Image: Drones, X, @theinformant_x

Image: X, @theinformant_x, Interceptor drone,File, Manorama

TOPICS COVERED

  • യുക്രെയ്നെ സമ്മര്‍ദത്തിലാക്കാന്‍ അമേരിക്കയുടെ ശ്രമമോ? സാറ്റ്‌ലൈറ്റ് തടസം സാങ്കേതികമോ രാഷ്ട്രീയ നീക്കമോ? ചോദ്യമുന്നയിച്ച് വോളോഡിമിര്‍ സെലെന്‍സ്കി, എല്ലാം തള്ളി വൈറ്റ് ഹൗസ്

റഷ്യ ലക്ഷ്യമാക്കി യുക്രെയ്ന്‍ അയച്ച ഡ്രോണുകള്‍ യുഎസ് സാറ്റലൈറ്റുകളിലുണ്ടായ തടസത്തെത്തുടര്‍ന്ന് താഴേക്ക് പതിച്ച് വന്‍ നഷ്ടമെന്ന് റിപ്പോര്‍ട്ട്. യുഎസ് സൈനിക ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർഷീൽഡിലുണ്ടായ തടസമാണ് യുക്രെയിന്‍റെ ഒരു മില്യണ്‍ ഡോളറിലേറെ വിലമതിക്കുന്ന ഡ്രോണുകള്‍ തകര്‍ന്നു വീഴുന്നതിനു കാരണമായതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: ഇത് 'ഡെമോഗോർഗണോ? അതോ ദിനോസറുകള്‍ മടങ്ങി വരുന്നോ?' വിചിത്രജീവിയില്‍ അമ്പരപ്പ്

ഇതേത്തുടര്‍ന്ന് റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണം ഉള്‍പ്പെടെയുള്ള സകല സൈനിക നീക്കങ്ങളും നിര്‍ത്തിവയ്ക്കേണ്ടിവന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയിന്‍ സൈനിക മേധാവികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. റഷ്യന്‍ കേന്ദ്രങ്ങളിലേക്ക് നീങ്ങുകയായിരുന്ന ഡ്രോണുകളുടെ ദൃശ്യങ്ങള്‍ പെട്ടെന്ന് മങ്ങുകയും ഭൂമിയിലെ നിയന്ത്രണ സംവിധാനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തതായി യുക്രെയ്ന്‍ സൈനിക കമാന്‍ഡര്‍ ഒലേ പറയുന്നു.

ഡ്രോണുകള്‍ തകര്‍ന്നത് യുദ്ധമുഖത്ത് യുക്രെയ്ന്‍റെ സകല സൈനിക നീക്കങ്ങളേയും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുട്ടിനുമായി ചേര്‍ന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന തരത്തിലുള്ള ട്രംപിന്‍റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് വികസിപ്പിച്ച സൈനിക ആവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹ ആശയവിനിമയ സംവിധാനമാണ് സ്റ്റാര്‍ഷീല്‍ഡ്.

Also Read: പ്രകൃതിഭംഗി ആസ്വദിച്ച് വിസ്റ്റാഡോം കോച്ചിലെ യാത്ര; കേരളത്തില്‍ ആദ്യ സര്‍വീസ് ഇന്ന് മുതല്‍

യുക്രെയ്ന്‍ സൈന്യം ആശയവിനിമയത്തിനു ഉപയോഗിക്കുന്ന സ്റ്റാര്‍ലിങ്കിന്‍റെ നൂതന സംവിധാനമാണിത്. പെന്റഗണ്‍ ആണ് സ്റ്റാര്‍ഷീല്‍ഡ് നിയന്ത്രിക്കുന്നതെന്നാണ് ഇലോണ്‍ മസ്ക് നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളാണ് യുക്രെയ്നുള്ള സ്റ്റാര്‍ഷീല്‍ഡ് സേവനത്തിന്റെ ചെലവ് വഹിക്കുന്നത്. അതേസമയം എല്ലാ യുക്രെയ്ന്‍ സൈനിക യൂണിറ്റുകള്‍ക്കും ഈ സംവിധാനം ലഭ്യമാകില്ല. സ്റ്റാര്‍ലിങ്കിലും സ്റ്റാര്‍ഷീല്‍ഡിലും പ്രശ്നങ്ങളുണ്ടെന്ന് യുക്രെയ്ന്‍ ആരോപിക്കുന്നു.

