തിരൂർ പൊറ്റിലത്തറയില്‍ പെട്രോളിങ്ങിലായിരുന്ന പൊലീസ് വാഹനം സമീപത്തുകൂടി കടന്നുപോകുന്ന കാറിനുള്ളില്‍ ഇരിക്കുന്ന യുവാവിനെ കണ്ട് വണ്ടി സൈഡാക്കി. തന്നെ പൊലീസ് നോക്കുന്നുണ്ടെന്ന് കണ്ട യുവാവ് കാറില്‍ നിന്ന് ഇറങ്ങിയോടി. നിമിഷനേരം കൊണ്ട് പൊലീസ് അയാളെ പിടിക്കുന്നു. എന്തിനാടാ നീ ഓടിയതെന്നുള്ള ചോദ്യത്തിന് പേടിച്ചിട്ടാ സാറേ എന്നായിരുന്നു മറുപടി. യുവാവിന്‍റെ കാര്‍ പരിശേധിച്ച പൊലീസ് ഗിയറിനു സമീപം ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. പിടിയിലായ തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെ പൊലീസ് ശരിക്കും ഒന്ന് ചോദ്യം ചെയ്തു. പിന്നെ മണി മണി പോലെ കാര്യങ്ങള്‍ വ്യക്തമാക്കി. കാറില്‍ മാത്രമല്ല ഇയാള്‍ എംഡിഎംഎ ഒളിപ്പിച്ചത്. പ്രതിശ്രുത വധുവിന്‍റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ സൂക്ഷിച്ചിരിക്കുന്നു.
കൊടയ്ക്കൽ ഭാഗത്തുള്ള പ്രതിശ്രുത വധുവിന്‍റെ വീട്ടിലെ മുകൾനിലയിലുള്ള ശുചിമുറിയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. യൂറോപ്യൻ ക്ലോസറ്റിനുള്ളില്‍ ഒളിപ്പിച്ച 1.55 ഗ്രാം എംഡിഎംഎ വീട്ടിലെത്തി പൊലീസ് കണ്ടെടുത്തു.