china-man-wedding-viral

വിവാഹം എന്നത് കുടുംബങ്ങളുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്നൊരു ചടങ്ങാണ്. എന്നാല്‍ ക്ഷണിക്കാന്‍ ബന്ധുക്കളും വേണ്ടത്ര സുഹൃത്തുക്കളുമില്ലെങ്കില്‍ എന്ത് ചെയ്യും? സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തിന് അപരിചിതരെ ക്ഷണിക്കും, അതാണ് ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഷാവോടോങ് സ്വദേശിയായ 24കാരന്‍ കണ്ടുപിടിച്ച പോംവഴി. 

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ 24കാരന്‍റെ സങ്കടം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ അവനെ ചേര്‍ച്ചുപിടിക്കാനെത്തിയത് പതിനായിരങ്ങള്‍. വിവാഹത്തിന് അപരിചിതരെ ക്ഷണിച്ച യുവാവിന്റെ ആവേശം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി പേരാണ് വധുവിനെയും വരനെയും അനുഗ്രഹിക്കാനെത്തിയത്. 

ജീവിതത്തില്‍ എന്നും ഒറ്റപ്പെടല്‍ അനുഭവിച്ച ഷു ചെങ്ഹോങിന് മൂന്നാം വയസിലാണ് അച്ഛനെ നഷ്ടപ്പെടുന്നത്. തുടര്‍ന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ചതോടെ മുത്തശ്ശിയാണ് വളര്‍ത്തിയത്.  ഏഴാം വയസില്‍ മുത്തശ്ശിയും മരിച്ചതോടെ ജ്യേഷ്ഠനൊപ്പം ഏറെ കഷ്ടപ്പെട്ടാണ് യുവാവ് വളര്‍ന്നത്. കഷ്ടപാടുകള്‍ കൂടിയപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നിര്‍മാണ മേഖലയിലടക്കം ജോലികള്‍ ചെയ്തു. 

ഒക്ടോബർ 31-നായിരുന്നു ഷു ചെങ്ഹോങിന്‍റെ  വിവാഹം. വിവാഹത്തിന് തന്‍റെ സൈഡിലെ കസേരകള്‍ ഒഴിഞ്ഞുകിടക്കുമെന്ന സങ്കടത്താല്‍ ഒക്ടോബർ 25-നാണ് 'ഡൗയിന്‍' എന്ന ചൈനീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ അപരിചിതരെ വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചത്. ഗിഫ്റ്റുകളോ പണമോ ഒന്നുംവേണ്ടെന്നും വിവാഹത്തിന് പങ്കെടുത്താല്‍ മാത്രം മതിയെന്നും യുവാവ് വിഡിയോയിലൂടെ അഭ്യര്‍ഥിച്ചു. 

കേവലം ഇരുപതോ മുപ്പതോ പേര് വരുമെന്നാണ് യുവാവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം അപരിചിതരാണ്. സൗജന്യമായി പാചകംചെയ്യാനും വിവാഹ ഒരുക്കങ്ങൾ നടത്താനും ആളുകൾ തമ്മില്‍ തമ്മില്‍ മത്സരിച്ചു. അടുത്ത ബന്ധുവിന്‍റെ വിവാഹം എന്ന നിലയ്ക്ക് എല്ലാകാര്യങ്ങളിലും ഇടപ്പെട്ടു. അവസാനം പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ വിവാഹം വലിയ മറ്റൊരു പൊതു സ്ഥലത്തേക്ക് മാറ്റേണ്ടി വന്നു. 

ENGLISH SUMMARY:

A 24-year-old orphan in China's Yunnan province, who feared his side of the wedding hall would remain empty due to having no family, posted a video on social media inviting complete strangers to his big day. Shu Chenghong, who lost his parents and grandmother early in life, requested guests to attend without bringing any gifts or money just to share his happiness. Contrary to his expectation of a few dozen attendees, nearly 10,000 strangers turned up from across the country to celebrate and bless the couple. The overwhelming response forced the organizers to relocate the wedding to a larger public venue, where volunteers enthusiastically managed cooking and event arrangements.