AI Generated Image

AI Generated Image

TOPICS COVERED

ഒരു മിനിറ്റിന് എന്ത് വിലയുണ്ട്? ഒരു നാഡീകോശത്തിന് എന്ത് വിലയുണ്ടെന്ന് ചോദിക്കുന്നതുപോലെയാണത്. സമയം വിലമതിക്കാനാകാത്തതാണെന്ന് ബോധ്യപ്പെടുത്തുന്ന ചില നിമിഷങ്ങളുണ്ട്. പക്ഷേ, അത് തിരിച്ചറിയുമ്പോഴേക്കും വിലപ്പെട്ട സമയം കടന്നുപോയിട്ടുണ്ടാകും.

പറഞ്ഞുവരുന്നത് സ്ട്രോക്കിനെക്കുറിച്ചാണ്. സ്ട്രോക്ക് സംഭവിച്ചുകഴിഞ്ഞാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. രോഗം തിരിച്ചറിയാനും ചികിത്സ തേടാനുമെടുക്കുന്ന ഓരോ നിമിഷവും നമുക്ക് നഷ്ടപ്പെടുത്തുന്നത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളാണ്.

സ്ട്രോക്ക് സംഭവിച്ചശേഷമുള്ള ചെറിയ കാലതാമസം പോലും ജീവിതകാലം മുഴുവൻ നീളുന്ന വൈകല്യത്തിലേക്ക് നയിക്കാം. പ്രമുഖ ന്യൂറോസർജൻ ഡോ. അരുൺ ഉമ്മൻ മുന്നറിയിപ്പ് നൽകുന്നു. ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് പങ്കുവച്ച സന്ദേശത്തിലാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങളെക്കുറിച്ചും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചത്.

‘ഡോക്ടറേ, രാവിലെ മുതൽ സംസാരത്തിൽ ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. ക്ഷീണമാണെന്ന് കരുതി കിടന്നുറങ്ങാൻ പറഞ്ഞു. വൈകുന്നേരമായപ്പോഴേക്കും ശരീരത്തിന്റെ ഒരു വശം മുഴുവൻ തളർന്നുപോയി.’

ഒരു ന്യൂറോസർജൻ എന്ന നിലയിൽ താൻ പതിവായി കേൾക്കുന്ന അനുഭവമാണിതെന്ന് ഡോ. അരുൺ ഉമ്മൻ പറയുന്നു. ഇവിടെ രോഗത്തേക്കാൾ അപകടകാരിയാകുന്നത് ചികിത്സ തേടാനുള്ള കാലതാമസമാണ്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. രക്തക്കുഴൽ അടഞ്ഞുണ്ടാകുന്ന സ്ട്രോക്കിൽ ഓക്സിജൻ ലഭിക്കാതെ തലച്ചോറിലെ നാഡീകോശങ്ങൾ അതിവേഗം നശിച്ചുതുടങ്ങും. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ നഷ്ടപ്പെടാം.

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം? ഓർക്കാം BEFAST എന്ന ആറ് അക്ഷരങ്ങൾ.

B – Balance. ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടുക. പെട്ടെന്ന് നടക്കാൻ ബുദ്ധിമുട്ടുണ്ടാകുക.

E – Eyes. പെട്ടെന്ന് കാഴ്ച മങ്ങുകയോ കാഴ്ച നഷ്ടപ്പെടുകയോ ഇരട്ടക്കാഴ്ച അനുഭവപ്പെടുകയോ ചെയ്യുക.

F – Face. ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരു വശം കോടിപ്പോകുക.

A – Arms. ഒരു കൈയ്ക്ക് പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക.

S – Speech. സംസാരത്തിൽ കുഴച്ചിലുണ്ടാകുക. വാക്കുകൾ വ്യക്തമായി പറയാനോ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാനോ ബുദ്ധിമുട്ടുണ്ടാകുക.

T – Time. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് കണ്ടാൽ സമയം പാഴാക്കാതെ അടിയന്തര വൈദ്യസഹായം തേടുക.

പെട്ടെന്നുണ്ടാകുന്ന അസാധാരണമായ കടുത്ത തലവേദനയും സ്ട്രോക്കിന്റെ മുന്നറിയിപ്പാകാം. ഈ ലക്ഷണങ്ങളെല്ലാം ഒരേസമയം പ്രത്യക്ഷപ്പെടണമെന്നില്ല. ഒന്നോ അതിലധികമോ ലക്ഷണങ്ങൾ കണ്ടാൽത്തന്നെ ജാഗ്രത പാലിക്കണം.

