silver-jewellery

Ai Generated Image

TOPICS COVERED

ആമസോണിലും ടിക് ടോക് ഷോപ്പുകളിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വില്‍ക്കുന്ന വിലകുറഞ്ഞ വെളളി ആഭരണങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തല്‍. 'ദ് സൺഡേ ടൈംസ്' നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുളളത്. കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെള്ളി ആഭരണങ്ങളിൽ കാഡ്മിയം എന്ന വിഷാംശമുള്ള ലോഹം വൻതോതിൽ അടങ്ങിയിട്ടുണ്ടെന്നും ഇത് കാന്‍സറിനടക്കം കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ആഭരണങ്ങൾ വാങ്ങുകയും, വിലയേറിയ ലോഹങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്ന 'ബർമിംഗ്ഹാം അസ്സേ ഓഫീസിൽ' (Birmingham Assay Office) ഇവ സ്വതന്ത്രമായി പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

silver-jewel-1-

ആമസോണില്‍ 925 സ്റ്റെര്‍ലിങ് സില്‍വര്‍ എന്ന പേരില്‍ 2.99 (ഏകദേശം 384.02 രൂപ) പൗണ്ടിന് വിറ്റ മോതിരത്തില്‍ 92.3% കാഡ്മിയം അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. ഇത് യുകെയിലെ നിയമപരമായ പരിധിയേക്കാള്‍ 9,000 മടങ്ങ് അധികമാണ്. നിയമപ്രകാരം '925 വെള്ളി' എന്ന് ആഭരണത്തില്‍ ലേബല്‍ ചെയ്യണമെങ്കില്‍ കുറഞ്ഞത് 92.5% എങ്കിലും ശുദ്ധമായ വെള്ളി ഉണ്ടായിരിക്കണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുയ്സല എന്ന ഓണ്‍ലൈന്‍ വില്‍പ്പനക്കാരന്‍ 'ടിബറ്റൻ സിൽവർ', '999 സിൽവർ' എന്നീ പേരുകളിൽ വിറ്റ ആഭരണങ്ങളില്‍ നിയമപരമായ കാഡ്മിയം പരിധിയേക്കാൾ 5,000 ഇരട്ടിയോളം അധികം അടങ്ങിയിട്ടുണ്ടായിരുന്നു. അതുപോലെ റ്റിയാന്‍ടെക്​കോങില്‍ നിന്നുളള മെറ്റല്‍ അലോയ് കമ്മലുകളിലും കാഡ്മിയം സുരക്ഷിത പരിധിയെക്കാള്‍ വളരെ കൂടുതല്‍ അടങ്ങിയിട്ടുണ്ടായിരുന്നു. 

silver-jewel

ആമസോൺ വഴി വിറ്റഴിച്ച ചില ആഭരണങ്ങളിലും അനുവദനീയമായ പരമാവധി പരിധിയേക്കാൾ വളരെ കൂടുതൽ കാഡ്മിയം അടങ്ങിയിട്ടുണ്ടെന്ന് യുകെ നിയന്ത്രണ ഏജൻസികൾ മുമ്പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ ടിക് ടോക് ഷോപ്പിലും കണ്ടെത്തി. പെര്‍ഫോം പേള്‍സ് എന്ന വില്‍പ്പനക്കാരന്‍ 925 വെളളി എന്ന് പരസ്യം ചെയ്ത് വിറ്റ ബ്രേസ്​ലെറ്റിലെ ചാമുകളില്‍ 33% കാഡ്മിയം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഇത് യുകെയിലെ നിയമപരമായ പരിധിയായ 0.01%-നേക്കാൾ ഏകദേശം 3,300 ഇരട്ടി കൂടുതലാണ്.

silver-jewel-2-

ഇത്തരം ആഭരണങ്ങള്‍ ധരിക്കുന്നത് കാന്‍സറിന് മാത്രമല്ല വൃക്കരോഗങ്ങൾ, അസ്ഥി രോഗങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വെള്ളി നിറത്തിലുള്ള ഒരു ലോഹമാണ് കാഡ്മിയം. റീചാർജ് ചെയ്യാവുന്ന ബാറ്ററികളിലും വ്യവസായ ആവശ്യങ്ങൾക്കുള്ള കോട്ടിംഗുകളിലുമാണ് ഇത് പ്രധാനമായി ഉപയോഗിക്കുന്നത്. മെർക്കുറിയേക്കാൾ അപകടനകരിയായിട്ടാണ് കാഡ്മിയത്തെ കണക്കാക്കുന്നത്. കാഡ്മിയവുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. കാഡ്മിയം അടങ്ങിയിട്ടുളള ആഭരണങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് ധരിക്കുന്ന എല്ലാവർക്കും ഉടനടി കാഡ്മിയം വിഷബാധ ഉണ്ടാകുമെന്നതല്ല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറിച്ച് ഈ ലോഹവുമായുളള നിരന്തര സമ്പര്‍ക്കം ഭാവിയില്‍ രോഗങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ്. 

 

ENGLISH SUMMARY:

Cheap silver jewelry sold on platforms like Amazon and TikTok shops poses serious health risks due to high levels of cadmium. Investigation by The Sunday Times revealed that these affordable jewelry items often contain toxic cadmium, significantly exceeding legal limits, which can lead to severe health problems including cancer.