Image Credit:X/Reprodução
ജനപ്രിയ നെറ്റ്ഫ്ലിക്സ് സയന്‍സ് ഫിക്ഷന്‍ സീരിസായ 'സ്ട്രെയ്ഞ്ചര്‍ തിങ്'സില്‍ ഉള്ള രാക്ഷസ ജീവിക്ക് സമാനമായ ജീവിയെ അമേരിക്കയില്‍ കണ്ടെത്തി. യുഎസ്– മെക്സിക്കോ അതിര്‍ത്തിയിലാണ് വലിയ ഉടുമ്പിനോടോ ദിനോസറിന്റെ ചെറുരൂപത്തോടോ സാമ്യമുള്ള ജീവിയെ കണ്ടെത്തിയത്. മതിലില്‍ പിടിച്ചു കയറി അപ്പുറത്തേക്ക് ചാടിക്കടക്കാന്‍ നോക്കുന്ന ജീവിയുടെ ചിത്രങ്ങളാണ് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്. അതേസമയം, ഇങ്ങനെയൊരു ജീവിയെ കുറിച്ച് പ്രദേശവാസികള്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഈ രാക്ഷസ ജീവി കോഴികളെയും മുയലുകളെയും പിടികൂടിക്കൊണ്ട് പോകുന്നതായി മെക്സിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ജെയ്മി മോസന്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീണ്ട വാലും കാലുമുള്ളതാണ് ചിത്രത്തിലെ ജീവി. ഇത്തരമൊരു ജീവിയെ പ്രദേശത്ത് ഇതുവരെ കണ്ടിട്ടില്ലെന്നാണ് ചിത്രം പ്രചരിച്ചതിന് പിന്നാലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ചിത്രം വൈറലായതോടെ ഇത് 'ഡെമോഗോർഗണെ' പോലെയുണ്ടെന്നായിരുന്നു ആളുകളുടെ കമന്‍റ്. ആറടിയോളം നീളമാണ് തലമുതല്‍ വാല് വരെ ഇതിനുള്ളതെന്നും വാല് മാത്രം മൂന്നടി നീളമുണ്ടെന്നും ചിത്രം വിലയിരുത്തിയ മോസന്‍റെ സംഘം അനുമാനിക്കുന്നു. പക്ഷേ ഈ ജീവിക്ക് രണ്ട് കാലില്‍ നടക്കാന്‍ കഴിയുമോ എന്നതില്‍ സ്ഥിരീകരണമില്ല. അതേസമയം ഈ ജീവി ആളുകളെ ആക്രമിക്കാന്‍ സാധ്യത കുറവാണെന്നും വീട്ടില്‍ വളര്‍ത്തുന്ന കോഴി, താറാവ് പോലെയുള്ളവയെയും മുയലുകളെയും ആക്രമിച്ചേക്കാമെന്നും മോസന്‍ മുന്നറിയിപ്പ് നല്‍കി.
ആക്രമണകാരിയെന്ന് പറയപ്പെടുന്ന ജീവിയെ കുറിച്ച് ആളുകള്‍ ഇതുവരെയും പരാതിപ്പെട്ടിട്ടില്ലെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കത്തക്ക വിവരങ്ങള്‍ ഇല്ലെന്നും യുവാരസ് സിവില്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ അറിയിച്ചു. നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ജീവിയാണോ പ്രദേശത്ത് ആക്രമണം നടത്തിയതെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്‍റെ റിപ്പോര്‍ട്ട്.
അതേസമയം, ജീവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട മോസന്‍റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 2023 ല്‍ പെറുവില്‍ നിന്ന് രണ്ട് മനുഷ്യനല്ലാത്ത ജീവികളുടെ മമ്മി കൃത്രിമമായി നിര്‍മിച്ച ശേഷം ഇവ അന്യഗ്രജീവികളുടേതാണെന്ന് മോസന്‍ വാദിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ ഇത് മനുഷ്യന്‍റെയും മൃഗങ്ങളുടെയും അസ്ഥികളും പശയും കൊണ്ട് കൃത്രിമമായി നിര്‍മിച്ച ജീവികളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.