കാന്‍സര്‍ കണ്ടെത്തിയതിന് പിന്നാലെ ശസ്ത്രക്രിയ ചെയ്ത് ഗര്‍ഭപാത്രമൊഴിവാക്കിയ യുവതി കോടതിയില്‍. ശസ്ത്രക്രിയ നടത്തിയ ശേഷമാണ് യുവതിക്ക് തുടക്കം തന്നെ കാന്‍സറില്ലായിരുന്നെന്ന് കണ്ടെത്തിയത്. യുഎസ് അറ്റ്ലാന്‍റയിലാണ് സംഭവം. മേയ് 2025നാണ് തന്‍റെ 43–ാം വയസില്‍ യുവതിയുടെ ഗര്‍ഭപാത്രം എടുത്തുകളയുന്നത്. പിന്നീട് യുവതിയോട് കീമോതെറപിക്കായി കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു.
പിന്നീട് തന്‍റെ ടിഷ്യൂ സാംപിളിന്‍റെ രേഖ പരിശോധിക്കുകയായിരുന്നു യുവതി. എന്നാല്‍ ഗര്‍ഭാശയ കാന്‍സര്‍ അതിതീവ്രമായ അവസ്ഥയിലാണെന്ന് കാണിക്കുന്ന രേഖയില്‍ അവസാനം രോഗിയുടെ പേര് വേണ്ടയിടത്ത് യുവതിയുടെ പേരായിരുന്നില്ല, മറ്റൊരു സ്ത്രീയുടെ പേരായിരുന്നു. സംശയം തോന്നിയ യുവതി തന്‍റെ ശസ്ത്രക്രിയ നടന്ന ആശുപത്രിയില്‍ പോയി വിവരമന്വേഷിച്ചു. എന്നാല്‍ ഇത് യുവതിയുടെ സാംപിളല്ലെന്ന് സ്ഥാപനം ഉറപ്പിച്ച് പറഞ്ഞു. ഇതോടെ ഇവര്‍ മാനസികമായി തകര്‍ന്നു
ഗൃഹഭാഗത്ത് നിന്ന് രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി 2025 തുടക്കത്തില്‍ ചികില്‍സ നേടിയത്. എന്നാല്‍ ഫൈബ്രോയ്ഡ്സ് എന്ന അസുഖമായിരുന്നു ഇത്. കാന്‍സറുമായി ഇതിന് ബന്ധമില്ല. എന്നാല്‍ യുവതിയുടെ ടിഷ്യു സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തുന്നതിനിടെ സാംപിള്‍ അബദ്ധത്തില്‍ മാറിപ്പോയി. പിന്നാലെ യുവതിക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മാസങ്ങളോളം കാന്‍സര്‍ ഭീതിയില്‍ ജീവിച്ചെന്നും തന്‍റെ മക്കളെയും ഇത് വിഷാദരോഗത്തിലെത്തിച്ചെന്നും മരിച്ചാല്‍ മറവ് ചെയ്യാനായി അന്ത്യകര്‍മങ്ങള്‍ വരെ പദ്ധതിയിട്ടിരുന്നെന്നും യുവതി കൂട്ടിചേര്‍ത്തു. സ്ഥാപനത്തിനെതിരെ നിലവില്‍ നിയമപോരാട്ടത്തിലാണ് യുവതി.