യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ മുറിവൈദ്യന്മാരെക്കൊണ്ട് പൊറുതിമുട്ടുകയാണ് ആളുകള്‍. എന്ത് രോഗത്തിനും വീട്ടിലെ പൊടിക്കൈ പ്രയോഗങ്ങളാണ് ഈ വൈദ്യന്മാര്‍ കല്‍പ്പിക്കുന്ന മരുന്ന്. അതിപ്പോ അതിരുവിട്ട് ആളുകളെ രോഗികളാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് മൂത്രം കൊണ്ടുള്ള കണ്ണ് കഴുകലായിരുന്നു. കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് അറപ്പും സംശയവും തോന്നുന്ന കാര്യം ലൈവായി കാണിച്ചുതരികയാണ് ഒരു സ്ത്രീ.
അതിരാവിലത്തെ മൂത്രം ഒരു പാത്രത്തില്‍ ശേഖരിക്കണം. പിന്നീടത് രണ്ട് ചെറിയ കപ്പുകളിലാക്കി കണ്ണുകളിലേക്ക് ചേര്‍ത്തുപിടിക്കുകയാണ്. മൂത്രം കണ്ണിനുള്ളിലേക്ക് പോകണമെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് ഉണങ്ങിയ തുണികൊണ്ട് തുടച്ച് കൈകള്‍ കണ്ണിനുമുകളില്‍ ചേര്‍ത്ത് പിടിക്കണം. ഇങ്ങനെ മൂത്രം ഉപയോഗിച്ച് കഴുകിയാല്‍ കണ്ണുകള്‍ ആരോഗ്യത്തോടെയിരിക്കുമെന്നാണ് ഇവരുടെ വാദം. പത്തുദിവസം മൂത്രം കുടിച്ചപ്പോള്‍ തന്‍റെ ശരീരത്തിന് നിറംവച്ചു എന്ന് പറഞ്ഞ് മറ്റൊരു വിഡിയോയും ഇവര്‍ നേരത്തെ പങ്കുവച്ചിരുന്നു. പിന്നാലെയാണ് ഈ കടുംകൈ.
വിഡിയോ വൈറലായി, കൂടെ വിമര്‍ശനങ്ങളും കടുത്തപ്പോള്‍ ആ വിഡിയോ അപ്ലേഡ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തന്നെ ഇപ്പോള്‍ കാണാനില്ല. എന്നുവച്ചാല്‍ നാട്ടുകാരെ പറ്റിക്കാന്‍ മുറിവൈദ്യം പറഞ്ഞുതന്നയാള്‍ നില്‍ക്കക്കള്ളിയില്ലാതെ സ്ഥലം കാലിയാക്കി. ഇതൊന്നും ആരും പരീക്ഷക്കരുതേ എന്നാണ് പല ഡോക്ടര്‍മാരും വിഡിയോ റീഷെയര്‍ ചെയ്ത് എക്സിലടക്കം കുറിച്ചത്. എന്തൊക്കെയാണ് സ്വന്തം ശരീരത്തില്‍ പലരും കാട്ടിക്കൂട്ടുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ശരീരം പുറന്തള്ളുന്ന മാലിന്യമാണ് ഇങ്ങനെയെടുത്ത് വീണ്ടും ശരീരത്തിലേക്ക് കടത്തിവിടുന്നതെന്ന് ഓര്‍ക്കണം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ശരീരത്തിന് മൂത്രം ആവശ്യമാണെങ്കില്‍ അത് പുറത്തേക്ക് ഒഴുക്കിക്കളയില്ലല്ലോ, ശരീരത്തിന് വേണ്ടാത്തതുകൊണ്ടാണ് മൂത്രം പുറത്തേക്ക് വരുന്നത്. മിനിമം ഇക്കാര്യമെങ്കിലും മനസ്സിലാക്കണം എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
പലരും ഒരു വിഡിയോ കാണുമ്പോള്‍ കൂടുതല്‍ സമയവും കമന്‍റുകളാകും നോക്കുക. വിഡിയോയില്‍ പറയുന്നത് ശരിയാണോ എന്ന് ഒന്നുകൂടി ഉറപ്പിക്കാനാണിത്. അങ്ങനെ നോക്കിയാല്‍ ഈ വിഡിയോയ്ക്ക് താഴെ വന്നതുമുഴുവന്‍ ഇത് പരീക്ഷിക്കരുതേ എന്നാണ്. ചില പരമ്പരാഗത വൈദ്യപരീക്ഷണങ്ങളില്‍ മൂത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്, ശരിയാണ്. പക്ഷേ ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് നാളിതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. യൂറിയ, ഉപ്പ് തുടങ്ങി ശരീരം പുറന്തള്ളുന്ന മാലിന്യങ്ങള്‍, ബാക്ടീരിയ എന്നിങ്ങനെ നമ്മുടെ ശരീരത്തെ മോശമായി ബാധിക്കാവുന്ന കാര്യങ്ങളാണ് മൂത്രത്തിലുള്ളത്. ഇത് വീണ്ടും ശരീരത്തിലെത്തിയാല്‍ വൃക്ക സംബന്ധമായ രോഗങ്ങളടക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പറഞ്ഞുവന്നത്, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നുപറഞ്ഞിരിക്കാന്‍ നമ്മളായിട്ട് അവസരമൊരുക്കാതിരിക്കുക. സോഷ്യല്‍ മീഡിയയില്‍ കാണുന്ന മുറിവൈദ്യങ്ങളൊക്കെ പരീക്ഷിക്കാതിരിക്കുക. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് ഉണ്ടാക്കുക.