പട്ടായയില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് രണ്ടു യു.എസ് നാവികരെ കപ്പലിലേക്ക് തിരിച്ചയച്ചു. ഇറാന്‍ യുദ്ധത്തിന്‍റെ ഭാഗമായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ നാവികര്‍ 286 ദിവസം കടലില്‍ ചെലവഴിച്ച ശേഷം ബുധനാഴ്ചയാണ് പട്ടായയില്‍ അവധി ആഘോഷിക്കാന്‍ എത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെ പട്ടായയിലെ വാക്കിംഗ് സ്ട്രീറ്റിന് സമീപത്താണ് സംഭവമുണ്ടായത്. വഴക്കുണ്ടാക്കിയവരുടെ പേരുവിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.
തര്‍ക്കം കണ്ട തായ് പൗരന്മാരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. വാക്കിംഗ് സ്ട്രീറ്റിലെ ബാറിനു സമീപം രണ്ട് യു.എസ്. സേനാംഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തായ് പൊലീസെത്തി ഇവരെ യു.എസ്– തായ്‍ലന്‍ഡ് ജോയിന്‍റ് ഓപ്പറേഷന്‍ സെന്‍ററിലേക്ക് മാറ്റി. പിന്നീടാണ് നേവി അധികൃതര്‍ ഇവരെ കപ്പലിലേക്ക് കൊണ്ടുപോയത്.
ചെറിയ സംഭവമാണെന്നും ഇരുവരും മദ്യപിച്ചിരുന്നതായും തായ് പൊലീസ് പറഞ്ഞു. നിയമപ്രകാരം തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യു.എസ് സേനാംഗങ്ങള്‍ പട്ടായയിലെത്തിയത്. ബാക്കി ദിവസം നാവികര്‍ കപ്പലില്‍ തുടരേണ്ടി വരും. പട്ടായയില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ ലാം ചബാങ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.
Also Read: 'സോയ് 6' തെരുവിലേക്ക് പ്രവേശനമില്ല; പട്ടായയില്‍ ഇറങ്ങിയ യുഎസ് നാവികര്‍ക്ക് ഇക്കാര്യങ്ങളില്‍ വിലക്ക്
തായ്‍ലന്‍ഡ് ടൂറിസത്തിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാന്‍ യുഎസ് സൈനികര്‍ക്ക് സാധിക്കില്ല. ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടെങ്കിലും ജെറ്റ് സ്കീവിംഗ്, പാരഗ്ലൈഡിങ് പോലുള്ള വാട്ടര്‍ സ്പോര്‍ട്സുകളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. പട്ടായയില്‍ ഒട്ടേറെ ലഹരിവില്‍പന കേന്ദ്രങ്ങളുണ്ടെങ്കിലും, ഇവിടെ പോകാനും ലഹരി ഉപയോഗിക്കാനും യു.എസ് നാവികര്‍ക്ക് വിലക്കാണ്.
ഗോ-ഗോ ബാറുകൾക്ക് പേരുകേട്ട പട്ടായയിലെ 'സോയ് 6' തെരുവ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം പ്രവേശിക്കുന്നതിനും വിലക്കുണ്ട്. തായ്‍ലന്‍ഡില്‍ വേശ്യാവൃത്തി നിയമപരമായി നിരോധിച്ചതാണെന്ന് തായ്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ 25000ത്തിനും 50000 ത്തിനും ഇടയില്‍ ലൈംഗിക തൊഴിലാളികള്‍ തായ്‍ലാന്‍ഡിലുണ്ടെന്നാണ് കണക്ക്. പട്ടായയിൽസ്ഥിതി ചെയ്യുന്ന സോയ് 6 തെരുവിലാണ് ഇവരില്‍ ഭൂരിഭാഗവുമുള്ളത്. യുഎസ്എസ് എബ്രഹാം ലിങ്കൺ വരുന്നതിന് മുന്നോടിയായി, പട്ടായയിലെ ലൈംഗികത്തൊഴിലാളികളെ തായ്‍ലന്‍ഡ് കസ്റ്റഡിയിലെടുത്തിരുന്നു.