sleep-stroke

TOPICS COVERED

പൂര്‍ണ ആരോഗ്യത്തോടെ ഉറങ്ങാന്‍ കിടക്കുന്ന ഒരാള്‍ ചിലപ്പോള്‍ ഒരു ദിവസം ഉണരുന്നത് മങ്ങിയ കാഴ്ച, തളര്‍ച്ച, വ്യക്തമല്ലാത്ത സംസാരങ്ങള്‍ എന്നിവയോടെയായിരിക്കാം. എന്താണ് സംഭവിക്കുന്നത് എന്നുപോലും പെട്ടെന്ന് മനസ്സിലാകാത്ത അവസ്ഥയിലായിരിക്കും അപ്പോള്‍. ഒരുപക്ഷേ ഉറക്കത്തിലുണ്ടായ പക്ഷാഘാതത്തിന്‍റെ (സ്ട്രോക്ക്) ലക്ഷണങ്ങളായിരിക്കാം ഇവ. കൃത്യമായി ഏത് സമയത്താണ് ഇത് സംഭവിച്ചത് എന്ന് അറിയില്ലെങ്കിൽ പോലും ഈ ലക്ഷണങ്ങൾ വേഗത്തിൽ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.

എന്തുകൊണ്ടാണ് ഉറക്കത്തിൽ സ്‌ട്രോക്ക്?

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴോ (ഇസ്കെമിക് സ്ട്രോക്ക്) രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുമ്പോഴോ (ഹെമറേജിക് സ്ട്രോക്ക്) ആണ് സ്ട്രോക്ക് സംഭവിക്കുന്നത്. ഉറക്കത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ വ്യക്തി ഉണരുന്നത് വരെ അറിയാൻ കഴിഞ്ഞെന്നുപോലും വരില്ല. 'വേക്ക്-അപ്പ് സ്ട്രോക്കുകൾ' എന്നാണ് ഇത്തരം അവസ്ഥകളെ വിളിക്കുന്നത്.

സമയം വളരെ പ്രധാനം

ഒരാൾക്ക് സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെ അവസാനമായി കണ്ട സമയത്തെയാണ് 'ലാസ്റ്റ് നോൺ വെൽ ടൈം' എന്ന് വിശേഷിപ്പിക്കുന്നത്. മിക്കപ്പോഴും ഇത് ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുന്‍പുള്ള സമയമായിരിക്കും. രോഗം തുടങ്ങിയ കൃത്യമായ സമയം വ്യക്തമല്ലെങ്കിലും തലച്ചോറിന്‍റെ സ്കാനിങ്ങിലൂടെയും പരിശോധനകളിലൂടെയും ചികിത്സ സാധ്യമാണോ എന്ന് നിർണയിക്കാൻ കഴിയും. രോഗം തുടങ്ങിയ സമയം കൃത്യമായി അറിയില്ല എന്നത് ചികിത്സ ലഭിക്കുന്നതിന് ഒരു തടസ്സമല്ല.

മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയാം

സാധാരണയായുള്ള സ്ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയാൻ BEFAST എന്ന രീതി സഹായിക്കും:

B - Balance (സന്തുലിതാവസ്ഥ): പെട്ടെന്ന് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, തലകറക്കം അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ട്.

E - Eyes (കണ്ണുകൾ): പെട്ടെന്നുണ്ടാകുന്ന മങ്ങിയ കാഴ്ച, രണ്ടായി കാണുക (Double vision) അല്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുക.

F - Face (മുഖം): ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരു വശം കോടിപ്പോവുക അല്ലെങ്കിൽ താഴ്ന്നുപോവുക.

A - Arms (കൈകൾ): ഒരു കൈക്ക് തളർച്ച അനുഭവപ്പെടുക അല്ലെങ്കിൽ ഉയർത്തിപ്പിടിക്കുമ്പോൾ താഴേക്ക് പോവുക.

S - Speech (സംസാരം): സംസാരം അസ്പഷ്ടമാവുക അല്ലെങ്കിൽ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

T - Time (സമയം): ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതുണ്ട്.

