കഞ്ചാവ് കൈവശംവെച്ച കേസിൽ അറസ്റ്റിലായ മകൻ ആദം ഷീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടിനി ടോം. ഫെയ്സ്ബുക് കുറിപ്പിലാണ് മകന് പിന്തുണയര്‍പ്പിച്ച് ടിനി രംഗത്തുവന്നത്. എംജി സര്‍വകലാശാല കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവച്ചാണ് കുറിപ്പ്. എല്ലാം കാലം തെളിയിക്കുമെന്നും അപ്പൻ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.
'മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴും എന്റെ ഹീറോയാണ്. സങ്കീർത്തനം 91: അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ', ടിനി കുറിച്ചു.
ലഹരിക്കെതിരായ പോലീസിന്റെ 'യോദ്ധാവ്' ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം. ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു.