AI Image

AI Image

പൊക്കിളില്‍ എണ്ണയിറ്റിക്കുന്നത് പല നാടുകളിലും കണ്ടുവരുന്ന ഒരു രീതിയാണ്. ശരീര സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനുമായാണ് ഇത് ചെയ്തുപോരുന്നത്. വയറിന് ഒത്ത നടുക്കായുള്ള നാഭിച്ചുഴിക്ക് തീര്‍ത്തും മൃദുവായ ചര്‍മാവരണമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അങ്ങേയറ്റം സെന്‍സിറ്റീവായ  ശരീരഭാഗമായാണ് ഇതിനെ കണക്കാക്കുന്നതും. നാഭിയില്‍ എണ്ണ പുരട്ടുന്നത് ഒരിക്കലും ഒരു ചികില്‍സാരീതിയായി കാണാനാവില്ല. അതേസമയം ശരിയായ എണ്ണ തിരഞ്ഞെടുത്താല്‍ ചര്‍മസരംക്ഷണത്തിന് ഇത് ചെറുതല്ലാത്ത പ്രയോജനം ചെയ്യുമെന്നതാണ് വാസ്തവം.

virgin-coconut-oil

ഏതുതരം എണ്ണയും പൊക്കിളില്‍ പുരട്ടുന്നതിന് മുന്‍പ് പൊക്കിള്‍ വൃത്തിയാക്കിയിരിക്കണമെന്നത് പ്രധാനമാണ്. അല്ലെങ്കില്‍ വിയര്‍പ്പും മറ്റ് ബാക്ടീരിയകളും പ്രശ്നം സൃഷ്ടിച്ചേക്കാം. പൊക്കിളില്‍ എണ്ണ പുരട്ടുമ്പോഴാവട്ടെ, ഏതാനും തുള്ളികള്‍ മാത്രമേ ഉപയോഗിക്കാവൂ. കൂടുതല്‍ എണ്ണ ഇറ്റിച്ചത് കൊണ്ട് വേഗത്തില്‍ ഫലം ലഭിക്കുമെന്ന് കരുതരുത്. പൊക്കിളില്‍ എണ്ണ പുരട്ടുമ്പോള്‍ പുകച്ചിലോ, ചൊറിച്ചിലോ, ചൊറിഞ്ഞ് തടിക്കലോ ഉണ്ടായാല്‍ ഉടനടി കഴുകി വൃത്തിയാക്കേണ്ടതാണ്. 

ഏതൊക്കെ എണ്ണകള്‍ പുരട്ടാം?‌

വെന്ത വെളിച്ചെണ്ണ: എല്ലാത്തരം ചര്‍മക്കാര്‍ക്കും അനുയോജ്യമായ ഒന്നാണ് വെന്ത വെളിച്ചെണ്ണ. പ്രകൃതിദത്തമായുള്ള ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ചര്‍മ സംരക്ഷണം ഉറപ്പ്. പൊക്കിളില്‍ പുരട്ടുന്നതോടെ വരണ്ട ചര്‍മം, വിയര്‍പ്പ്, ഇറുകിയ വസ്ത്രം തുടങ്ങിയവ ധരിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന ചൊറിച്ചില്‍ ശമിക്കും. എല്ലാ ദിവസവും, പ്രത്യേകിച്ചും ചൂടുകാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന എണ്ണയാണിത്. വെന്ത വെളിച്ചെണ്ണയുടെ ഗന്ധം സുഖകരമായ ഉറക്കം പ്രദാനം ചെയ്യും. 

ആവണക്കെണ്ണ: അല്‍പ്പം കട്ടി കൂടിയ എണ്ണയാണ് ആവണക്കെണ്ണ. ശൈത്യകാലത്ത് വയറിന് മേല്‍ വരുന്ന വരണ്ട ചര്‍മത്തെ പ്രതിരോധിക്കാനും ചര്‍മത്തെ മൃദുവാക്കാനും പൊക്കിളില്‍ അല്‍പം ആവണക്കെണ്ണ പുരട്ടിയാല്‍ മതി. 

cater-oil-belly

എള്ളെണ്ണ: ശരീരത്തിന് ആവശ്യമായ ചൂട് നല്‍കാന്‍ പര്യാപ്തമാണ് എള്ളെണ്ണ. കൈകാല്‍ മുട്ടുകള്‍, പേശികള്‍ എന്നിവിടങ്ങള്‍ മൃദുവാക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും പണ്ടുമുതലേ എള്ളെണ്ണ ഉപയോഗിച്ച് വരുന്നു. ശൈത്യകാലത്ത് പൊക്കിളില്‍ അല്‍പം എള്ളെണ്ണ പുരട്ടുന്നത് ചൂട് ലഭിക്കാന്‍ നല്ലതാണ്. ചെറുതായി ചൂടാക്കിയാല്‍ വേഗത്തില്‍ ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുകയും ചെയ്യും. 

almond-oil

ബദാം എണ്ണ: സാന്ദ്രത കുറഞ്ഞതും വിറ്റാമിന്‍ ഇയാല്‍ സമ്പുഷ്ടവുമാണ് ബദാം എണ്ണ. സെന്‍സിറ്റീവ് ആയ ചര്‍മമുള്ളവര്‍ക്ക് ഇത് ഉത്തമമാണ്. പ്രത്യേകിച്ചും കാറ്റടിച്ചാല്‍ വരെ ശരീരം ചുവന്ന് തടിക്കുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യുന്നവര്‍ക്ക്. പതിവായി പൊക്കിളില്‍ ബദാം എണ്ണ പുരട്ടിയാല്‍ ചര്‍മം മെച്ചപ്പെടുന്നതിനൊപ്പം സ്ട്രെച്ച്മാര്‍ക്കുകളും മായും. 

കടുകെണ്ണ: ശരീരത്തിന് ചൂട് പകരുന്നതും ഒപ്പം രക്തയോട്ടം സുഗമമാക്കുന്നതുമാണ് കടുകെണ്ണ. വയറിലെ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ചിലര്‍ കടുകെണ്ണ ഉപയോഗിക്കാറുണ്ട്. പക്ഷേ സെന്‍സിറ്റിവായ ചര്‍മം ഉള്ളവര്‍ക്ക് കടുകെണ്ണ അലര്‍ജിയാകാന്‍ സാധ്യതയുണ്ട്. പാച്ച് ടെസ്റ്റ് നടത്തിയശേഷം എണ്ണ ഉപയോഗിക്കുന്നതാകും ഉത്തമം. മാത്രമല്ല, നേരിട്ട് കടുകെണ്ണ ഉപയോഗിക്കുന്നതിന് പകരം മറ്റൊരു നേര്‍ത്ത എണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതാവും നല്ലത്. ദിവസവും കടുകെണ്ണ പൊക്കിളില്‍ തേക്കുന്നത് നല്ലതല്ല. 

ENGLISH SUMMARY:

Applying oil to the belly button (Navel) is an ancient practice for skin care. From Virgin Coconut oil for dryness to Almond oil for glowing skin, discover the benefits of different oils. Learn the correct way to clean and oil your navel to avoid infections and skin irritation.