പെട്ടെന്നുണ്ടാകുന്ന തരിപ്പ്, ആശയക്കുഴപ്പം, കാഴ്ച നഷ്ടപ്പെടൽ, കഠിനമായ തലവേദന, തലകറക്കം അല്ലെങ്കിൽ സംതുലിതാവസ്ഥ നഷ്ടപ്പെടൽ എന്നിവയാണ് മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങൾ. താത്കാലികമായി മാത്രം ലക്ഷണങ്ങൾ കാണിക്കുന്ന 'ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക്' അഥവാ മിനി-സ്ട്രോക്കിനും ഉടനടി അടിയന്തര വൈദ്യപരിശോധന ആവശ്യമാണ്. ഉണരുമ്പോൾ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് പെട്ടെന്ന് ഉണ്ടാകുന്ന ഏതൊരു ലക്ഷണവും അടിയന്തര സാഹചര്യമായി കാണണം. ആ ലക്ഷണങ്ങൾ മാറുന്നു എന്ന് തോന്നിയാൽ പോലും ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെട്ട സമയവും രോഗിക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതിരുന്ന അവസാന സമയവും കുറിച്ചുവെക്കുക. ലക്ഷണങ്ങൾ താനേ മാറുമെന്നും കരുതി കാത്തിരിക്കരുത്.

ശ്രദ്ധിക്കേണ്ട അപകടസാധ്യതകൾ

നിയന്ത്രണവിധേയമല്ലാത്ത ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിനുള്ള ഒരു പ്രധാന കാരണമാണ്. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി എന്നിവയും സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയമിടിപ്പിലെ ക്രമക്കേട് കാരണം രക്തം കട്ടപിടിക്കാൻ ഇടയാക്കുന്ന 'ഏട്രിയൽ ഫൈബ്രിലേഷൻ' ആണ് മറ്റൊരു പ്രധാന കാരണം. ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന 'ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ' എന്ന അവസ്ഥയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. പ്രഭാതത്തോട് അടുക്കുമ്പോൾ രക്തസമ്മർദ്ദം സ്വാഭാവികമായി ഉയരുന്നത് സ്ട്രോക്ക് സാധ്യതയുള്ളവരിൽ അപകടസാധ്യത കൂട്ടാം. മോശം ഉറക്കവും രക്തസമ്മർദ്ദത്തെയും ഉപാപചയ ആരോഗ്യത്തെയും ബാധിക്കാം.

തെറ്റായ ധാരണകൾ

സ്ട്രോക്ക് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന ധാരണ വച്ചുപുലര്‍ത്തുന്നവരുണ്ട്. എന്നാല്‍ പക്ഷാഘാതം ഇത് ഏത് പ്രായത്തിലും സംഭവിക്കാം. ഉറങ്ങിത്തീർത്താൽ ലക്ഷണങ്ങൾ മാറും എന്ന തെറ്റിദ്ധാരണയും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വൈദ്യപരിശോധന വൈകിക്കുന്നത് ചികിത്സാ സാധ്യതകളെ കുറയ്ക്കുകയേയുള്ളു. എല്ലാ സ്ട്രോക്കും ശരീരം തളര്‍ന്നുപോകുന്ന അവസ്ഥ സൃഷ്ടിക്കുന്നു എന്നതും തെറ്റാണ്. ചില സ്ട്രോക്കുകൾ സംസാരം, കാഴ്ച, സന്തുലിതാവസ്ഥ, ചിന്താശേഷി എന്നിവയെ മാത്രമാണ് ബാധിക്കുന്നത്.

സാധ്യതകൾ കുറയ്ക്കാം

കൃത്യമായ ഉറക്കക്രമം പാലിക്കുക, രക്തസമ്മർദ്ദം പരിശോധിക്കുക, ക്രമമായി വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക, പുകവലി ഉപേക്ഷിക്കുക, പതിവായി ആരോഗ്യപരിശോധനകൾ നടത്തുക എന്നിവയാണ് പക്ഷാഘാതസാധ്യകള്‍ കുറയ്ക്കാന്‍ പാലിക്കേണ്ട ദിനചര്യകള്‍. ഉറക്കത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കനത്ത കുറുകലും ശ്വാസം നിലയ്ക്കലും വൈദ്യപരിശോധന അർഹിക്കുന്നതാണ്. ഉണരുമ്പോൾ സംസാരം, ചലനം, കാഴ്ച അല്ലെങ്കിൽ സന്തുലിതാവസ്ഥ എന്നിവയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഉടനടിയുള്ള വൈദ്യപരിശോധന മികച്ച ചികിത്സ ഉറപ്പാക്കാനും വേഗത്തിൽ രോഗമുക്തി നേടാനും സഹായിക്കും.

Understanding Wake-Up Strokes During Sleep:

Wake up stroke refers to a sudden brain stroke that occurs during sleep and is noticed only upon waking up. Recognizing symptoms like blurred vision, weakness, and slurred speech is crucial for timely medical intervention