ബ്ലൂടുത്തിങ് അല്ലെങ്കില്‍ ഹോട്ട്സ്പോട്ടിങ് എന്ന് കേട്ടിട്ടുണ്ടോ? സാധാരണ ഫോണില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ അല്ല ഇത്. യുവാക്കളുടെ ആരോഗ്യത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു മയക്കുമരുന്ന് ഉപയോഗ രീതിയാണ്.ഇന്ന് യുവാക്കള്‍ക്കിടയില്‍ ഈ പേരുകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. ലോകത്ത് വളരെ പെട്ടന്ന് എച്ച്ഐവി പടരാനും ഈ പ്രവണത കാരണമാകുന്നുണ്ട്.
യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗത്തിന്റെ പുതിയ പേരാണ് ബ്ലൂടുത്തിങ്. അതായത് ലഹരി ഉപയോഗിച്ച വ്യക്തിയുടെ രക്തമെടുത്ത് ശരീരത്തില്‍ കുത്തിവച്ച് ലഹരികണ്ടെത്തുന്ന ഒരുതരം പ്രവണതയാണിത്. ഫ്ലാഷ് ബ്ലഡിംഗ് അല്ലെങ്കിൽ ഹോട്ട്‌സ്‌പോട്ടിങ് എന്നും ഈ രീതി അറിയപ്പെടുന്നു. ദക്ഷിണാഫ്രിക്ക, ഫിജി എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളില്‍ എച്ച്ഐവി കുത്തനെ കൂടാന്‍ ഇത് കാരണമായിട്ടുണ്ട്. ഫിജിയിൽ 2014 നും 2024 നും ഇടയിൽ എച്ച്ഐവി അണുബാധയിൽ ഏകദേശം 10 മടങ്ങ് വർദ്ധനവ് ഉണ്ടയതായാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഫിജിയിലെ ആരോഗ്യ-മെഡിക്കൽ സർവീസസ് മന്ത്രാലയം റിപ്പോർട്ട് ചെയ്ത 1,093 പുതിയ എച്ച്ഐവി കേസുകളിൽ 223 എണ്ണം മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ്. മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം രക്തം എടുത്ത് രണ്ടാമത്തെ വ്യക്തിയിലേക്ക് കുത്തിവയ്ക്കുന്ന 'ബ്ലൂടൂത്തിങ്' എന്ന ലഹരി ഉപയോഗ രീതിയാണ് ഇത്തരത്തില്‍ അണുബാധ വര്‍ധിക്കാന്‍ കാരണം എന്നാണ് കണ്ടെത്തല്‍.
ഇത് മാത്രമല്ല രക്തത്തിലൂടെ പകരുന്ന മാരകമായ രോഗങ്ങൾ അതിവേഗം വ്യാപിക്കാനും ഇത് കാരണമാകുന്നുണ്ട്. അണുവിമുക്തമല്ലാത്ത ഒരേ സൂചി ഒന്നിലധികം പേർ ഉപയോഗിക്കുമ്പോൾ രോഗവ്യാപന സാധ്യത വളരെ കൂടുതലാണ്. സെപ്സിസ് പോലുള്ള മറ്റ് ജീവന് ഭീഷണിയായ അണുബാധകൾക്കും ഈ ലഹരി ഉപയോഗം വഴിവെച്ചേക്കാം.
ലഹരി മരുന്നുകളുടെ ലഭ്യത കുറഞ്ഞതും വില കൂടിയതുമാണ് യുവാക്കള്‍ ഇത്തരം പ്രവണതകളിലേക്ക് കടക്കാന്‍ പ്രധാന കാരണം. മാത്രമല്ല ലഹരിക്ക് അടിമപ്പെട്ടവർക്കിടയിലെ തെറ്റിദ്ധാരണകളും വിവരമില്ലായ്മയും അപകടസാധ്യത വീണ്ടും വർദ്ധിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ തടയാനായി യുവാക്കൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നൽകേണ്ടതും, ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും സഹായവും നൽകേണ്ടതും അത്യാവശ്യമാണ്.