സ്ട്രോക്ക് സംശയിച്ചാൽ എന്തുചെയ്യണം?

സാധ്യമെങ്കിൽ ആംബുലൻസിൽത്തന്നെ രോഗിയെ കഴിയുന്നത്ര വേഗം സ്ട്രോക്ക് ചികിത്സാസൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം. ഏത് ആശുപത്രിയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നതിലും സമയം നിർണായകമാണ്.

ലക്ഷണങ്ങൾ തുടങ്ങിയത് എപ്പോഴാണെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഉറക്കമുണർന്നപ്പോഴാണ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതെങ്കിൽ, അവസാനമായി രോഗിയെ സാധാരണ നിലയിൽ കണ്ട സമയം കൂടി അറിയിക്കണം. ചികിത്സ തീരുമാനിക്കാൻ ഈ വിവരങ്ങൾ ഡോക്ടർമാരെ സഹായിക്കും.

ലക്ഷണങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ മാറിയാലും ആശുപത്രിയിൽ പോകാതിരിക്കരുത്. ‘അഞ്ചുമിനിറ്റ് കൈ തളർന്നു. പിന്നെ എല്ലാം ശരിയായി. ഇനി പേടിക്കാനില്ല’ എന്ന് കരുതുന്നത് അപകടകരമാണ്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം താൽക്കാലികമായി തടസ്സപ്പെടുന്ന അവസ്ഥയായ ട്രാൻസിയന്റ് ഇസ്കീമിക് അറ്റാക്ക് അഥവാ TIA, വരാനിരിക്കുന്ന വലിയ സ്ട്രോക്കിന്റെ മുന്നറിയിപ്പാകാം. അതിനാൽ ലക്ഷണങ്ങൾ മാറിയാലും അടിയന്തര വൈദ്യപരിശോധന ആവശ്യമാണ്.

സ്ട്രോക്ക് വന്നാൽ എന്തൊക്കെ ചെയ്യരുത്?

ഒന്ന്, ലക്ഷണങ്ങൾ തനിയെ മാറുമെന്ന് കരുതി കാത്തിരിക്കരുത്.

രണ്ട്, രോഗിയെ ഉറങ്ങാൻ അനുവദിച്ച് സമയം പാഴാക്കരുത്.

മൂന്ന്, വെള്ളമോ ഭക്ഷണമോ ഗുളികകളോ വായിലൂടെ നൽകരുത്. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് കാരണം ഇവ ശ്വാസനാളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്.

നാല്, ഡോക്ടറുടെ നിർദേശമില്ലാതെ ആസ്പിരിൻ നൽകരുത്. രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടായുള്ള സ്ട്രോക്കിൽ ഇത് അപകടകരമാകാം.

അഞ്ച്, മുഖത്ത് വെള്ളമൊഴിക്കുകയോ രോഗിയെ ശക്തമായി കുലുക്കുകയോ ചെയ്യരുത്.

ആറ്, കൈകാലുകൾ തിരുമ്മുന്നതും എണ്ണ പുരട്ടുന്നതും ചികിത്സയ്ക്ക് പകരമല്ല.

ഏഴ്, രക്തസമ്മർദം സ്വയം കുറയ്ക്കാൻ ശ്രമിക്കരുത്.

എട്ട്, രോഗിയെ സ്വയം വാഹനമോടിച്ച് ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കരുത്. അടിയന്തര വൈദ്യസഹായം തേടുക.

ഓർക്കുക, സ്ട്രോക്കിൽ ഓരോ മിനിറ്റും നിർണായകമാണ്. ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലും ചികിത്സ തേടുന്നതിലും വരുത്തുന്ന കാലതാമസം തലച്ചോറിലെ കൂടുതൽ നാഡീകോശങ്ങളുടെ നാശത്തിന് കാരണമാകാം.

സമയം പാഴാക്കരുത്. ലക്ഷണങ്ങൾ തിരിച്ചറിയുക. ഉടൻ ചികിത്സ തേടുക. നിങ്ങളുടെ സമയോചിതമായ തീരുമാനം ഒരു ജീവൻ രക്ഷിച്ചേക്കാം.