തൊണ്ടയിൽ ഐസ്ക്രീം കുടുങ്ങിയ ആറാം ക്ലാസുകാരന് രക്ഷകനായി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ. എറണാകുളം പറവൂർ ചെമ്മായത്ത് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. സൂപ്പർ മാർക്കറ്റ് ഉടമയായ ശ്യാമിന്‍റെ സമയോചിത ഇടപെടലാണ് പതിനൊന്നുകാരന്‍ റിദെയ്‌നിന് രക്ഷയായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ദൃശ്യങ്ങളില്‍ റോഡരികില്‍ നിന്ന് കുട്ടി ഐസ്ക്രീം കഴിക്കുന്നതും പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കാണാം. ഐസ്ക്രീം വലിച്ചെറിഞ്ഞ് തുടരെ ചുമയ്ക്കുന്നതും വെപ്രാളത്തില്‍ വെള്ളം കുടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉടമ കുട്ടിക്ക് രക്ഷകനായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കണ്ണൂർ പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് ഒരു കൂട്ടം യുവാക്കൾ രക്ഷകരായതും വാര്‍ത്തയായിരുന്നു.
ഭക്ഷണം തൊണ്ടയില്‍ കുടങ്ങി ശ്വാസം കിട്ടാതായാൽ നാലു മുതൽ എട്ടു മിനിറ്റ് വരെ മാത്രമേ ജീവനു പിടിച്ചുനിൽക്കാൻ സാധിക്കൂ. ഈ സമയം സംസാരിക്കാനോ ശ്വാസമെടുക്കാനോ പ്രയാസമുണ്ടാകും. ശ്വാസം ലഭിക്കാതെ രോഗിയുടെ മുഖം നീലനിറമാകുകയോ ബോധം മറയുകയോ ചെയ്യാം. ഈ കുറഞ്ഞ സമയത്തിനകം അടിയന്തര ശുശ്രൂഷ ലഭിച്ചിരിക്കണം. ഇതിനായുള്ള രീതിയാണ് ഹെംലിക് മെനൂവർ (THE HEIMLICH MANOEUVRE). ഇത് ശ്വാസനാളത്തിലെ വായുസഞ്ചാരം സുഗമമാക്കും.
ഹെംലിക് മെനൂവർ
ശ്വാസതടസ്സമനുഭവപ്പെടുന്നയാളുടെ പിന്നിൽ ശുശ്രൂഷകൻ നിന്ന് രണ്ടു കയ്യും മുന്നോട്ടെടുത്തു രോഗിയെ ചുറ്റിപ്പിടിക്കുകയാണു വേണ്ടത്. ഒരു കൈ മുഷ്‌ടി ചുരുട്ടി, തള്ളവിരലിന്റെ ഭാഗം രോഗിയുടെ വയറിൽ ചേർത്തു പിടിക്കണം. വാരിയെല്ലിനു താഴെയും പൊക്കിളിനു മുകളിലുമായി കൈ വരേണം. മറ്റേ കൈകൊണ്ട് ഈ മുഷ്‌ടിക്കു മുകളിലായി മുറുകെ പിടിക്കുക. വാരിയെല്ല് ഞെങ്ങാതെ വയറിലേക്കു ബലം കൊടുക്കുക. മുഷ്‌ടി പെട്ടെന്നു മുകളിലേക്കും താഴേക്കും നീക്കുക. കുടുങ്ങിയിരിക്കുന്ന വസ്‌തു പുറത്തുവരുംവരെ ഇതു തുടരുക. വാരിയെല്ലിൽ ബലം വരരുത്. തുടര്‍ന്ന് വൈദ്യസഹായം തേടുകയും വേണം. ശ്വാസതടസ്സം മാറുന്നില്ലെങ്കിൽ ഉടൻ കൃത്രിമശ്വാസോച്‌ഛ്വാസവും സിപിആറും നല്‍കണം. ഉടൻ വൈദ്യസഹായം തേടുകയും വേണം.
അതേസമയം, രോഗിക്ക് ബോധക്ഷയം സംഭവിച്ചാല്‍. ആളെ നിലത്തു നിവർത്തിക്കിടത്തി കാൽമുട്ടിന്റെ മുകൾഭാഗത്തായി ശുശ്രൂഷകൻ കയറിയിരിക്കണം. വാരിയെല്ലുകൾക്കു താഴെയും പൊക്കിളിനു മുകളിലുമായി കൈപ്പടം കമഴ്‌ത്തിവച്ച് ഇതിനു മുകളിലേക്കു മറ്റേ കയ്യും വച്ച് ശരീരഭാരം കൊടുത്തു മുകളിലേക്ക് അമർത്തുക.
കുഞ്ഞുങ്ങള്‍ എന്തെങ്കിലും വിഴുങ്ങിയാലാകട്ടെ, മുഖമുയർത്തിക്കിടത്തുകയോ, മടിയിൽ മുഖം പുറത്തേക്കാക്കി ഇരുത്തുകയോ ചെയ്യുക. ശേഷം രണ്ടു കൈകളുടെയും നടുവിരലും ചൂണ്ടുവിരലും ചേർത്തു മുകളിലേക്കു ബലം കൊടുത്ത് (എങ്കിലും മൃദുവായി) അമർത്തുക. കുഞ്ഞിനെ ഒരു കയ്യിൽ കമിഴ്‌ത്തിക്കിടത്തി മറുകൈപ്പത്തിയുടെ ചുവടുഭാഗംകൊണ്ടു പുറത്തു തട്ടുകയും ചെയ്യാം.
കുഞ്ഞിന് ബോധമില്ലെങ്കിൽ താടി പൊക്കിവച്ചു കിടത്തുക. ശുശ്രൂഷകന്റെ കൈവിരൽ വായിലോ മൂക്കിലോ ഇട്ടു വസ്‌തു പുറത്തെടുക്കാനാകുമോ എന്നു നോക്കാം. പക്ഷേ വിരലിട്ടു പരതരുത്. കൃത്രിമശ്വാസോച്‌ഛ്വാസം നൽകണം. തുടർന്ന് നടുവിരലും ചൂണ്ടുവിരലും ചേർത്തു കുഞ്ഞിന്റെ നെഞ്ചിൽ അമർത്തുക. വിരലുകൾ എടുക്കാതെതന്നെ ഇത് അയച്ചുവിടാം. വീണ്ടും അമർത്തുകയും അയയ്‌ക്കുകയും ചെയ്യുക. ഇടയ്‌ക്കു ശ്വാസം നൽകുകയും ചെയ്യണം. ഉടൻ വിദഗ്‌ധ സഹായം തേടുക.
രോഗിയുടെ പുറകിൽ വെറുതെ അടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഗർഭിണികളുടെയോ അമിതവണ്ണമുള്ളവരുടെയോ തൊണ്ടയിൽ എന്തെങ്കിലും വസ്‌തു കുടുങ്ങിയാൽ വയറിനേക്കാൾ നെഞ്ചിൽ അമർത്തുന്ന രീതിയിലാണു നല്ലത്.