Image Credit: Centers for Disease Control and Prevention

Image Credit: Centers for Disease Control and Prevention

  • യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പരത്തുന്ന അത്യപൂര്‍വവും എന്നാല്‍ മരണകാരണവുമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിക് പ്ലേഗ്. അണുബാധയുടെ ഏറ്റവും ഭീതിദമായ അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍

28കാരിയായ റഷ്യന്‍ ഗവേഷകയുടെ മരണത്തിന് പിന്നാലെ പ്ലേഗിനെ ചുറ്റിപ്പറ്റിയുള്ള ആശങ്ക ലോകമെങ്ങും നിറയുകയാണ്. ആന്‍റ് പ്ലേഗ് ലാബിലെ ഗവേഷക ഉഗ്രശേഷിയുള്ള ബാക്ടീരിയ ചോര്‍ന്നതിനെ തുടര്‍ന്ന് ന്യുമോണിക്  പ്ലേഗ് പിടിപെട്ട് മരിച്ചതെന്നായിരുന്നു പുറത്തുവന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ റഷ്യയോ ലോകാരോഗ്യ സംഘടനയോ ഔദ്യോഗീക സ്ഥിരീകരണം നടത്തിയിട്ടില്ല. 

എന്താണ് ന്യുമോണിക് പ്ലേഗ്? 

യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പരത്തുന്ന അത്യപൂര്‍വവും എന്നാല്‍ മരണകാരണവുമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിക് പ്ലേഗ്. അണുബാധയുടെ ഏറ്റവും ഭീതിദമായ അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. യെര്‍സിനിയ പെസ്റ്റിസില്‍ നിന്നുണ്ടാകുന്ന മറ്റ് പ്ലേഗുകള്‍ ശരീരത്തിലെ മറ്റുള്ള  ഭാഗങ്ങളെയും ബാധിക്കാം. ബുബോണിക് പ്ലേഗാണിതില്‍ പ്രധാനം. ശരീരത്തിലെ മുറിവിലൂടെയോ പ്രാണിയുടെ കടിയില്‍ നിന്നോ ആണ് ബാക്ടീരയ ശരീരത്തില്‍ പ്രവേശിക്കുക. ഇതോടെ ശരീരത്തിലെ ലിംഫ് നോഡുകളില്‍ വേദനയും നീരും ഉണ്ടാകുകയും ഇത് മെല്ലെ സെപ്റ്റിസെമിക് പ്ലേഗിന് കാരണമാകുകയും ചെയ്യും.

രക്തപ്രവാഹത്തെയാണ് സെപ്റ്റിസെമിക് പ്ലേഗ് ബാധിക്കുക. ഇത് ക്രമേണെ അവയവങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും. ഫരിനെഗല്‍ പ്ലേഗാണ് മറ്റൊന്ന്. രോഗാണുവുള്ള ഇറച്ചി ആളുകള്‍ കഴിക്കുമ്പോള്‍ ഇത് തൊണ്ടയില്‍ അണുബാധയ്ക്ക് കാരണമാകും.

എങ്ങനെയാണ് രോഗം പകരുന്നത്?

വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് പകരുന്ന പ്ലേഗിന്റെ ഏകരൂപമാണ് ന്യുമോണിക് പ്ലേഗ്. അണുബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണു പുറത്തുവരുന്നു. അണുബാധയുള്ള മൃഗങ്ങളുടെ സ്രവങ്ങളില്‍ നിന്നും രോഗം പകരാം. 1924 ല്‍ ലൊസാഞ്ചലസിലാണ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ന്യുമോണിക് പ്ലേഗ് പടര്‍ന്നതായി ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

എന്താണ് ന്യുമോണിക് പ്ലേഗിന്‍റെ ലക്ഷണങ്ങള്‍?

ന്യുമോണിക് പ്ലേഗ് ബാധിക്കുന്നതോടെ ന്യുമോണിയ തീവ്രമാകുകയും കടുത്ത ശ്വാസതടസം നേരിടുകയും ചെയ്യും. പനി, വിറയല്‍, തലവേദന, ശരീരവേദന, ക്ഷീണം, തളര്‍ച്ച, ഛര്‍ദി, വയറിളക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. അണുബാധയുണ്ടായി 24 മണിക്കൂറിനകം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. യഥാസമയം ചികില്‍സ ലഭിച്ചില്ലെങ്കില്‍ മരണവും സംഭവിക്കാം.

ന്യുമോണിക് പ്ലേഗിന് ചികില്‍സയുണ്ടോ?

രണ്ടാഴ്ചത്തെ ആന്‍റിബയോട്ടിക്സുകളിലൂടെ ന്യുമോണിക് പ്ലേഗിനെ ചികില്‍സിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സിപ്രോഫ്ലോക്സാസിന്‍, ലിവോഫ്ലോക്സാസിന്‍, മോക്സിഫ്ലോക്സാസിന്‍,ജെന്‍റാമിസിന്‍, സ്ട്രെപ്റ്റോമൈസിന്‍ എന്നിവയാണ് സാധാരണയായി നല്‍കി വരുന്ന ആന്‍റിബയോട്ടിക്സുകള്‍. അണുബാധ സ്ഥിരീകരിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ ആന്‍റിബയോട്ടിക്സുകള്‍ നല്‍കിത്തുടങ്ങിയാല്‍ മാത്രമേ രോഗിക്ക് അതിജീവനത്തിനുള്ള സാധ്യതയുള്ളൂ. ആന്‍റിബയോട്ടിക്സുകള്‍ക്ക് പുറമെ ഓക്സിജനും മറ്റ് ഫ്ലൂയിഡുകളും പൂര്‍ണ വിശ്രമവുമാണ് രോഗിക്ക് നിര്‍ദേശിക്കാറുള്ളത്. 

പ്ലേഗിന് വാക്സീനുണ്ടോ? എന്തുകൊണ്ടിപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നു?

19–ാം നൂറ്റാണ്ട് മുതല്‍ പ്ലേഗിന് വാക്സീന‍് നിലവിലുണ്ടെങ്കിലും അത് ന്യുമോണിക് പ്ലേഗില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുമോ എന്നതില്‍ കൃത്യതയില്ലെന്ന് ഗവേഷകരും പറയുന്നു. നിലവില്‍ ലാബ് ജീവനക്കാര്‍ പോലെ ഹൈ റിസ്ക് ഗ്രൂപ്പിലുള്ളവര്‍ക്കല്ലാതെ ആര്‍ക്കും ലോകാരോഗ്യ സംഘടനയും വാക്സീന്‍ നിര്‍ദേശിക്കുന്നില്ല. 14–ാം നൂറ്റാണ്ടില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് ബാധയില്‍ 50 ദശലക്ഷം ആളുകളാണ് യൂറോപ്പില്‍ മാത്രം മരിച്ചത്. ആന്‍റിബയോട്ടിക്സുകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പ്ലേഗ് നിര്‍മാര്‍ജനം നടത്തിയെങ്കിലും ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ നിന്ന് പലപ്പോഴായി രോഗം റിപ്പോര്‍ട്ട ്ചെയ്തിട്ടുണ്ട്. 2025 ല്‍ അരിസോണയിലാണ് ന്യുമോണിക് പ്ലേഗ് ബാധിച്ച് മരണം സംഭവിച്ചതായി ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധയുള്ള പൂച്ചകള്‍ക്കൊപ്പമുള്ള സഹവാസത്തില്‍ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്നായിരുന്നു നിഗമനം. ഇത് മറ്റാരിലേക്കും പകര്‍ന്നിരുന്നില്ല. 

ENGLISH SUMMARY: