എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ലോകത്ത് ഏറ്റവും പൊതുവായി കാണപ്പെടുന്ന മൂന്നാമത്തെ ആരോഗ്യ പ്രശ്നമാണ് മൈഗ്രേൻ. സമൂഹത്തിലെ 15 മുതല്‍ 25 ശതമാനം പേരെ ബാധിക്കുന്ന നാഡീവ്യൂഹസംബന്ധമായ അവസ്ഥയാണ്. നിലവില്‍ മൈഗ്രേന്‍ കുറയ്ക്കാനായി ലളിതവും സൗജന്യവുമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പരമ്പരാഗത മാര്‍ഗങ്ങളേക്കാള്‍ ഇരട്ടി ഫലപ്രദമാണെന്ന് കരുതുന്ന ഈ രീതി യഥാര്‍ഥത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് (ആപ്പ്). പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ (പിഎംആർ) തെറാപ്പിയിലൂടെ മൈഗ്രേനിന് പരിഹാരം കാണുന്ന ആപ്പാണ് എൻയുയു ലാംഗോൺ ഹെൽത്തിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്. അടുത്തിടെ നടത്തിയ പഠനത്തിൽ ആപ്പ് ഉപയോഗിച്ച് 60 ദിവസം പിഎംആർ തെറാപ്പി പരിശീലിച്ച രോഗികളില്‍ മൈഗ്രേന്‍ മൂലമുണ്ടാകുന്ന തലവേദന ഏകദേശം 50 ശതമാനം കുറഞ്ഞതായി പഠനം പറയുന്നു.
മൈഗ്രേനിനായി ആപ്പ്
ആപ്പിളിന്‍റെയും ഗൂഗിളിന്‍റെയും ആപ്പ് സ്റ്റോറുകളിൽ സൗജന്യമായി ലഭ്യമാകുന്ന 'RELAXaHEAD' ആപ്പാണ് പഠനത്തിനായി ഉപയോഗിച്ചത്. ഉപയോക്താവിനെ പിഎംആര്‍ തെറാപ്പി ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് ആപ്പ് ചെയ്യുന്നത്. ഇതിനായുള്ള ഓഡിയോകള്‍ ഇതില്‍ ലഭ്യമാണ്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ബ്രീത്തിങ് സെഷന്‍, ആറ് മിനിറ്റ് പിഎംആർ സെഷൻ, 12.5 മിനിറ്റ് പിഎംആർ സെഷൻ, 8.5 മിനിറ്റ് മസിൽ സ്കാൻ സെഷൻ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല തലവേദന അനുഭവപ്പെടുന്ന ദിവസങ്ങൾ, ഉറക്കം, മരുന്നുകൾ, മരുന്നുകളുടെ പാർശ്വഫലങ്ങള്‍, ആർത്തവം എന്നിവ രേഖപ്പെടുത്താനും ആപ്പില്‍ സാധിക്കും. ശരീരത്തിലെ പേശികളെ കുറച്ച് സെക്കൻഡ് നേരത്തേക്ക് ക്രമാനുഗതമായി സ്കാന്‍ ചെയ്ത് പിരിമുറുക്കം കുറയ്ക്കുകയാണ് പിഎംആര്‍ തെറാപ്പിയിലൂടെ ചെയ്യുന്നത്.
പഠനം
2019 നും 2021 നും ഇടയിൽ മൈഗ്രേൻ കാരണം ലാംഗോൺ ഹെൽത്തിന്റെ അത്യാഹിത വിഭാഗത്തിലെത്തിയ 18 നും 65 നും ഇടയിൽ പ്രായമുള്ളവരെയാണ് ആപ്പിന്‍റെ ക്ലിനിക്കൽ ട്രയലിൽ ഉൾപ്പെടുത്തിയത് ഇവരോട് ആപ്പ് ഉപയോഗിക്കാനും ദിവസവും കുറച്ചു നേരം പിഎംആര്‍ ചെയ്യാനും ഒരു റിപ്പോട്ടിങ് ഡയറിയായി ആപ്പ് ഉപയോഗിക്കാനും നിര്‍ദേശിച്ചു. ശേഷം മൈഗ്രേൻ ഡിസെബിലിറ്റി അസസ്മെന്റ് സ്കോർ ഉപയോഗിച്ച് ഇത് വിശകലനം ചെയ്തു. പിഎംആർ തെറാപ്പി പരിശീലിക്കുന്നവരിൽ 82% പേര്‍ക്കും കാര്യമായ പുരോഗതിയുണ്ടായതായി പഠനത്തില്‍ തെളിഞ്ഞു. തെറാപ്പി കൂടുതല്‍ തവണ ചെയ്തവരില്‍ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടായതായും ഗവേഷണ സംഘം കണ്ടെത്തി. മൈഗ്രേൻ കൈകാര്യം ചെയ്യുന്നതിനും മരുന്നുകളില്ലാതെ കുറയ്ക്കുന്നതിനും വെറും സ്മാർട്ട്‌ഫോൺ ഉപയോഗിച്ചുള്ള ഈ രീതി ഫലപ്രദമായിരിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഡോ. മിയ മിനെൻ പറയുന്നത്.
