seed-grow-in-eye

റഷ്യയില്‍ യുവാവിന്‍റെ കണ്ണിനുള്ളില്‍ വിത്ത് മുളച്ചനിലയില്‍. 42കാരനായ മാക്സിം സ്ലെപ്റ്റ്സോവിന് നാല് മാസമായി കടുത്ത തലവേദനയും കാഴ്ച പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് മാക്സിം ഡോക്ടറെ സമീപിച്ചത്. കണ്ണിലെ ചുവപ്പ് കണ്ട് ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് കണ്ണിനുള്ളില്‍ മുളച്ചനിലയില്‍ വിത്ത് കണ്ടെത്തിയത്. വിത്തിന്‍റെ വേരുകൾ കണ്ണിലെ അതിലോലമായ കോശങ്ങളിലേക്ക് വരെ വളർന്നിരുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

സംഭവമിങ്ങനെ, സൈബീരിയയിൽ വെൽഡറായി ജോലി ചെയ്യുന്ന മാക്സിം സുഹൃത്തിനൊപ്പം മീൻ പിടിക്കാനും ബെറി പഴങ്ങൾ ശേഖരിക്കാനുമായി തൊട്ടടുത്ത അബിസ്കി ജില്ലയിലേക്ക് യാത്ര പോയതാണ്. യാത്രയ്ക്കിടെ ഒരു മരക്കൊമ്പ് അദ്ദേഹത്തിന്‍റെ മുഖത്തേയ്ക്ക് ആഞ്ഞടിച്ചു.  കമ്പ് ആഞ്ഞടിച്ചപ്പോള്‍ മുതല്‍ യുവാവിന് കണ്ണിന് ചൊറിച്ചിലും വേദനയും അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. മരത്തിന്‍റെ എന്തെങ്കിലും പൊടിയോ കമ്പോ കണ്ണില്‍ പോയതായിരിക്കുമെന്ന് കരുതി അദ്ദേഹം കണ്ണിലേക്ക് ശക്തമായി വെള്ളം ഒഴിച്ച് കഴുകി. 

എന്നാല്‍ ഒരു ചെറിയ വിത്ത് കണ്ണിനുള്ളില്‍ പെട്ടത് യുവാവ് അറിഞ്ഞിരുന്നില്ല. പിന്നീടുള്ള ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളായി. കണ്ണിന് വീക്കം അനുഭവപ്പെടാനും കാഴ്ച മങ്ങാനും ശക്തമായ തലവേദനയും അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്. ഈ പരിശോധനയിലാണ് കണ്ണിനുള്ളിൽ കുടുങ്ങിയ വിത്ത് മുളച്ച് തുടങ്ങിയതായി ഡോക്ടർമാർ കണ്ടെത്തിയത്. വിത്തിന്‍റെ വേരുകൾ ഏകദേശം മൂന്ന് മില്ലിമീറ്ററോളം വളർന്ന് കണ്ണിന്‍റെ വെള്ളഭാഗത്തെ പൊതിഞ്ഞുനിൽക്കുന്ന നേർത്ത പാളിയായ കൺജങ്റ്റൈവയുടെ കോശങ്ങളിലേക്ക് തുളച്ചുകയറിത്തുടങ്ങിയിരുന്നു. ഒരു നേത്രരോഗ വിദഗ്ധൻ, ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷം, നേർത്ത സൂചി ഉപയോഗിച്ച് മുളച്ച ആ വിത്ത് വിജയകരമായി നീക്കം ചെയ്തു. നീക്കം ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ തലവേദനയും മറ്റ് പ്രശ്നങ്ങളും മാറി തുടങ്ങിയതായി യുവാവ് വെളിപ്പെടുത്തി.

ENGLISH SUMMARY:

In a shocking medical incident from Russia, doctors extracted a sprouting seed from inside the eye of a 42-year-old welder named Maxim Sleptsov. The man had been suffering from severe headaches, eye swelling, and blurred vision for four months following a trip to the Abyssky district where a tree branch hit his face. Medical examination revealed that the seed had germinated inside his eye, with its roots growing nearly three millimeters into the delicate tissue of the conjunctiva. A specialist successfully removed the sprouted seed using a fine needle under local anesthesia, fully relieving Maxim of his symptoms within a week.