2025 മെയിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഗാവസ്ഥ അതീവ ഗുരുതരമാണ്. കാൻസർ അദ്ദേഹത്തിന്റെ അസ്ഥികളിലേക്ക് പടർന്നതായി (Bone Metastasis) മകൻ ഹണ്ടർ ബൈഡൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുമ്പോള്‍ തന്നെ ഉയർന്ന ഗ്ലീസൻ സ്കോറുള്ള (Gleason score 9) ഗ്രേഡ് ഗ്രൂപ് 5 കാന്‍സര്‍ വിഭാഗത്തില്‍പ്പെടുന്ന വേഗത്തില്‍ പടരുന്ന കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചിരുന്നത്.
നിലവില്‍ കാൻസർ കോശങ്ങൾ പ്രോസ്റ്റേറ്റ് ഗ്രന്ധിയിൽ നിന്ന് മറ്റ് ശരീരഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് അസ്ഥികളിലേക്ക് പടർന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങൾ പ്രാഥമിക ട്യൂമറിൽ നിന്ന് വേർപെട്ട് രക്തക്കുഴലുകൾ വഴിയോ ലിംഫറ്റിക് സിസ്റ്റം വഴിയോയാണ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് അസ്ഥികളിൽ എത്തി വളരുന്നത്. ഇതിനെയാണ് ബോൺ മെറ്റാസ്റ്റാസിസ് എന്ന് വിളിക്കുന്നത്. ഇത് ജോ ബൈഡന്‍റെ ആരോഗ്യത്തെയും ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
എല്ലുകളിലെ കാന്‍സര്‍
എല്ലുകളില്‍ ആരംഭിക്കുന്ന കാന്‍സറിനെ പ്രൈമറി ബോണ്‍ കാന്‍സറുകള്‍ എന്നാണ് വിളിക്കുന്നത്. ഇവ അപൂര്‍വ്വമാണ്. എന്നാല്‍ പലപ്പോഴും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ കാന്‍സര്‍ ആരംഭിച്ച് അവ പിന്നീട് എല്ലുകളിലേക്ക് പടരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വരുന്ന കാന്‍സറിനെയാണ് ബോണ്‍ മെറ്റാസ്റ്റാസിസ് അഥവാ സെക്കന്‍ഡറി ബോണ്‍ കാന്‍സറുകള്‍ എന്നുപറയുത്. പ്രോസ്റ്റേറ്റില്‍ നിന്ന് പടരുന്ന കാന്‍സര്‍ സാധാരണയായി നട്ടെല്ല്, ഇടുപ്പ്, വാരിയെല്ലുകൾ തുടങ്ങിയ അസ്ഥികളെയാണ് കൂടുതലായി ബാധിക്കുന്നത്. കൂടാതെ, സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ കാന്‍സര്‍ പലതരത്തിലുണ്ട്. പടരുന്നത്, പടരാത്തത് എന്നിങ്ങനെയും ഇവ തരംതിരിച്ചിട്ടുണ്ട്.
സങ്കീർണ്ണതകൾ
കടുത്ത അസ്ഥി വേദന, എല്ലുകളുടെ ബലക്ഷയം എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന സങ്കീര്‍ണ്ണതകള്‍. രാത്രികാലങ്ങളിലും എല്ലുകള്‍ ചലിപ്പിക്കുമ്പോളും കടുത്ത വേദന അനുഭവപ്പെടാം. അസ്ഥികള്‍ ദുർബലമായി എല്ലുകൾ ഒടിയാനും സാധ്യതയുണ്ട്. കടുത്ത വേദനയും എല്ലുകൾക്ക് ബലമില്ലായ്മയും രോഗിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.
മാത്രമല്ല, രക്തത്തിൽ കാൽസ്യത്തിന്റെ അളവ് അസാധാരണമായി വർദ്ധിക്കുന്നത് മൂലം ഓക്കാനം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഹൈപ്പർകാൽസെമിയ (Hypercalcemia) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. നട്ടെല്ലിന്റെ ഭാഗത്ത് കാൻസർ ബാധിച്ചാല്‍ അത് സുഷുമ്നാ നാഡിയെ ഞെരുക്കുകയും തളർച്ചയ്ക്കോ മറ്റ് ഗുരുതരമായ നാഡീപ്രശ്നങ്ങൾക്കോ കാരണമാവുകയും ചെയ്യും (Spinal Cord Compression). അസ്ഥിമജ്ജയെ ബാധിക്കുന്നത് വഴി വിളർച്ചയും അണുബാധയ്ക്കുള്ള സാധ്യതയും വർദ്ധിക്കും.
ചികിത്സ
ബോൺ മെറ്റാസ്റ്റാസിസ് പൂർണ്ണമായി ഭേദമാക്കാൻ പ്രയാസമാണെങ്കിലും, രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള വിവിധ ചികിത്സാ രീതികൾ ലഭ്യമാണ്. ഹോർമോൺ തെറാപ്പി, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ (Bisphosphonates) പാലിയേറ്റീവ് കെയർ (Palliative Care) എന്നിവയാണ് ഇതിനായി ആശ്രയിക്കുന്ന ചികില്‍സാരീതികള്‍.