pattaya-socks

 

യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ അടുത്തിടെയാണ് 5,000 സൈനികരുമായി തായ്‌ലൻഡിൽ നങ്കൂരമിട്ടത്. ഇറാഖിനെതിരായ സൈനിക നടപടികളുടെ ഭാഗമായി ഒൻപത് മാസം കടലിൽ കഴിഞ്ഞ സൈനികർക്ക് ചെറിയൊരു ഇടവേള നൽകുകയായിരുന്നു തായ്‌ലൻഡ് യാത്രയുടെ ലക്ഷ്യം.

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയിൽനിന്ന് 30 കിലോമീറ്റർ അകലെ ലാം ചബാങ് തുറമുഖത്താണ് കപ്പൽ നങ്കൂരമിട്ടത്. അഞ്ച് ദിവസമാണ് സൈനികർ പട്ടായയിൽ ചെലവഴിച്ചത്. നാവികരുടെ വരവ് മുന്നിൽ കണ്ട് പട്ടായയിൽ കനത്ത ജാഗ്രതയാണ് പ്രാദേശിക ഭരണകൂടം പുലർത്തിയിരുന്നത്. വൻതോതിൽ ലൈംഗികത്തൊഴിലാളികളുള്ള പ്രദേശത്ത് സൈനികരുടെ വരവ് മുന്നിൽ കണ്ട് വലിയ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ബാറുകളും വൻ വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്. മദ്യപിച്ച് പ്രശ്നങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടലിൽ കൂടുതൽ പൊലീസിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.

എന്നാൽ മദ്യപിച്ചുണ്ടായ രണ്ട് തല്ലുകേസുകൾ ഒഴിച്ചുനിർത്തിയാൽ യുഎസ് സൈനികരെക്കുറിച്ച് തായ്‌ലൻഡിൽ മികച്ച പ്രതികരണമാണ് ഉയർന്നത്. സൈനികർ ഏറ്റവുമധികം പണം ചെലവഴിച്ചത് ഭക്ഷണം വാങ്ങാനായിരുന്നു. അളവില്ലാതെ മാട്ടിറച്ചിയും ഉരുളക്കിഴങ്ങുമാണ് സൈനികർ അകത്താക്കിയത്. കൂടാതെ ലീറ്റർ കണക്കിന് മദ്യവും കുടിച്ചുതീർത്തു.

തായ്‌ലൻഡിലെ പ്രശസ്തമായ സാലഡുകൾക്കും ഇക്കാലയളവിൽ വൻ വിൽപ്പനയുണ്ടായി. സൈനികർ രണ്ടാമതായി കൂടുതൽ പണം ചെലവഴിച്ചത് വസ്ത്രങ്ങൾക്കായിരുന്നു. അതിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് സോക്സുകളാണ്. നൈക്കി, അഡിഡാസ് അടക്കമുള്ള ബ്രാൻഡുകളുടെ സോക്സുകൾ കൂട്ടത്തോടെ സൈനികർ വാങ്ങി. ഇനിയും സൈനികർ അവധിക്കായി പട്ടായ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് പട്ടായയിലെ കച്ചവടക്കാർ.

ENGLISH SUMMARY:

US Navy's USS Abraham Lincoln recently docked in Thailand with 5,000 soldiers, offering a brief respite after nine months at sea. The visit, primarily to Pattaya, significantly boosted the local economy, with soldiers spending heavily on food, alcohol, and clothing.