The U.S. Capitol is seen from the Washington Monument (AP Photo/Manuel Balce Ceneta)
അമേരിക്കയില്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാൻ വമ്പന്‍ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നഗരത്തിനുള്ളിൽ തന്നെ വലിയ അട്ടിമറികൾക്കാണ് ഇറാൻ കോപ്പുകൂടുന്നത്. വാഷിങ്ടൺ ഡി.സിയിൽ സാധാരണ സ്ഫോടകവസ്തുക്കളും റേഡിയോ ആക്ടീവ് വസ്തുക്കളും സംയോജിപ്പിച്ച് നിർമ്മിക്കുന്ന ഡെർട്ടി ബോംബുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ രാസായുധങ്ങൾ പ്രയോഗിച്ചോ ആക്രമണം നടത്താനാണ് ഇറാന്‍ നീക്കമെന്ന് വാര്‍ത്ത പുറത്തുവിട്ട സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളെയും ഭരണകൂടത്തെയും കനത്ത ആശങ്കയിലാഴ്ത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന ബോംബുകളിലേക്ക് റേഡിയോ ആക്ടീവ് വസ്തുക്കൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഡെർട്ടി ബോംബുകൾ നിര്‍മിക്കാന്‍ താരതമ്യേന എളുപ്പമാണ്. അതുകൊണ്ടുതന്നെ, ഇതിനായി പരിശീലനം ലഭിച്ച ആളുകളെ അമേരിക്കയിലേക്ക് എത്തിക്കേണ്ട. മറിച്ച്, ആക്രമണം നടത്താൻ അമേരിക്കയിൽ തന്നെ താമസിക്കുന്ന ഒരാളെ ഏല്‍പ്പിക്കുകമാത്രമാണ് വേണ്ടെതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് നിർമ്മാണ സാമഗ്രികൾ അമേരിക്കയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന ഇറാന്‍റെ സംഭാഷണങ്ങളും ലഭിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിഭാഗം അവകാശപ്പെടുന്നു. പദ്ധതിയില്‍ കൃത്യമായി സ്ഥലങ്ങളും ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ഈ ഭീഷണി ആസന്നമായ ആക്രമണത്തിന്റെ സൂചനയല്ല മറിച്ച് ഇറാന്‍റെ ഭാവി ആക്രമണ പദ്ധതികളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എല്ലാ ഭീഷണികളും യുഎസ് നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ഭീഷണികളൊന്നുമില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് പ്രസ്താവനയിൽ പറഞ്ഞു. ഭീഷണിയെ എങ്ങനെ നേരിടാമെന്ന് ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ തമ്മില്‍ നിരവധി കൂടിയാലോചനകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പിന്‍റെ വിശ്വാസ്യതയെക്കുറിച്ചും ഇത്തരത്തിലുള്ള പദ്ധതികൾ ഇറാന് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയുമെന്നതിനെക്കുറിച്ചും യു.എസ്. ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ആക്രമണം നടത്താന്‍ മാത്രം കഴിവ് ഇറാനില്ലെന്നാണ് ഒരുകൂട്ടര്‍ വാദിക്കുന്നത്.
ഭീകരതയുടെ ആയുധം!
അണുബോംബുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഡെർട്ടി ബോംബുകൾ. കിലോമീറ്ററുകളോളം ദൂരത്തിൽ വായുവിലൂടെ അപകടകരമായ റേഡിയേഷൻ പരത്താൻ ഇവയ്ക്ക് സാധിക്കും. എങ്കിലും ആളപായം ഉണ്ടാകുകയാണെങ്കില്‍ അതിനുള്ള പ്രധാന കാരണം റേഡിയേഷനേക്കാൾ സ്ഫോടനത്തിന്‍റെ ശക്തി തന്നെയായിരിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സാധാരണ സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നത് പോലെ തന്നെയാണ് ഡെർട്ടി ബോംബുകളും ഉണ്ടാക്കുന്നത്. എന്നാൽ, ഇതിനാവശ്യമായ റേഡിയോ ആക്ടീവ് വസ്തുക്കൾ സംഘടിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി.
അതേസമയം, മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കെതിരെ ഇറാൻ രാസായുധം പ്രയോഗിച്ചേക്കാമെന്നും ഇന്റലിജൻസ് റിപ്പോര്‍ട്ടുണ്ട്. ഈ ഭീഷണിയേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അത്തരമൊരു ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുഎസ് സൈനികർക്ക് മതിയായ സംരക്ഷണ ഉപകരണങ്ങളോ പരിശീലനമോ ഇല്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നാളുകള്‍ക്കിപ്പുറവും തുടരുന്നതിനിടെയാണ് തുടരെ തുടരെ പുതിയ ഭീഷണികള്‍ ഉയരുന്നത്.