Image Credit: Reuters
സൈബീരിയയിലെ പ്ലേഗ് ഗവേഷണ ലാബില്‍ നിന്നും ബാക്ടീരിയ ചോര്‍ന്ന് ഗവേഷക മരിച്ചതിന് പിന്നാലെ ലാബ് ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നവരുമായ 200ലേറെപ്പേര്‍ ക്വാറന്‍റീനില്‍. കഴിഞ്ഞയാഴ്ച അവസാനമാണ് സൈബിരിയയിലെ ഇര്‍കുത്സ്ക് ആന്‍റ്–പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക ന്യുമോണിയ ബാധിച്ച് മരിച്ചത്. ഇത് ന്യുമോണിക് പ്ലേഗ് ആണെന്നാണ് നിഗമനം. എന്നാല്‍ ഗവേഷകയുടെ ശരീരത്തില്‍ നിന്ന് ലബോറട്ടറിയുമായി ബന്ധപ്പെട്ട ഒരു സൂക്ഷ്മജീവികളെയും കണ്ടെത്തിയിട്ടില്ലെന്നും ലാബിലെ മറ്റ് ജീവനക്കാര്‍ക്ക് ആര്‍ക്കും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രാദേശിക ഗവര്‍ണര്‍ ഇഗോര്‍ കൊബ്സേവ് അറിയിച്ചു. പ്രദേശത്ത് നിലവില്‍ പകര്‍ച്ചവ്യാധി ഭീഷണി ഇല്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read: ‘ബാധിച്ചാല്‍ 24 മണിക്കൂറിനകം മരണം; രോഗിക്ക് യാത്ര ചെയ്യാനാകില്ല’; റഷ്യന്‍ ലാബില്‍ നിന്ന് പുറത്തുചാടി രോഗാണു, ആശങ്ക വേണ്ടെന്ന് ഐഎംഎ
ഗവേഷകയെ അഡ്മിറ്റ് ചെയ്തിരുന്ന ആശുപത്രി ക്വാറന്‍റീന്‍ സെന്‍ററാക്കി അടച്ചുവെന്ന് ഷെലേഖോവ് മുന്‍സിപ്പല്‍ മേയര്‍ മസ്കിം മൊദീന്‍ വ്യക്തമാക്കി. ഗവേഷകയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട 200 പേരെ ക്വാറന്‍റീനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 28 വയസ് പ്രായമുള്ള ഗവേഷകയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പേരടക്കമുള്ളവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, യുഎസില്‍ നിന്ന് റഷ്യയിലേക്കും തിരിച്ചും വളരെ പരിമിതമായ ബന്ധമാണ് ഉള്ളതെന്നും പുറത്തുവന്ന വാര്‍ത്തകളിലേത് പോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അതിവേഗം പരക്കാമെന്നും സ്ഥിതിഗതികള്‍ യുഎസ് സര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റുബിയോ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടാനുള്ള സ്ഥിതിയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും പക്ഷേ ജാഗ്രതവേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്തുവന്ന വാര്‍ത്തകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്നും കടുത്ത ന്യുമോണിയ ബാധിച്ച് മരണം എന്നത് മാത്രമേ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും മരണകാരണം ഔദ്യോഗികമായി ഇതുവരേക്കും പ്രഖ്യാപിക്കാന്‍ ആയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. അതേസമയം, വാര്‍ത്തയില്‍ കൃത്യമായ വസ്തുത പുറത്തുവിടാന്‍ റഷ്യ തയാറാവണമെന്ന് വൈറ്റ്ഹൗസ് മുന്‍ കോവിഡ് റെസ്പോണ്‍സ് വക്താവ് പ്രതികരിച്ചു. ന്യൂമോണിക് പ്ലേഗിന്‍റെ ഒറ്റപ്പെട്ട കേസാണിതെന്നാണ് താന്‍ കരുതുന്നതെന്നും മറ്റാര്‍ക്കും ഇതുവരെ അസുഖബാധയില്ലെന്നും ആശിഷ് ഝാ കൂട്ടിച്ചേര്‍ത്തു. 'ന്യൂമോണിക് പ്ലേഗ് വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് പകരാന്‍ സാധ്യത കുറവാണെന്നും കുറച്ച് പേരില്‍ അണുബാധ കണ്ടെത്തിയാല്‍ തന്നെ മഹാമാരിയായി ലോകത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം എന്‍ബിസി ന്യൂസിനോട് പ്രതികരിച്ചു. 'എന്നാല്‍ ജൈവായുധം പോലെ എന്തെങ്കിലും ഈ ലാബുകളില്‍ വികസിപ്പിക്കുന്നുണ്ടെങ്കില്‍ അതിലാണ് ആശങ്ക വേണ്ടത്. അക്കാര്യത്തില്‍ വ്യക്തത വേണം' എന്നും ആശിഷ് ഝാ വ്യക്തമാക്കി.