ഇന്ത്യയില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രണ്ടാമത്തെ അര്‍ബുദമാണ് ഗര്‍ഭാശയ ഗള അര്‍ബുദം അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗത്തെ പ്രതിരോധിക്കാനുളള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗമാണ് ആദ്യലൈംഗിക ബന്ധത്തിനു മുമ്പ് നല്കുന്ന വാക്സീന്‍.
സ്ത്രീകളിലും പുരുഷന്മാരിലും സര്‍വസാധാരണയായി കാണുന്ന അണുബാധയാണ് എച്ച് പി വി അഥവാ ഹ്യൂമന്‍ പാപ്പിലോമ വൈറസ് . നൂറുകണക്കിന് വകഭേദങ്ങളുളള ഈ വൈറസിനെ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം വലിയൊരളവ് വരെ സ്വാഭാവികമായി നീക്കും. രോഗം ബാധിക്കുന്നവരില്‍ 5 ശതമാനത്തിന് പക്ഷേ കാന്‍സറായി മാറുന്നു.
നമ്മുടെ രാജ്യത്ത് ഒരോ വര്‍ഷവും ഒന്നരലക്ഷത്തോളം സ്ത്രീകള്‍ക്ക് ഗര്‍ഭാശയ ഗള കാന്‍സര്‍ കണ്ടെത്തുന്നതായും 75000ത്തോളം പേര്‍ മരിക്കുന്നതായും ആണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍. ഇവിടെയാണ് 100 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞിട്ടുളള പ്രതിരോധ കുത്തിവയ്പിന്‍റെ പ്രസക്തി. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമായതുകൊണ്ടാണ് ആദ്യ ലൈംഗിക ബന്ധത്തിനും മുമ്പ് വിദ്യാര്‍ഥിനികള്‍ക്ക് വാക്സീന്‍ നല്കുന്നത്.
അമേരിക്കയും ബ്രിട്ടണും അടക്കം 58 വികസിത രാജ്യങ്ങളില്‍ ഇതിനകം കുത്തിവയ്പ് നല്കിയിട്ടുണ്ട്. ചുരുങ്ങിയത് എട്ടുവര്‍ഷം പ്രതിരോധം ലഭിക്കും. നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം, പ്രത്യേകിച്ച് 18 വയസിനു താഴെയുളളവരില്‍ ,
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം , ഗര്‍ഭനിരോധന ഗുളികളുടെ അമിത ഉപയോഗം, രോഗപ്രതിരോധ ശേഷിക്കുറവ് ഇതെല്ലാം അണുബാധയ്ക്ക് കാരണമാകാം.
അണുബാധ സംഭവിച്ചശേഷം വാക്സീന്‍ ഫലപ്രദമല്ല. യോനി , വായ, തൊണ്ട , മലാശയം എന്നിവടങ്ങിലായി ബാധിക്കുന്ന എട്ടുതരം കാന്‍സറുകള്‍ക്ക് ഈ വാക്സീന്‍ ഫലപ്രദമാണ്. പുരുഷന്മാരിലും വാക്സീന്‍ ഫലപ്രമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടു ഡോസായി വാക്സീന്‍ പൂര്‍ണ സുരക്ഷിതമാണെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നു.