rinku-singh-father

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിന്‍റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പിതാവിന്റെ വിയോഗത്തെത്തുടർന്ന് ചെന്നൈയിൽ ട്വന്‍റി20 ലോകകപ്പ് ക്യാംപിലായിരുന്ന റിങ്കു സിങ് നാട്ടിലേക്ക് തിരിച്ചു.

ഒരുവര്‍ഷത്തിലേറെയായി ലിവര്‍ കാന്‍സറിനോട് പൊരുതുകയായിരുന്നു ഖാന്‍ചന്ദ് സിങ്. അസുഖം കണ്ടെത്തിയപ്പോഴേക്കും നാലാം ഘട്ടത്തിലെത്തിയിരുന്നു.  അസുഖം മൂര്‍ച്ഛിച്ചതോടെ ഗ്രേറ്റർ നോയിഡയിലെ യതാർത്ഥ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ചികിത്സ. ലോകകപ്പ് ക്യാംപിലായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് 24ന് നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നുവെങ്കിലും മരണവാർത്ത അറിഞ്ഞതോടെ പുലര്‍ച്ചെ തന്നെ വീണ്ടും അലിഗഡിലേക്ക് തിരിച്ചു. സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ റിങ്കു സിങ് കളിച്ചിരുന്നില്ല. പകരം സഞ്ജു സാംസണും അക്സര്‍ പട്ടേലും ടീമിലിടം പിടിച്ചിരുന്നു. 

പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ജോലി ചെയ്താണ് ഖാന്‍ചന്ദ് മകനെ ക്രിക്കറ്റ് താരമാക്കിയത്.  കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം നിർത്തിയിരുന്നു. ക്രിക്കറ്റ് ലോകത്തെ നിരവധി താരങ്ങൾ ഖാന്‍ചന്ദ് സിങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.