വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പോലെയാണ് ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്ത. ചൊറിച്ചിൽ മാറാൻ ക്രീം വാങ്ങി പുരട്ടിയിട്ട് ഇപ്പോള്‍ സ്വന്തം ശരീരം തന്നെയാണോ ഇതെന്നാണ് യുവതി ചോദിക്കുന്നത്. ‘ചൈനീസ് പരമ്പരാഗത മരുന്ന്’ എന്ന് അവകാശപ്പെട്ട സ്കിൻ ക്രീം തുടർച്ചയായി 10 വർഷം ഉപയോഗിച്ച 40 വയസ്സുള്ള സ്ത്രീക്കാണ് ദുരനുഭവമുണ്ടായിരിക്കുന്നത്. ഇവരുടെ ശരീരത്തിൽ പാമ്പിന്റെ ചർമ്മത്തിന് സമാനമായ രീതിയിൽ പർപ്പിൾ-ചുവപ്പ് നിറത്തിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പത്ത് വർഷം മുൻപ് വലത് കാലിൽ ചുവന്ന പാടുകളും ചൊറിച്ചിലും ഉണ്ടായതിനെ തുടർന്നാണ് വനിത ക്രീം ഉപയോഗിക്കാൻ തുടങ്ങിയത്.'എല്ലാത്തരം ചർമ്മരോഗങ്ങളും സുഖപ്പെടുത്താൻ കഴിയുന്ന ശുദ്ധമായ പരമ്പരാഗത ചൈനീസ് മരുന്നാണ്' എന്ന് ഓൺലൈനിൽ അവകാശപ്പെട്ട ക്രീമാണ് ഇവർ വാങ്ങിയത്. തുടർച്ചയായി ഈ ക്രീം വാങ്ങുന്നതിനായി ഏകദേശം 10,500 പൗണ്ട് ചെലവഴിച്ചു. പത്ത് വർഷത്തോളം തുടർച്ചയായി ക്രീം ഉപയോഗിക്കുകയും ചെയ്തു.
‘ആദ്യം ഇത് ഉപയോഗിച്ചപ്പോൾ, ചൊറിച്ചിൽ നന്നായി കുറഞ്ഞിരുന്നു. ഇത് ശരിയായ മരുന്നാണെന്ന് വിശ്വസിച്ചു’ –ദുരനുഭവം നേരിട്ട 40 വയസ്സുകാരി പറഞ്ഞു. എന്നാൽ, അടുത്തിടെ വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ശരീരമാകെ പാമ്പിനെപ്പോലെ പർപ്പിൾ-ചുവപ്പ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഇവരുടെ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറവാണെന്ന് കണ്ടെത്തി.