anju-krishnana

TOPICS COVERED

ചെന്നൈയിൽ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ അറസ്റ്റിലായതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് നടി അഞ്ജു കൃഷ്ണ അശോക്. അറസ്റ്റിലായ അഞ്ജുവിന്റെ ചിത്രങ്ങൾക്കു പകരം അഞ്ജു കൃഷ്ണ അശോകിന്റെ ചിത്രങ്ങളാണ് ചില ഹിന്ദി, തെലുങ്ക് മാധ്യമങ്ങൾ തെറ്റായി നൽകിയത്. ചിത്രങ്ങൾ മോശമായി പ്രചരിച്ചതോടെ സ്വന്തം അക്കൗണ്ടും നടി പ്രൈവറ്റ് ആക്കി.

2023ൽ തൃക്കാക്കരയിൽ എംഡിഎംഎയുമായി നാടക നടി അഞ്ജു കൃഷ്ണ പിടിയിലായപ്പോഴും പഴി കേൾക്കേണ്ടി വന്നത് അഞ്ജു കൃഷ്ണ അശോകിനായിരുന്നു. അന്നും നടിയുടെ പേര് വച്ച് സമൂഹ മാധ്യമങ്ങളിലടക്കം തെറ്റായ വാർത്തകൾ വന്നു. ആ നടി താനല്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഈ രീതി തുടര്‍ന്ന് പോയാല്‍ നിയപരമായി നടപടി സ്വീകരിക്കാൻ നിര്‍ബന്ധിതയാകുമെന്നും അഞ്ജുവിന് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

ജോജു ജോർജ് അഭിനയിച്ച ‘ആരോ’ തമിഴ് ചിത്രമായ ‘വെള്ളിമലൈ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അഞ്ജു കൃഷ്ണയാണ് ഇപ്പോൾ ലഹരി കേസിൽ അകത്തായത്. ചെന്നൈയിൽ വച്ചാണ് ഇവർ പിടിയിലായത്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ എന്നയാളെ ആദ്യം പിടികൂടിയതോടെയാണ് വലിയ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ENGLISH SUMMARY:

Malayala Manorama Online News reports on the confusion surrounding the arrest of actress Anju Krishna in a Chennai drug bust, with some media outlets mistakenly using photos of actress Anju Krishna Ashok. This is not the first time Anju Krishna Ashok has faced reputational damage due to similar incidents involving individuals with the same name.