കോഴിക്കോട് കോടികള്‍ മുടക്കി നിര്‍മിച്ച രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം പത്തുവര്‍ഷമായി പരിപാലനമില്ലാതെ നശിക്കുന്നു. ദേശീയ ഗെയിംസിന്റെ ഭാഗമായി 2015 ല്‍ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച സ്റ്റേഡിയാണ് പൊട്ടിപൊളിഞ്ഞു തുടങ്ങിയത്.
കാല്‍പന്തുകളിക്ക് പേരുകേട്ട കോഴിക്കോടിന് ഒളിംപ്യന്‍ റഹ്മന്റെ പേരിലൊരു അത്യാധുനിക സ്റ്റേഡിയം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. ഫുട് ബോള്‍ സ്റ്റേഡിയത്തിന് ചുറ്റും വിശാലമായ സിന്തറ്റിക് ട്രാക്ക്. മൂവായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ ഗ്യാലറി. എല്ലാം ഉണ്ടായിരുന്ന പ്രതാപകാലം. പതിനൊന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാന സ്കൂള്‍ കായികമേള വീണ്ടും കോഴിക്കോട്ട് എത്തുമ്പോള്‍ പ്രധാനവേദി ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയം അല്ല. കാരണം നിലവിലെ അവസ്ഥ തന്നെ.
പരിപാലനം മറന്നതോടെ സിന്തറ്റിക് പാളികള്‍ അടര്‍ന്നു മാറി. ചിലയിടങ്ങളില്‍ ട്രാക്കില്‍ കുഴികള്‍ രൂപപെട്ടു. ലോങ് ജംപ് പിറ്റിലേക്കുള്ള ട്രാക്കും ഉപയോഗിച്ചാല്‍ പരുക്ക് ഉറപ്പിക്കുന്ന തരത്തിലേക്കെത്തി.14 കോടി മുടക്കി പതിനൊന്നു കൊല്ലം മുന്‍പ് നിര്‍മിച്ച സ്റ്റേഡിയത്തിനാണ് ഈ ദുര്‍ഗതി. കോഴിക്കോട് മെഡിക്കല്‍ കോളജാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥര്‍. പരിപാലനത്തിന് കോളേജിന് സ്വന്തമായി വന്‍തുക ചെലവഴിക്കാനാവാത്താണു പ്രതിസന്ധി. ഇങ്ങനെയൊക്കെ ആണെങ്കിലും ജില്ലാ സ്കൂൾ കായികമേളയുടെ സ്ഥിരം വേദിയാണു സ്റ്റേഡിയം. രണ്ടാഴ്ച മുൻപ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ മീറ്റും ഇവിടെ നടന്നു. ഒരു ദിവസത്തേക്ക് ഏകദേശം 15,000 രൂപയാണ് മത്സരങ്ങള്‍ നടത്തുന്നതിനായി മെഡിക്കല്‍ കോളേജ് ഈടാക്കുന്നത്. എന്നാല്‍ പരിപാലിക്കാന്‍ ഈ ഉത്സാഹമില്ലെന്നതിന് ദൃശ്യങ്ങള്‍ തന്നെ സാക്ഷി.