belly-fat

TOPICS COVERED

വയറിലെ കൊഴുപ്പ് ഭൂരിപക്ഷം ആളുകളെയും അലട്ടുന്ന ഒന്നാണ്. സമ്മർദവും മോശം ഭക്ഷണക്രമവും മുതൽ ശാരീരിക പ്രവർത്തനങ്ങളുടെ അപര്യാപ്തതയും മോശം ദിനചര്യയും ഉറക്കക്കുറവുമൊക്കെ വയറിലെ കൊഴുപ്പിന് കാരണമായേക്കാം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വയറിലെ കൊഴുപ്പിന്‍റെ കാരണം മനസ്സിലാക്കേണ്ടതും പ്രധാനമാണ്.

വിട്ടുമാറാത്ത സമ്മര്‍ദം ശരീരത്തിലെ സമ്മര്‍ദ ഹോര്‍മോണോയ കോര്‍ട്ടിസോള്‍ വര്‍ധിക്കാന്‍ കാരണമാകും. ഇത് കോർട്ടിസോൾ ബെല്ലി എന്നറിയപ്പെടുന്ന വയറിലെ കൊഴുപ്പ് സംഭരണത്തിലേക്ക് നയിച്ചേക്കാം. ഇത് മറ്റ് കൊഴുപ്പുസംഭരണത്തില്‍ നിന്ന് വ്യത്യസ്തമാണ്. കഠിനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും ചെയ്തിട്ടും കുറയാത്ത വയറിലെ കൊഴുപ്പാണിത്.  ഉറച്ച വയര്‍, അമിതമായ വിശപ്പ് , മധുരമുള്ളതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണത്തോട് ആസക്തി എന്നിവ കോര്‍ട്ടിസോള്‍ ബെല്ലിയുടെ ലക്ഷണങ്ങളാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിശോധനകളിലൂടെ കോര്‍ട്ടിസോള്‍ മൂലമുണ്ടാകുന്ന വീക്കം ഉണ്ടോ അല്ലെങ്കില്‍ തടിച്ച വയര്‍ വയറിലെ കൊഴുപ്പ് മാത്രമാണോ എന്ന് അറിയാന്‍ സാധിക്കും. വ്യായാമം ചെയ്തിട്ടും കുറയാത്ത വയറിലെ കൊഴുപ്പ്, മുഖത്തും കഴുത്തിലും ഉണ്ടാകുന്ന തടിപ്പ്, സ്ഥിരമായ ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം, പഞ്ചസാരയോട് തോന്നുന്ന അമിത ആസക്തി എന്നിവയും ഇതിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.

 

എങ്ങനെയാണ് ഈ വീക്കം ഉണ്ടാക്കുന്നത്? 

 

വിട്ചുമാറാത്ത സമ്മര്‍ദം, ഉറക്കക്കുറവ് എന്നിവയാണ് വയറിലെ ഇത്തരത്തിലുള്ള വീക്കത്തിന് പ്രധാന കാരണം. സമ്മര്‍ദം കുറയ്ക്കാന്‍ യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുക, ദിവസം 7, 8മണിക്കൂര്‍ ഉറക്കവും വേണം. നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നതും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നും നല്ലാതാണ്. ഒപ്പം മിതമായ രീതിയിലുള്ള വ്യായാമം ശീലമാക്കുക

 

ആന്‍റി ഇൻഫ്ലമേറ്ററി ഡയറ്റ്?

 

ശരീരത്തിലെ വിട്ടുമാറാത്ത വീക്കം (Chronic Inflammation) കുറയ്ക്കാനും, സന്ധിവാതം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണരീതിയാണ് ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റ്. പച്ചക്കറികൾ, പഴങ്ങൾ, ഒലിവ് ഓയിൽ, നട്‌സ്, ഫാറ്റി ഫിഷ്, ധാന്യങ്ങൾ എന്നിവ ഈ ഡയറ്റില്‍ പ്രധാനമാണ്.  സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ചുവന്ന മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ അത്യാവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, ചെറു ധാന്യങ്ങൾ, ആന്‍റി ഓക്സിഡന്‍റുകൾ ധാരാളം അടങ്ങിയ അവക്കാഡോ, ബ്ലൂ ബെറി, മുന്തിരി, കാൻ ബെറി, ആപ്പിൾ, സിട്രസ് പഴങ്ങൾ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ, വൈറ്റമിൻ എ, സി എന്നിവയുടെ സ്രോതസ്സായ കാപ്സിക്കം, വൈറ്റമിൻ സി ധാരാളം അടങ്ങിയ ഉള്ളി എന്നിവയൊക്കെ നീരുവീക്കം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. പ്രോ ബയോട്ടിക്‌ വിഭാഗത്തിൽപെടുന്ന ഓട്സ്, വാഴപ്പഴം, യോഗർട്ട് എന്നിവയും ശീലമാക്കാം.∙ കൊഴുപ്പ് ലഭിക്കാൻ ഒലിവ് എണ്ണ, കടൽ മത്സ്യങ്ങളായ ചൂര, അയല എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ചിയ സീഡ്, ഫ്ലാക്സീഡ് തുടങ്ങിയവയും സഹായിക്കും.∙ വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നിവ ആഹാരത്തില്‍ ഉറപ്പാക്കണം. കുരുമുളകിൽ കാണപ്പെടുന്ന പൈപ്പെറിൻ എന്ന സംയുക്തത്തിന്‌ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്‌. ഗ്രീൻ ടീ, മഞ്ഞൾ ചേർത്ത പാൽ, ജിൻജർ ടീ തുടങ്ങിയവ കുടിക്കുന്നതും ഗുണം ചെയ്യും. അതേസമയം സോഡ, മധുരമുള്ള പാനീയങ്ങള്‍, വറുത്ത സാധനങ്ങള്‍, ബര്‍ഗര്‍, സോസേജ് എന്നീ ഭക്ഷണപദാര്‍ത്ഥങ്ങളുടെ അളവ് പരിമിതപ്പെടുത്തേണ്ടതാണ്. 

 

നല്ല ഉറക്കം 

 

എല്ലാ രാത്രിയിലും 7-9 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. സ്ഥിരമായ ഉറക്കം മൈക്രോബയോം വൈവിധ്യത്തെയും ബ്യൂട്ടറേറ്റ് ഉൽപാദനത്തെയും പിന്തുണയ്ക്കുന്നു, ഇത് വീക്കം ചെറുക്കാൻ സഹായിക്കുന്നു. അതോടൊപ്പം ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. ഒരു ഡോക്ടറെ സമീപിച്ചതിന് ശേഷം ആവശ്യമെങ്കില്‍ സപ്ലിമെന്‍റുകളും എടുക്കാം.

ENGLISH SUMMARY:

Reducing belly fat is a common concern for many, and understanding its causes like chronic stress and poor lifestyle habits is crucial. This article explores how to address excess abdominal fat through dietary changes and lifestyle adjustments, including the benefits of an anti-inflammatory diet and ensuring adequate sleep