cancer

പുരുഷന്മാരിൽ കാണപ്പെടുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനത്താണ് പ്രോസ്റ്റേറ്റ് കാൻസർ. വാൾനെറ്റ് ആകൃതിയിലുള്ള പുരുഷ പ്രത്യുൽപാദന വ്യവസ്ഥയിലെ ഏറ്റവും ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റിനെയാണ് ഈ കാൻസർ ബാധിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസർ ആർക്കൊക്കെ വരാം? എങ്ങനെയാണ് ഈ ക്യാൻസറിനെ തിരിച്ചറിയാനാവുക? 

പുരുഷന്മാരിൽ സാധാരണയായി കാണുന്നൊരു തരം കാൻസറാണ് പ്രോസ്റ്റിറ്റ് കാൻസർ. ലക്ഷണങ്ങൾ വരുമ്പോഴേക്കും രോ​ഗം അഡ്വാൻസ് സ്റ്റേജിലെത്തുമെന്നതാണ് അപകടം. മൂത്രം പോകാനുള്ള ബുദ്ധിമുട്ടുകളാണ് രോ​ഗത്തിന്റെ ലക്ഷണങ്ങളിലൊന്ന്. മൂത്രം പോകാൻ തടസം, മൂത്രത്തിന്റെ ശക്തി കുറവ്, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ എഴുന്നേൽക്കേണ്ടി വരുക എന്നിവയാണ് നേരിടുന്ന ബുദ്ധിമുട്ടുകൾ. ചിലയാളുകളിൽ മൂത്രത്തിൽ ചോരമയം കാണാം.

കുടുംബത്തിൽ കാൻസറിന്റെ ചരിത്രമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. ബ്രെസ്റ്റ് കാൻസർ, കോളൻ കാൻസർ, അടുത്ത കുടുംബാം​ഗങ്ങളിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് കാൻസർ എന്നിവ കരുതണം. ഇത്തരക്കാർ സ്ക്രീനിങ് നടത്തണം. 40 മുതൽ 45 വയസിൽ സ്ക്രീനിങ് ടെസ്റ്റ് ചെയ്യുന്നതാണ് ​ഗുണകരം. 

ചികിത്സാ രീതികൾ 

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ചികിത്സ, രോ​ഗം ഏത് അവസ്ഥയിലെത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ്. പ്രോസ്റ്റേറ്റിന്റെ ഉള്ളിൽ മാത്രമുള്ള കാൻസർ അല്ലെങ്കിൽ ചുറ്റുവട്ടത്തുള്ള കുറച്ച് ഭാ​ഗത്ത് മാത്രമുള്ള കാൻസർ ആണെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ മുഴുവനായിട്ടും എടുത്ത് മാറ്റാൻ പറ്റും. സർജറിയും റേഡിയേഷനുമാണ് ഇതിനുള്ള വഴി. സർജറി തന്നെ മൂന്ന് രീതിയിൽ ചെയ്യാം.

ഓപ്പൺ സർജറി, ലാപ്രോസ്കോപ്പിക് സർജറി, റോബോട്ടിക് സർജറി. ഓപ്പൺ സർജറിയുമായി താരതമ്യം ചെയ്യുമ്പോൾ മുറിവ് വളരെ കുറവ് മതിയെന്നതാണ് റോബോട്ടിക് സർജറിയുടെ ​ഗുണം. അതുപോലെ തന്നെ റിക്കവറി വളരെ എളുപ്പമാണ്. ഓപ്പറേഷൻ കഴിഞ്ഞു രണ്ട് അല്ലെങ്കിൽ മൂന്നു ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ല. ബെഡ് റെസ്റ്റിന്റെ ആവശ്യമില്ലെന്നതും രോ​ഗിക്ക് എണീറ്റ് നടക്കാൻ പറ്റുന്ന അവസ്ഥയിലായിരിക്കുമെന്നതാണ് റോബോട്ടിക് സർജറിയുടെ ​ഗുണം. 

എന്താണ് റോബോട്ടിക് സർജറി

സർജൻ കോൺസോളിൽ ഇരുന്നുകൊണ്ടാണ് ഡോക്ടർ ശസ്ത്രക്രിയ ചെയ്യുന്നത്. ഇതിലുള്ള ബൈനോക്ലിയർ പോലുള്ള ഭാ​ഗത്തിലൂടെ നോക്കിയാൽ സർജറി ചെയ്യുന്ന ഏരിയയിൽ എന്ത് നടക്കുന്നു എന്നത് ഡോക്ടർക്ക് കാണാന്‌ സാധിക്കും. ഇതുകണ്ടുകൊണ്ടാണ് സർജറി ചെയ്യുന്നത്. കോൺസോളിന്റെ വശങ്ങളിൽ രണ്ട് സെൻസറുകളുണ്ട്. ഡോക്ടറുടെ തല സെൻസറിന്റെ ഉള്ളിൽ വരുമ്പോൾ മാത്രമേ റോബോട്ട് പ്രവര്‍ത്തിക്കുയുള്ളൂ. ഇതിലെ ടച്ച് സ്ക്രീനിൽ സർജന്റെ പ്രിഫറബിൾ ആയിട്ടുള്ള സെറ്റിംഗ്സ് നൽകാൻ സാധിക്കും. സർജൻ കോൺസോളിന്റെ അകത്ത് ഇരുന്നു കഴിഞ്ഞാൽ വണ്ടി ഓടിക്കുന്ന പോലെ രണ്ട് കാലും രണ്ട് കൈയും കൂടി ഉപയോഗിച്ചിട്ടാണ് സർജറി ചെയ്യുന്നത്.

പ്രോസ്റ്റേറ്റ് കാൻസർ സാവധാനമാണ് ഗുരുതരമാകുന്നത്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ വ്യക്തമല്ലായിരിക്കും. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ പിഎസ്ഡി ടെസ്റ്റും ശാരീരിക പരിശോധനകൾ നടത്തേണ്ടതുണ്ട്.

ENGLISH SUMMARY:

Prostate cancer is a significant health concern among men. Early detection through regular screening and awareness of symptoms are crucial for effective treatment and improved outcomes.