സമൂസ, ജിലേബി, ലഡു പാക്കറ്റുകളില്‍ കൊഴുപ്പിന്‍റെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് സന്ദേശം നിര്‍ബന്ധമാക്കിയതായുള്ള റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. തൊഴിലിടങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് ജോലിസ്ഥലത്ത് ലോബികളിലും, കന്റീനുകളിലും മീറ്റിങ് ഹോളുകളിലും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ വിവരങ്ങളും അതിന്‍റെ ദോഷങ്ങളും രേഖപ്പെടുത്തണം. പൊണ്ണത്തടി കുറയ്ക്കാനുള്ള ഓര്‍മപ്പെടുത്തലായി മാത്രമാണ് ഇത് കാണേണ്ടത്. വില്‍പനയ്ക്കുള്ള ഭക്ഷണപദാര്‍ഥങ്ങളില്‍ ഇത്തരം ലേബലുകള്‍ വയ്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. ഇന്ത്യന്‍ പലഹാരങ്ങളെയോ സമ്പന്നമായ ഭക്ഷണ സംസ്കാരത്തേയോ മോശമാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില പലഹാരങ്ങളില്‍ മുന്നറിയിപ്പ് സന്ദേശം വേണമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു