ജീവിതനിലവാരത്തില്‍ ഇന്ത്യയെ മറ്റ് വിദേശരാജ്യങ്ങളെയുമായി താരതമ്യം ചെയ്തുള്ള ഒരു ഇന്ത്യക്കാരന്‍റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഇന്ത്യയില്‍ ജീവിക്കാന്‍ തന്നെ പാടുപെട്ടിരുന്ന പലരും വിദേശത്തേയ്ക്ക് എത്തിയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കുമെന്നും സ്വന്തമായി വീടുവരെ വാങ്ങുമെന്നും യുവാവ് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുമായാണ് യുവാവ് ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. നോര്‍ത്ത് അമേരിക്കയിലെ ഗ്രാമീണ മേഖലകളിൽ ചില ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിൽ വസ്തുവകകൾ വാങ്ങാൻ കഴിയുന്നത് തന്നെ അദ്ഭുതപ്പെടുത്തുവെന്ന് പ്രണവ ഭരദ്വാജ് കുറിച്ചു. ഇന്ത്യയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പലരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയതോടെ പുതിയ ഫോണുകളും കാറുകളും വീടുമെല്ലാം വളരെ ഏളുപ്പത്തില്‍ സ്വന്തമാക്കിയെന്ന് യുവാവ് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ മോശം അടിസ്ഥാന സൗകര്യങ്ങളും മലിനമായ വായുവുമുള്ള തിരക്കേറിയ നഗരത്തിനടുത്ത് 1,100 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ഫ്ലാറ്റ് സ്വന്തമാക്കാൻ വേണ്ടി തന്നെ ആളുകള്‍ അവരുെട ജീവിതകാലം മുഴുവൻ ശമ്പളത്തിന്‍റെ വലിയൊരു ഭാഗം EMI അടയ്ക്കാനായാണ് ചെലവാക്കുന്നത്. നമ്മള്‍ നടത്തുന്ന ഈ ഓട്ടപ്പാച്ചില്‍ എത്രത്തോളം വിഡ്ഢിത്തവും അര്‍ഥശൂന്യവുമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കുറിപ്പ് പങ്കുവച്ചതിനു പിന്നാലെ നിരവധിയാളുകളാണ് അദ്ദേഹത്തെ പിന്തുണച്ച് കമന്‍റുകളിടുന്നത്. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് മാറിയത് എന്തുകൊണ്ടും നല്ല തീരുമാനം ആയിരുന്നുവെന്നും തങ്ങളുടെ സ്വത്ത് വര്‍ധിപ്പിക്കാന്‍ അത് കാരണമായെന്നും ആളുകള്‍ കുറിച്ചു. എന്നാല്‍ വിദേശത്ത് ഒരു വീട് എന്നത് അത്ര ഏളുപ്പമല്ല, അതിനു കുറച്ചു കഷ്ടപ്പെടണമെന്നും ആളുകള്‍ കമന്‍റായി യുവാവിനെ ഓര്‍മിപ്പിക്കുന്നു.
എന്നാല്‍ യുവാവിന്‍റെ കുറിപ്പിനെ എതിര്‍ത്തും നിരവധി പേര്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ വീട് വാങ്ങുന്നവര്‍ EMI അടയ്ക്കുന്നില്ല എന്നാണോ നിങ്ങളുടെ ധാരണ? ഇവിടെ ഫോണുകള്‍ക്കും കാറുകള്‍ക്കും വില കുറവാണെന്നത് സത്യമാണ്. അതാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ ദുബായിലേക്ക് പോയാല്‍ പോരെയെന്നുമാണ് അവരുടെ പക്ഷം. വിദേശത്തെ ജീവിതം അത്ര എളുപ്പമാണെങ്കിൽ എന്തുകൊണ്ട് എല്ലാ അമേരിക്കക്കാർക്കും കാറും വില്ലയുമില്ല എന്ന ചോദ്യങ്ങളും ഉയർന്നു.