ജാഗ്രതയും

ഇന്ത്യയിൽ കുട്ടികൾക്കായി ശക്തമായ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം നിലവിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 98% കുട്ടികൾക്ക് ആദ്യ ഡോസും 95% കുട്ടികൾക്ക് രണ്ടാം ഡോസ് വാക്സീനും ലഭിക്കുന്നുണ്ട്. എന്നാൽ, ദേശീയ ശരാശരി ഉയർന്നതാണെങ്കിലും ചില വിട്ടുപോയ പ്രദേശങ്ങളിലോ വാക്സീൻ എടുക്കാൻ മടിക്കുന്ന ചെറിയ കൂട്ടായ്മകളിലോ കുട്ടികൾ സുരക്ഷിതരല്ലെങ്കിൽ അത് രോഗവ്യാപനത്തിന് വഴിയൊരുക്കും. വിദേശത്തുനിന്ന് ഒരാളിലൂടെ രോഗമെത്തിയാൽ പോലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത് വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയും പൂർണ്ണ ജാഗ്രത പാലിക്കേണ്ടതുണ്ട്.

രോഗം തടയാൻ ചെയ്യേണ്ടത് 

vaccine

അഞ്ചാംപനിയെ പ്രതിരോധിക്കാനുള്ള ഒരേയൊരു വഴി വാക്സിനേഷൻ മാത്രമാണ്. കുട്ടികൾക്ക് നൽകേണ്ട MR വാക്സീന്റെ രണ്ട് ഡോസുകളും കൃത്യസമയത്ത് നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും കാരണത്താൽ മുൻപ് വാക്സീൻ ഡോസുകൾ വിട്ടുപോയ കുട്ടികൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സീൻ പൂർത്തിയാക്കുക. അഞ്ചാംപനിയെ പേടിക്കേണ്ടതില്ല മറിച്ച് കൃത്യമായ വാക്സിനേഷനിലൂടെ പ്രതിരോധിക്കുകയാണ് വേണ്ടത്. 

What is Measles and Its Symptoms?:

Measles outbreak USA and global resurgence have raised public health concerns as the highly contagious virus makes a dramatic comeback in developed nations. Understanding the causes, immune amnesia effects, and the importance of timely vaccination is crucial for preventing widespread transmission