 

ഡ്രോണുകള്‍ കുറഞ്ഞ വേഗതയായ 40 മൈലില്‍ സഞ്ചരിച്ചപ്പോഴും പിന്നീട് 100 മൈലിലേക്ക് മാറിയപ്പോഴും കണക്ഷന്‍ നഷ്ടപ്പെട്ടതായി യുക്രെയ്ന്‍ അവകാശപ്പെടുന്നു. അതേസമയം റഷ്യന്‍ ഡ്രോണുകളുടെ ആക്രമണം തടയാന്‍ ഉപയോഗിക്കുന്ന ഇന്‍റര്‍സെപ്റ്റര്‍ ഡ്രോണുകളേയും പ്രശ്നം ബാധിച്ചതായി വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു.

ഈ പ്രശ്നങ്ങള്‍ക്കു പിന്നാലെ ഉപഗ്രഹ ബന്ധത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനായി ബദല്‍ സംവിധാനം തേടുകയാണ് യുക്രെയ്ന്‍. എന്നാല്‍ ഈ പ്രവര്‍ത്തനത്തിനായി സൈനികരെ മാറ്റുമ്പോള്‍ യുദ്ധമുഖത്തെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഉപഗ്രഹതടസം രാഷ്ട്രീയ തീരുമാനമോ?

എന്നാലിതൊരു സാങ്കേതിക തടസം മാത്രമല്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരിക്കാമെന്നുമാണ് യുക്രെയ്ന്‍ സൈനിക മേധാവികള്‍ സംശയിക്കുന്നത്. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കു പിന്നാലെ തങ്ങളെ സമ്മർദത്തിലാക്കാനുള്ള നീക്കമായിരിക്കാമെന്ന് യുക്രെയ്ന്‍ സംശയിക്കുന്നുണ്ട്. അതോടൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ യുക്രെയ്‌നെ വിട്ടുവീഴ്ചകൾക്ക് പ്രേരിപ്പിക്കാൻ അമേരിക്ക ആശയവിനിമയ സംവിധാനങ്ങളെ ഉപാധിയായി ഉപയോഗിക്കുമെന്ന ആശങ്കയും സൈനികർ പങ്കുവച്ചതായി റിപ്പോർട്ട് പറയുന്നു. എന്നാലീ സംശയങ്ങളെയെല്ലാം തളളിക്കളയുകയാണ് വൈറ്റ് ഹൗസ്.

ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണം വൈറ്റ് ഹൗസും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നിഷേധിച്ചു. ഉപഗ്രഹ ആശയവിനിമയത്തിലെ തടസത്തെക്കുറിച്ച് അമേരിക്കയോട് വിശദീകരണം തേടിയിട്ടുണ്ട് യുക്രെയ്ൻ. ഈ സംഭവവികാസങ്ങൾ യുക്രെയ്ൻ അമേരിക്ക ബന്ധത്തിലും യുദ്ധമുഖത്തെ സൈനിക നീക്കങ്ങളിലും പുതിയ ആശങ്കകൾ സൃഷ്ടിക്കുകയാണെന്നാണ് സൂചന.

ENGLISH SUMMARY:

Ukrainian drones targeting Russian military installations and fuel storage facilities reportedly crashed after experiencing satellite connectivity disruptions involving Starshield, the US military satellite communications system developed by SpaceX, according to The New York Times. The reported failures allegedly destroyed drones worth more than $1 million and disrupted Ukrainian military operations, including attacks on Russian targets and the use of interceptor drones. Ukrainian military commanders suspect the disruptions may have been politically motivated amid tensions over Russia-related negotiations, although the White House and US President Donald Trump have denied allegations that satellite internet services were deliberately altered. Ukraine has reportedly sought explanations from Washington and is exploring alternative communications systems to reduce its dependence on satellite connectivity