എന്താണ് മൈഗ്രേൻ?
സാധാരണയായി തലയുടെ ഒരു വശത്ത് ഉണ്ടാകുന്ന കഠിനമായ വേദനയാണ് മൈഗ്രേൻ. നാഡീവ്യൂഹസംബന്ധമായ അവസ്ഥയാണിത്. ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുക, ആവശ്യത്തിലധികം വ്യായാമം, വൈകാരിക സമ്മര്‍ദം, തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, ചില മണങ്ങള്‍, ഹോര്‍മോണല്‍ മാറ്റങ്ങള്‍, ആര്‍ത്തവം, നിര്‍ജലീകരണം, കഫെയ്ന്‍, ചോക്ലേറ്റ്, ചീസ്, അച്ചാര്‍, സംസ്കരിച്ച മാംസം പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ പലരിലും മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. തലവേദനയ്ക്ക് പുറമേ മനംമറിച്ചില്‍, ഛര്‍ദ്ദി, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം, കൈകാലുകളിൽ മരവിപ്പ്, കാഴ്ചയിലെ മാറ്റങ്ങള്‍ എന്നിവയ്ക്കും മൈഗ്രേൻ കാരണമാകുന്നു.
മൈഗ്രേൻ തീവ്രത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പൊതുവേ തലയിൽ നിന്ന് കണ്ണുകൾ, മുഖം, സൈനസുകൾ, താടിയെല്ല്, കഴുത്ത് എന്നിവിടങ്ങളിലേക്ക് വേദന വ്യാപിക്കും. മൈഗ്രേൻ വരുന്നതിനു മുമ്പ്, രോഗികൾക്ക് ക്ഷീണം തോന്നാം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, കഴുത്ത് വേദന, കാഴ്ചയില്‍ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാകാം. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെയും മൈഗ്രേൻ വരാം. മൈഗ്രേനിന്‍റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്. വേദന മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടുനിൽക്കുകയും ചെയ്യാം. വേദനസംഹാരികൾ, ജീവിതശൈലി മാറ്റങ്ങൾ തുടങ്ങിയവ ഈ വേദനയെ നേരിടാൻ സഹായിക്കും.
പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ (പിഎംആർ)
1920 കളുടെ തുടക്കത്തിൽ ഡോ. എഡ്മണ്ട് ജേക്കബ്സൺ ആണ് പിഎംആർ വികസിപ്പിച്ചെടുത്തത്. 1929 ൽ അദ്ദേഹം പ്രോഗ്രസീവ് റിലാക്സേഷൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 14 വ്യത്യസ്ത പേശി ഗ്രൂപ്പുകളെ മാറിമാറി റിലാക്സ് ചെയ്യുന്ന വിശ്രമ രീതിയാണിത്. ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും ചികിത്സിക്കുന്നതിനാണ് പിഎംആർ ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാൽ അടുത്തിടെ ടെൻഷൻ, തലവേദന, മൈഗ്രേൻ, ടെമ്പോറോമാണ്ടിബുലാർ ജോയിന്റ് ഡിസോർഡർ (ടിഎംജെ), കഴുത്ത് വേദന, ഉറക്കമില്ലായ്മ, ബൈപോളാർ ഡിസോർഡർ, ഉത്കണ്ഠ, നടുവേദന, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ചികിത്സിക്കുന്നതിനും ഇത് ഫലപ്രദമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.