ഫയല്‍ ചിത്രം
മാസത്തില്‍ 50 ബലിസ്റ്റിക് മിസൈല്‍ നിര്‍മിക്കാന്‍ ഇറാന് ഇപ്പോഴും ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്. യുദ്ധത്തിനു മുന്‍പുള്ള ശേഷിയുടെ പകുതിയാണെങ്കിലും സംഘര്‍ഷം പുനരാരംഭിച്ചാല്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിക്കുമെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. ഇറാന്‍റെ ആയുധശേഷിയെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് കാര്യമായ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
ഇറാന്‍റെ മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു യുദ്ധത്തിന്‍റെ ആദ്യ നാളുകളില്‍ യുഎസ് ആക്രമങ്ങള്‍. മിസൈലുകള്‍ തകര്‍ത്തെന്നും പുനര്‍നിര്‍മിക്കാനുള്ള ശേഷി ഇല്ലാതാക്കിയെന്നും യുഎസ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 1700 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍റെ പക്കലുണ്ട്. ദിവസവും 50 മിസൈല്‍ ഇറാന്‍ നിര്‍മിക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചൊവ്വാഴ്ച ഐആര്‍ജിസി പുതിയ ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തിവിട്ടിരുന്നു. ഭാവിയിലെ യുദ്ധങ്ങളില്‍ അത്ഭുതങ്ങള്‍ ഓരോന്നായി പുറത്തുവരും എന്നാണ് സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അലി അബ്ദുള്ളാഹി മിസൈൽ കേന്ദ്രത്തിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
ആയിരക്കണക്കിന് ഷഹീദ് അറ്റാക്കിങ് ഡ്രോണുകളും ഇറാന്‍റെ പക്കലുണ്ടെന്നാണ് വിവരം. എന്നാല്‍ യുദ്ധത്തിനു മുന്‍പ് ഇറാന്‍റെ പക്കലുണ്ടായ ശേഖരം അജ്ഞാതമായതിനാല്‍ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും കൃത്യമായ എണ്ണം ലഭ്യമല്ല. വെടിവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തതിന് ശേഷം ഇറാന്‍ എത്ര മിസൈലുകൾ മാറ്റിസ്ഥാപിച്ചു എന്നതും വ്യക്തമല്ല. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം ഇറാന്‍ 4900ത്തിലധികം ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തിയത്. കുറഞ്ഞത് 2200 ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചു. ഇറാന് ആയുധങ്ങളെത്തിക്കുന്നത് റഷ്യയാണെങ്കിലും എണ്ണം, തരം എന്നിവയെ പറ്റി വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.