Image Credit: Bermudan_kolmio /commons.wikimedia

Image Credit: Bermudan_kolmio /commons.wikimedia

ശാസ്ത്രത്തിനും കെട്ടുകഥകള്‍ക്കും നടുവിലായിരുന്നു ഇക്കാലമത്രയും ബര്‍മുഡ ട്രയാംഗിള്‍. വിമാനങ്ങളും കപ്പലുകളും ഈ മേഖലയില്‍ വച്ച് അപ്രത്യക്ഷമായതോടെ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കുത്തൊഴുക്കായിരുന്നു. പക്ഷേ ഒടുവില്‍ ആ രഹസ്യം മറനീങ്ങി പുറത്തുവരികയാണ്.

എന്താണ് ബര്‍മുഡ ട്രയാംഗിളിന്റെ രഹസ്യം?

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഫ്‌ളോറിഡ, ബര്‍മുഡ, പ്യുര്‍ട്ടോ റിക്കോ എന്നിവയ്ക്കിടയിലുള്ള സാങ്കല്‍പ്പിക ത്രികോണമാണ് ബര്‍മുഡ ട്രയാംഗിള്‍. മൂന്നുകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഖസുഷുപ്തിയിലാണ്ടു പോയ അഗ്നിപര്‍വതങ്ങള്‍ക്ക് മുകളിലിരിക്കുന്ന ദ്വീപ് കാലങ്ങളായി ഗവേഷകരുടെ ഉറക്കം കെടുത്തിപ്പോന്നു. കാലമിത്രയായിട്ടും അറ്റ്‌ലാന്റിക് സമുദ്രനിരപ്പില്‍ നിന്ന് ബര്‍മുഡ ദ്വീപ് ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമായിരുന്നു കാരണം. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. യേല്‍ സര്‍വകലാശാല, കലിഫോര്‍ണിയയിലെ കാര്‍ഗണി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഭൂമിയിലെങ്ങും ഇതേവരെ കണ്ടിട്ടില്ലാത്ത അപൂര്‍വ ഭൂഗര്‍ഭഘടന ബര്‍മുഡ ദ്വീപിന് അടിയിലുണ്ടെന്നതാണ് ആ കണ്ടെത്തല്‍. ഭൂമിയുടെ ഉള്ളറകളില്‍ നിന്നുള്ള ഉരുകിയ പാറകളുടെ ശക്തമായ ഒഴുക്കാണ് അഗ്നിപര്‍വത ദ്വീപുകളെ രൂപപ്പെടുത്തുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ സമുദ്രത്തിന്റെ അടിത്തട്ട് മുകളിലേക്ക് ഉരുകയും അഗ്നിപര്‍വതങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അഗ്നിപര്‍വതങ്ങള്‍ നിര്‍ജീവമാകുകയും ദ്വീപ് സമുദ്രത്തിലേക്ക് താഴ്ന്ന് പോകുകയും ചെയ്യും. ഇവിടെയാണ് ബര്‍മുഡ ദ്വീപ് വേറിട്ടുനില്‍ക്കുന്നത്. അഗ്നിപര്‍വതങ്ങള്‍ എന്നേക്കുമായി നിലച്ചിട്ടും ദ്വീപ് 1600 അടിയോളം ഉയരത്തില്‍ മാറ്റമില്ലാതെ നിന്നു. ഇതിന്റെ കാരണം ശാസ്ത്രലേകം തേടിക്കൊണ്ടേയിരുന്നു. അതാണിപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.

സീസ്​മിക് വേവ്‌സിനെ (ഭൂപാളികളിലെ തരംഗങ്ങള്‍) നിരീക്ഷിച്ചാണ് നിര്‍ണായക പഠനം നടത്തിയത്. ഭൂമിക്കടിയിലെ പാറകളുടെ സാന്ദ്രത അനുസരിച്ച് ഈ തരംഗങ്ങളുടെ വേഗതയില്‍ മാറ്റമുണ്ടാകും. ഇങ്ങനെ ബര്‍മുഡയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചപ്പോള്‍ ബര്‍മുഡയുടെ സമുദ്രനിരപ്പിന് താഴെ കൂറ്റന്‍ പാറപ്പാളി കണ്ടെത്തി. 12 മൈലിലധികം കനമാണ് ഇതിനുള്ളത്. പക്ഷേ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സാന്ദ്രത തുലോം കുറവാണ്. ഈ ഭാരക്കുറവാണ് ഇതിനെ പൊന്തിക്കിടക്കാന്‍ സഹായിക്കുന്നതെന്നായിരുന്നു അമ്പരപ്പിക്കുന്ന കണ്ടെത്തല്‍. അതായത് സജീവമായ അഗ്നിപര്‍വത പ്രവാഹങ്ങളല്ല, മറിച്ച് ഭൂമിക്കടിയില്‍ മറഞ്ഞിരിക്കുന്ന ഈ പാറച്ചങ്ങാടം (rock raft)  ആണ് ബര്‍മുഡയെ താങ്ങി നിര്‍ത്തുന്നതെന്ന് സാരം. ഭൂമിയിലെ വന്‍കരകളെല്ലാം ഒന്നായിരുന്ന (പാന്‍ജിയ) കാലത്തോളം പഴക്കമുള്ളതാണ് ഈ പാറപ്പാളിയെന്നാണ് അനുമാനം.

ഇനി ഈ സവിശേഷതകളും കപ്പലുകള്‍ മുങ്ങുന്നതും വിമാനങ്ങള്‍ കാണാതാകുന്നതും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് കണ്ടത്തൊനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.

ENGLISH SUMMARY:

The age-old geological mystery surrounding the Bermuda Triangle has taken a groundbreaking turn as scientists discovered a unique subterranean structure keeping the island afloat. Research conducted by Yale University and California's Carnegie Institution for Science reveals that a massive "rock raft" buried deep beneath the ocean floor acts as a structural support for the region. By analyzing seismic waves, geologists mapped a unique rock layer over 12 miles thick that possesses an incredibly low density compared to the surrounding oceanic crust. This buoyancy allows the landmass to remain elevated at nearly 1600 feet, defying the classic volatile lifecycle where islands sink into the Atlantic long after their volcanic systems go extinct. Estimated to date back to the prehistoric era of the Pangea supercontinent, researchers are now investigating whether this anomaly shares any energetic links with the historical disappearance of aircraft and ships in the area.