anumol-missing-case

TOPICS COVERED

  • കാണാതായി 12 ദിവസത്തിനുശേഷം പാലക്കാട്ടുനിന്നും കണ്ടെത്തിയ അധ്യാപിക അനുമോളെ കോടതിയിൽ ഹാജരാക്കിയപ്പോൾ കുടുംബത്തോടൊപ്പം പോകാൻ താൽപ്പര്യമെന്ന് അറിയിച്ചു.

കോഴിക്കോട് തൊട്ടില്‍പാലത്ത് നിന്നും കാണാതായി മൊയിലോത്തറ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ അധ്യാപിക കെ.അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണു താല്‍പര്യമെന്നു അറിയിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വിട്ടയച്ചു. കാണാതായി 12–ാം ദിവസം പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന അബ്ദുള്‍ സമദിനെയും പൊലീസ് കണ്ടെത്തിയത്.  

മാപ്പു നല്‍കി കുടുംബം, പൊലീസും ഒപ്പം നിന്നു

ശനിയാഴ്ച രാവിലെയാണു അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുള്‍ സമദിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വ്യാഴാഴ്ച കുടുംബം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പൊലീസ് നീക്കം. അബ്ദുള്‍ സമദ് ഈയിടെ എടുത്ത സിം കണക്ഷന്‍ പിന്തുടര്‍ന്നാണ് തൊട്ടില്‍പാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് എത്തിയത്.

Also Read: കോഴിക്കോട് നിന്നും കാണാതായ അനുമോളെ കണ്ടെത്തി

കോഴിക്കോട് എത്തിച്ച ഇരുവര്‍ക്കും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്നു നാദാപുരം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. അനുമോള്‍ക്ക് കൗണ്‍സിലിങും നല്‍കി. ശേഷമാണു കോടതിയില്‍ ഹാജരാക്കിയത്.

കോടതിയില്‍ നിര്‍ണായക നീക്കം

അനുമോളെയും സമദിനെയും കാണാതായെന്ന വിവരം പുറത്തുവന്നതിനു പിറകെ സമദിന്റെ കുടുംബം വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കാണാനില്ലെന്നു കാണിച്ചു പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ഹാജരാക്കുന്നതിനായി സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി കോടതിയിലും ഒരേ സമയം ഹാജരാക്കുകയായിരുന്നു. ഇരുവരും ഒരു കോടതിയില്‍ ഹാജരായി ഒന്നിച്ചു പോകാനാണു തീരുമാനമെന്നു പറയുന്ന സാഹചര്യം ഇതോടെ ഒഴിവാക്കി. അനുമോളുടെ പ്രായമായ അച്ഛന്‍, അമ്മ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെയും കല്ലാച്ചി കോടതിയിലെത്തി. തുടര്‍ന്നാണ് കുടുംബത്തോടൊപ്പം പോകാനാണു താല്‍പര്യമെന്ന് അനുമോള്‍ അറിയിച്ചത്. സമദിനെ വടകര കോടതിയും കുടുംബത്തോടൊപ്പം വിട്ടയച്ചു. 

Also Read: കരള്‍ പകുത്തു നല്‍കിയ ഭര്‍ത്താവിനെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി

മക്കളെ ഉപേക്ഷിച്ചതിനു ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ പൊലീസ് നേരത്തെ നീക്കം നടത്തിയിരുന്നു. പതിനഞ്ചും പത്തും വയസുള്ള മക്കളുടെ മൊഴിയും വിശദമായി രേഖപെടുത്തി. പിന്നീട് ഈ തീരുമാനത്തില്‍ നിന്നും പൊലീസ് പിറകോട്ടുപോയി. കുട്ടികളെ ഉപേക്ഷിച്ചതിന് കേസെടുത്താല്‍ ഇരുവരെയും ജയിലില്‍ അടക്കേണ്ട സാഹചര്യം വരും. ഇതോടെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യും. കൂടുതല്‍ അച്ചടക്ക നടപടിയും ഉണ്ടാകും. കഴിഞ്ഞതെല്ലാം മറന്നു സ്വീകരിക്കാമെന്നു കുടുംബം നിലപാട് എടുത്തതോടെ പൊലീസ് കടുത്ത വകുപ്പ് ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു.

ENGLISH SUMMARY:

Anumol, a primary school teacher from Kozhikode who went missing for 12 days, was successfully traced by the police alongside Abdul Samad from Palakkad. Following medical examinations, counseling, and legal proceedings, she was produced before the Kallachi Magistrate Court. During the hearing, she expressed her desire to return with her family, leading the court to release her with her husband, children, and parents. Meanwhile, Abdul Samad was produced before the Vadakara court and also released, as authorities dropped strict legal action following the family's decision to pardon the situation.